
വിവരണം
കര്‍ണാടകയിലെ ഹിജാബ് വിഷയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ വളരെ ഗൗരവത്തോടെയാണ് കര്‍ണാടക ഷിമോഗ ഗവ. കോളജിലെ വിഷയം ചര്‍ച്ച ചെയ്യുന്നത്. ഉടുപ്പി സര്‍ക്കാര്‍ വനിത പിയു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളജിലും ഹിജാബ് ധരിച്ച് വന്ന വിദ്യാര്‍ത്ഥിനികളെ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതോടെ കര്‍ണാടകയിലെ മറ്റ് കോളജുകളിലേക്കും പ്രശ്നം വ്യാപിച്ചിരിക്കുകയാണ്. വര്‍ഗീയ കലാപ സമാന സാഹചര്യത്തിലേക്ക് എത്തുന്ന അവസ്ഥയാണ് കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്. ഹിന്ദു സംഘടനകള്‍ കോളജിലെ ഹിജാബ് വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ മുസ്‌ലിം പെണ്‍കുട്ടികളും ‘I love hijab’ ക്യാപെയ്നുമായി മുന്നിട്ടിറങ്ങി.
ഇതിനിടിയില്‍ പ്രതിഷേധം വ്യാപിച്ചതോടെ ഷിമോഗ ഗവ കോളജില്‍ ഹിന്ദു വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കാവി കൊടികളുമായി കോളജിന് മുന്നില്‍ മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധം ഉയര്‍ത്തി. ഇതിനിടയില്‍ ഒരു വിദ്യാര്‍ത്ഥി കോളജ് ക്യാംപസിലെ കൊടി മരത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പതാക വലിച്ചൂരി മാറ്റി അവിടെ കാവിക്കൊടി ഉയര്‍ത്തി എന്ന പേരിലുള്ള ആരോപണമാണ് ചില മുഖ്യധാര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഉന്നയിക്കുന്നത്.
ഡ്യൂള്‍ ന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമം ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പതാക വലിച്ചൂരി കാവി പതാക ഉയര്‍ത്തി കലാപകാരികള്‍; ഹിജാബ് വിഷയത്തില്‍ കര്‍ണാടകയില്‍ ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം.. എന്ന തലക്കെട്ട് നല്‍കി ഡൂള്‍ ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന വാര്‍ത്തയക്ക് 61ല്‍ അധികം റിയാക്ഷനുകളും 22ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

ദര്‍ശന ടിവി എന്ന ചാനല്‍ ഈ വീഡിയോ സഹിതമാണ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പതാക വലിച്ചൂരി കാവി കൊടി ഉയര്‍ത്തി എന്ന് തന്നെയാണ് ദര്‍ശന ടിവിയുടെയും അവകാശവാദം. ഇതാണ് പ്രചരണം-
എന്നാല്‍ യതാര്‍ത്ഥത്തില്‍ ഷിമോഗ ഗവ. കോളജില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ ഹിന്ദു വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ ദേശീയ പതാക അഴിച്ച് മാറ്റി കാവിക്കൊടി ഉയര്‍ത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫാക്‌ട് ക്രെസെന്‍ഡോ പ്രതിനിധി കര്‍ണാടകയിലെ ഷിമോഗ ഗവ. കോളജ് പ്രിന്‍സിപ്പളുമായി ഫോണില്‍ ബന്ധപ്പെട്ട് സംഭവത്തെ കുറിച്ച് അന്വേഷിച്ചതില്‍ നിന്നും യഥാര്‍ത്ഥ വസ്ർതുതകള്‍ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. കോളജ് പ്രിന്‍സിപ്പള്‍ ധനഞ്ജയ ബി.ആര്‍ സംഭവത്തെ കുറിച്ച് വിവരച്ചിത് ഇപ്രകാരമാണ്-
