തെരെഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്തിറക്കിയോ...?
വിവരണം
REN 4 YOU എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 22 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 2300 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിലുള്ള വാർത്തയിതാണ്, ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്ത്. കേരളത്തിൽ 20 സീറ്റിലും സിപിഎം തോൽക്കും. ഞെട്ടിത്തരിച്ച് സിപിഎം ". ഇതേ പോസ്റ്റ് ഭാരതീയ ജനതാ പാർട്ടി (BJP), ബിജെപി കേരളം (BJP Kerala) എന്നീ പേജുകളിൽ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്.
തെരെഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാവരും റിസൾട്ടിനായി കാത്തിരിക്കുന്ന വേളയിൽ ഈ ഇന്‍റലിജൻസ് റിപ്പോർട്ട് ഏറെ പ്രസക്തമാണ്. കേരള പോലീസ് ഇന്‍റലിജൻസ് വിഭാഗത്തിന്‍റെത് എന്ന പേരിലുള്ള റിപ്പോർട്ടിന് ആധികാരികതയുണ്ട്. അവർ തെരെഞ്ഞെടുപ്പ് റിസൾട്ടിനെപ്പറ്റി റിപ്പോർട്ട് പുറത്തു നൽകിയോ... ഈ ഇന്‍റലിജൻസ് റിപ്പോർട്ട് സത്യമാണോ... നമുക്ക് അന്വേഷിച്ചു നോക്കാം...
വസ്തുതാ പരിശോധന
പ്രസ്തുത വാർത്തയെക്കുറിച്ച് ഞങ്ങൾ നിരവധി സ്രോതസ്സുകളിൽ അന്വേഷണം നടത്തി. ഒരിടത്തു നിന്നും അധികാരികതയുള്ള വിവരങ്ങൾ ലഭ്യമായില്ല. ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ തെരെഞ്ഞെടുപ്പ് വിശകലനം എന്ന പേരിൽ വിഭിന്നങ്ങളായ നിരവധി വാർത്തകൾ വാർത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ചിലതിൽ എൽഡിഎഫ് മുൻതൂക്കം നേടുമെന്നും മറ്റു ചിലതിൽ യുഡിഎഫ് മുൻതൂക്കം നേടുമെന്നും ഇതൊന്നുമല്ലാതെ ബിജെപിക്ക് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സീറ്റു ലഭിക്കുമെന്നും നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. അവയിൽ ചില വാർത്തകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.
archived link | mangalamepaper |
archived link | keralaonlinenews |
archived link | keralakaumudi |
മംഗളം ദിനപത്രമാണ് ഇന്‍റലിജൻസ് ബ്യുറോയുടെ പേരിൽ ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്.
മംഗളത്തിന്‍റെ വാർത്തയെ ആധാരമാക്കി മറ്റു മാധ്യമങ്ങൾ വർത്തകയുണ്ടാക്കുകയാണ് ചെയ്തത്.
കേരളകൗമുദി വാർത്തയുടെ സ്ക്രീൻഷോട്ട്
കേരള ഓൺലൈൻ വാർത്തയുടെ സ്ക്രീൻഷോട്ട്
എന്നാൽ ഇതൊന്നും സത്യമല്ലെന്നാണ് ഞങ്ങളുടെ പ്രതിനിധി തിരുവനന്തപുരത്തുള്ള സംസ്ഥാന ഇന്‍റലിജൻസ് ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. " സുരക്ഷ പ്രശ്നങ്ങൾ മൂലവും പലതിനും അതീവ രഹസ്യ സ്വഭാവമുള്ളതിനാലും ഇന്‍റലിജൻസ് റിപ്പോർട്ടുകൾ പരസ്യപ്പെടുത്താറില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ, ഉദാഹരണത്തിന് തീവ്രവാദവുമായി ബന്ധപ്പെട്ട് ആക്രമണ ഭീഷണി അല്ലെങ്കിൽ പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഇങ്ങനെയുള്ളപ്പോൾ മാത്രം സർക്കുലർ മാധ്യമങ്ങൾക്ക് നൽകാറുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പുറത്തു നൽകാവുന്ന രേഖകളൊന്നും ഞങ്ങളുടെ പക്കലില്ല. ഇന്‍റലിജൻസ് ബ്യുറോയുടെ പേരിൽ തെരെഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണ്. അതിനു യാതൊരു അധികാരികയുമില്ല"
കേരള പോലീസിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്‍റലിജൻസ് വിഭാഗമാണ് സ്പെഷ്യൽ ബ്രാഞ്ച് ക്രിമിനൽ ഇന്‍റലിജൻസ് ഡിപ്പാർട്ടുമെന്റ് (SBCID). എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മേധാവിയായിട്ടുള്ള ഈ വിഭാഗത്തിനു പ്രധാനമായും സംസ്ഥാന ഇന്‍റലിജൻസിന്റെയും സുരക്ഷയുടെയും ചുമതലയാണുള്ളത്. തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മറ്റു ദേശ വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഈ വിഭാഗം മുൻതൂക്കം നൽകുന്നു. ഇവിടെ നിന്നും എന്തൊക്കെ വിവരങ്ങൾ പൊതുജങ്ങളെ അറിയിക്കാം എന്ന് അന്തിമമായി തീരുമാനിക്കാനുള്ള അധികാരം ഡിപ്പാർട്ടുമെന്‍റിനുണ്ട്. വിവരാവകാശത്തിന്‍റെ പരിധിയിൽ ഇന്‍റലിജൻസ് വിഭാഗം പെടുന്നില്ല. അതിനാൽ പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വിവരം പൂർണമായും തെറ്റാണ്.
നിഗമനം
പോസ്റ്റിലുള്ളത് വ്യാജ വാർത്തയാണ്. ഇന്‍റലിജൻസ് വിഭാഗം ഇത്തരത്തിലൊരു വിവരം ആർക്കും കൈമാറിയിട്ടില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ തെരെഞ്ഞെടുപ്പ് ഫലങ്ങളെക്കുറിക്കുറിച്ച് മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ഒന്നുംതന്നെ അധികാരികതയില്ലാത്തതാണ്.
അതിനാൽ പ്രീയ വായനക്കാർ ഈ പോസ്റ്റ് പ്രചരിപ്പിക്കാൻ ശ്രമിക്കരുത് എന്ന് അപേക്ഷിക്കുന്നു
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ
Title:തെരെഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്തിറക്കിയോ...?
Fact Check By: Deepa MResult: False