FACT CHECK - ഇന്ത്യയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതും വില്‍ക്കുന്നതും നിയമപരമാക്കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം
കഞ്ചാവിന്‍റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഇതുപ്രകാരം ഒരു വീട്ടില്‍ ആറ് തൈകള്‍ വരെ നിയമപരമായി വളര്‍ത്താം.. എന്ന ഒരു വാര്‍ത്തയുടെ 10 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മലയാളത്തിലെ മുന്‍നിര വാര്‍ത്ത ചാനലായ 24 ന്യൂസിന്‍റെ വാര്‍ത്തയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം വൈറലായി പ്രചരിക്കുന്ന ഈ വീഡിയോ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലെയാണെന്നും കേരളത്തിലെ വാര്‍ത്തയാണിതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍. നിരവധി പേരാണ് നിയമം എവിടെയാണ് നടപ്പിലാക്കിയതെന്നറിയാന്‍ ഞങ്ങളുടെ ഫാക്‌ട്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ടിട്ടുള്ളത്.
ഇതാണ് പ്രചരിക്കുന്ന വീഡിയോ-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് കേരളത്തിലോ മറ്റ് ഏതെങ്കിലും ഇന്ത്യന്‍ സംസ്ഥാനങ്ങളിലോ പ്രാവര്‍ത്തികമാക്കിയ നിയമത്തെ കുറിച്ചുള്ള വാര്‍ത്തയാണോ ഇത്? വാര്‍ത്തയുടെ പൂര്‍ണ്ണരൂപം തന്നെയാണോ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
കഞ്ചാവിന്‍റെ ഉപയോഗിത്തിനും വില്‍പ്പനയ്ക്കും അനുമതി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും 1.41 ദര്‍ഘ്യമുള്ള 24 ന്യൂസിന്‍റെ വാര്‍ത്തയുടെ പൂര്‍ണ്ണരൂപം കണ്ടെത്താന്‍ കഴിഞ്ഞു. 24 ന്യൂസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ 2021 ഏപ്രില്‍ രണ്ടിന് അപ്‌ലോഡ് ചെയ്ത വീഡിയോയാണിത്. വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്-
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കഞ്ചാവിന്‍റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഇതുപ്രകാരം ഒരു വീട്ടില്‍ ആറ് തൈകള്‍ വരെ നിയമപരമായി വളര്‍ത്താം. സംസ്ഥാന അസംബ്ലിയില്‍ അവതരിപ്പിച്ച ബില്ലാണ് ന്യൂയോര്‍ക്കില്‍ നിലവില്‍ വന്നത്. ന്യൂയോര്‍ക്കിനെ സാമ്പത്തികമായി ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്ലില്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് ഗവര്‍ണര്‍ ആഡ്ര്യു കൂമോ പറഞ്ഞു. കൂടാതെ 60,000ല്‍ അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും കഞ്ചാവില്‍ നിന്നും ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ മേഖലയില്‍ ചെലവാക്കുമെന്നും തുടങ്ങിയ വിവരങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫെയ്‌സ്ബുക്ക് സെര്‍ച്ചില്‍ ലഭിച്ച വാര്‍ത്തയുടെ വിവരങ്ങള്‍-
വാര്‍ത്തയുടെ പൂര്‍ണ്ണരൂപം കാണാം-
നിഗമനം
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കഞ്ചാവിന്‍റെ ഉപയോഗവും വില്‍പ്പനയും നിയമപരമാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചതിനെ കുറിച്ച് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ ഒരു ഭാഗം കട്ട് ചെയ്താണ് സമൂഹാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. വാര്‍ത്ത ഇന്ത്യയിലെയോ കേരള സംസ്ഥാനത്തെ നിയമത്തെ കുറിച്ചോ ഉള്ളതല്ലയെന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:ഇന്ത്യയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതും വില്‍ക്കുന്നതും നിയമപരമാക്കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False