ക്യാംപസിലെ കൊടിമരത്തില്‍ ദേശീയപതാക ഇല്ലായിരുന്നു എന്നതാണ് വസ്‌തുത. ഇന്നലെ കാവി ഷാളും കൊടികളുമായി വിദ്യാര്‍ത്ഥികള്‍ കോളിജിന് മുന്‍പില്‍ മുദ്രാവ്യാക്യം മുഴക്കി പ്രതിഷേധം നടത്തി. ഇതിനിടയില്‍ ഒരു വിദ്യാര്‍ത്ഥി കോടിമരത്തില്‍ കയറുകയും മുകളിലായി കാവി കൊടി കെട്ടുകയുമായിരുന്നു. ഈ സമയത്ത് ദേശീയപതാക അതില്‍ ഉയര്‍ത്തിയിട്ടില്ലായിരുന്നു എന്നും ദേശീയപതാക അഴിച്ചു മാറ്റി അവിടെയൊരു കൊടി കെട്ടിയുള്ള പ്രവര്‍ത്തിയാണെങ്കില്‍ ഞങ്ങള്‍ നോക്കി നിന്ന് പ്രൊഹത്സാഹിപ്പിക്കില്ലെന്നും പ്രിന്‍സിപ്പള്‍ ധനഞ്ജയ ബി.ആര്‍ പറഞ്ഞു. ജനുവരി 26 റിപബ്ലിക് ദിനത്തില്‍ ഉയര്‍ത്തിയ ദേശീയ പതാക അന്ന് തന്നെ അഴിച്ചിരുന്നു എന്നും പ്രിന്‍സിപ്പള്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ കാവി കൊടി ഉയര്‍ത്തുന്നതിന് മുന്‍പ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രവും അദ്ദേഹം ഞങ്ങള്‍ക്ക് കൈമാറി. അതായത് കൊടി മരത്തില്‍ ദേശീയപതാക ഇല്ലായിരുന്നു എന്നത് ഈ ചിത്രത്തില്‍ നിന്നും വ്യക്തമാണ്.
കാവി കൊടി ഉയര്‍ത്തുന്നതിന് മുന്‍പുള്ള ചിത്രം. ചിത്രത്തില്‍ കൊടിമരത്തില്‍ ദേശീയ പതാക ഇല്ലായിരുന്നു എന്നത് കാണാന്‍ സാധിക്കും-

പ്രിന്‍സിപ്പളിന്‍റെ വാദം സ്ഥിരീകരിക്കാനായി ഷിമോഗ എസ്‌പി ലക്ഷ്മി പ്രസാദുമായും ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. ദേശീയ പതാക നീക്കം ചെയ്ത ശേഷമല്ല പ്രതിഷേധക്കാര്‍ കാവി കൊടി ഉയര്‍ത്തിയതെന്ന് എസ്‌പിയും പ്രതികരിച്ചു. കൊടി മരത്തിന് ചുറ്റും നിന്നും മുദ്രവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നവരില്‍ ഒരാള്‍ പെട്ടെന്ന് കൊടിമരത്തില്‍ കയാറി കാവി കൊടി കെട്ടുകയായിരുന്നു എന്നും കുറിച്ച് സമയത്തിനുള്ളില്‍ തന്നെ അവരെ കൊണ്ട് കൊടി അഴിപ്പിച്ചു മാറ്റിയെന്നും എസ്‌പി പറഞ്ഞു.
നിഗമനം
ഷിമോഗ ഗവ. കോളജിലെ കൊടിമരത്തില്‍ ഹിന്ദു വിദ്യാര്‍ത്ഥി സംഘടന നടത്തിയ പ്രതിഷേധത്തില്‍ കാവി കൊടി ഉയര്‍ത്തിയെന്നത് വസ്‌തുതാപരമാണെങ്കിലും ഇതിലുണ്ടായിരുന്ന ദേശീയ പതാക അഴിച്ചു മാറ്റിയാണ് അവര്‍ കാവി കൊടി ഉയര്‍ത്തിയതെന്ന ആരോപണം വ്യാജമാണെന്ന് ഇതോടെ വ്യക്താമയി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ പ്രചരണം ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഷിമോഗ ഗവ. കോളജില്‍ ദേശീയ പതാക വലിച്ചൂരി മാറ്റി കാവിക്കൊടി ഉയര്‍ത്തിയോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Partly False
