രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ- ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ- നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പലയിടത്തും പഴയ പോലുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ സാധ്യമാകുന്നില്ല. അതിനുപകരം ഓൺലൈൻ പ്രചരണം രാഷ്ട്രീയ പാർട്ടികൾ പരീക്ഷിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് അനുബന്ധിച്ച് ഉത്തരാഖണ്ഡിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വിര്‍ച്വല്‍ റാലി ബിജെപി സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം പിന്നീട് അത് ഉപേക്ഷിക്കേണ്ടിവന്നു ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്

പ്രചരണം

പ്രതികൂല കാലാവസ്ഥ മൂലം പ്രധാനമന്ത്രി മോദിയുടെ ഉത്തരാഖണ്ഡ് വിർച്വൽ റാലി ഉപേക്ഷിച്ചുവെന്ന് ബിജെപി അറിയിച്ചതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ നൽകിയ ട്വീറ്റ് ഉൾപ്പെടുത്തി, ഒപ്പം ഏതാനും പേർ മാത്രം ഇരിക്കുന്നതും ഒഴിഞ്ഞ കസേരകൾ നിറയെയുള്ളതുമായ ഒരു വേദിയുടെ ചിത്രമാണ് പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയല്ല റാലിയിൽ പങ്കെടുക്കാൻ ആരും എത്താത്തതാണ് കാരണമെന്ന് പരോക്ഷമായി ഈ ചിത്രം ഉപയോഗിച്ച് പരിഹസിക്കുകയാണ്.

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പോസ്റ്റില്‍ നൽകിയിരിക്കുന്നത് പഴയ ചിത്രമാണെന്നും പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് വെർച്ചൽ റാലി ഉപേക്ഷിച്ചത് പ്രതികൂല കാലാവസ്ഥ മൂലം തന്നെയാണ് എന്നും തെളിയിക്കുന്ന സൂചനകൾ ലഭിച്ചു.

വസ്തുത ഇങ്ങനെ

ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഉത്തരാഖണ്ഡിൽ പ്രധാനമന്ത്രിയുടെ വിർച്വൽ റാലി പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെച്ചതായി പല മാധ്യമങ്ങളും വാർത്ത നൽകിയിട്ടുണ്ട് എന്നു കണ്ടു. മാറ്റിവച്ച റാലി ഉടൻതന്നെ നടത്തുമെന്ന് ഉത്തരാഖണ്ഡ് ബിജെപി വൈസ് പ്രസിഡന്‍റ് ദേവേന്ദ്ര ഭാസിന്‍ പറഞ്ഞതായും വാർത്തയിലുണ്ട്. പ്രധാനമന്ത്രി അഭിസംബോധന ചെയ്യാൻ പോകുന്ന റാലിയെ പ്രതികൂല കാലാവസ്ഥ എങ്ങനെ ബാധിക്കുമെന്ന് ചോദിച്ചപ്പോൾ, അൽമോറ പാർലമെന്‍റ് മണ്ഡലത്തിലെ 14 അസംബ്ലി മണ്ഡലങ്ങളിലായി 56 സ്ഥലങ്ങളിൽ 1000 പേരെ വീതം ഉൾക്കൊള്ളാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭാസിൻ പറഞ്ഞു. പല ദേശീയ മാധ്യമങ്ങളും ഈ കാര്യം വാര്‍ത്ത ആക്കിയിട്ടുണ്ട്.

പോസ്റ്റില്‍ വാർത്തയോടൊപ്പം നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2015 സെപ്റ്റംബർ 12ന് ദി ട്രിബ്യൂൺ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇതേ ചിത്രം നൽകിയിട്ടുണ്ട് എന്ന് കണ്ടു.

പ്രധാനമന്ത്രിയുടെ ചണ്ഡീഗഡ് രണ്ട് സന്ദർശനത്തിൽ വേദിയിൽ ആളു കുറഞ്ഞതിനെ കുറിച്ചാണ് വാർത്ത. പഞ്ചാബ് ഹരിയാന ചണ്ഡീഗഡ് എന്നിവിടങ്ങളിൽനിന്നുള്ള ബിജെപി നേതാക്കൾ യഥാക്രമം 30,000, 30,000, 40,000 പേരെ പ്രധാനമന്ത്രിയുടെ റാലിയിൽ അണിനിരത്താൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ വേദിയിൽ നിരത്തിയ 18,000 കസേരകളിൽ 5,000 ശൂന്യമായിരുന്നുവെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ പറയുന്നു. റാലിയിൽ ജനപങ്കാളിത്തം കുറയാനുള്ള കാരണങ്ങള്‍ ബിജെപി നേതാക്കൾ ചർച്ച ചെയ്ത യോഗവും നടന്നതായി വൃത്തങ്ങൾ വെളിപ്പെടുത്തി എന്നും ലേഖനത്തിലുണ്ട്. റാലി വേദി സെക്ടർ 34 ൽ നിന്ന് സെക്ടർ 25 ലേക്ക് മാറ്റിയതും റാലി വേദിയിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയതും ആളുകൾക്ക് കൃത്യസമയത്ത് റാലി വേദിയിൽ എത്താൻ കഴിയാത്തതിന് കാരണമായി എന്നു ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.

2015 ലെ ഈ ചിത്രമാണ് ഉത്തരാഖണ്ഡിലേത് എന്ന മട്ടിൽ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പ്രധാനമന്ത്രി മോദിയുടെ ഉത്തരാഖണ്ഡ് വെര്‍ച്വല്‍ റാലി മാറ്റിവെച്ചത് മോശം കാലാവസ്ഥ ആയതിനാലാണ്. മാറ്റിവച്ച റാലി പിന്നീട് നടത്തും എന്ന് ബിജെപി നേതാക്കൾ അറിയിച്ചിട്ടുണ്ട്. പോസ്റ്റില്‍ നൽകിയിരിക്കുന്ന ചിത്രം 2015 പഞ്ചാബിലെ ചണ്ഡീഗഡില്‍ പ്രധാനമന്ത്രി വന്നപ്പോഴുള്ള ഒരു വേദിയുടേതാണ്. സുരക്ഷാക്രമീകരണങ്ങൾ മൂലം വേദിയില്‍ ആളു കുറഞ്ഞതിനെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ നിന്നുള്ളതാണ്.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രിയുടെ റാലി ഉപേക്ഷിച്ചു എന്ന വാർത്തയോടൊപ്പം നല്‍കിയിരിക്കുന്നത് ചണ്ഡീഗഡില്‍ നിന്നുള്ള പഴയ ചിത്രമാണ്

Fact Check By: Vasuki S

Result: Misleading