
പ്രചരണം
കോവിഡ് രണ്ടാംഘട്ടം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് രാജ്യമെമ്പാടും വ്യാപിക്കുകയാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാൽ പലയിടത്തും ആശുപത്രി കിടക്കകളുടെ അപര്യാപ്തതയും ഓക്സിജൻ വിതരണ സംവിധാനത്തിന്റെ പരിമിതിയും മൂലം സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാകാതെ വരുന്നുണ്ട്.
ഇതിനിടയിൽ കേന്ദ്ര സഹമന്ത്രിയും ഗാസിയബാദ് എം പിയും മുൻ കരസേനാ മേധാവിയും ആയിരുന്ന ജനറൽ വി കെ സിംഗ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റില്‍ നല്കിയ വാചകങ്ങള്‍ ഇങ്ങനെയാണ്:
“എല്ലാറ്റിലും കുറ്റം മാത്രം ചികയുന്നവർ ഓർക്കണം..
ഭാഗ്യം ചെയ്ത ജനതയാണ് നമ്മൾ…
ഈ നിമിഷം വരെ നമ്മെ ജാതിമത, ദരിദ്ര സമ്പന്ന,പാർട്ടി വ്യത്യാസങ്ങൾ ഇല്ലാതെ കാത്ത് സംരക്ഷിക്കാൻ കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങൾക്കും സ്റ്റേറ്റിനും കഴിഞ്ഞിട്ടുണ്ട്..
നാളെകളിലും അതുണ്ടാവണമേ.. അതിന് കരുത്ത് നല്കണമേ എന്ന് മാത്രമാണ് പ്രാർത്ഥന.”
വികെ സിംഗിന്റെ ചിത്രത്തോടൊപ്പം പോസ്റ്ററില്‍ നല്കിയ വാചകങ്ങള്‍ ഇങ്ങനെ: എന്റെ സഹോദരന് കോവിഡാണ്. ഒരു ബെഡ് അനുവദിക്കൂ..
രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വെളിവാക്കിക്കൊണ്ട് ആർമി ചീഫും ബിജെപി കേന്ദ്രമന്ത്രിയുമായിരുന്ന വികെ സിംഗിന്റെ ദയനീയ അഭ്യർത്ഥന. ഇപ്പോഴും കിട്ടുന്ന കിട്ടിലെ പപ്പടത്തിന്റെ കട്ടി പരിശോധിക്കുന്നവർ ഓർക്കണം. എത്രയോ ഭാഗ്യം ചെയ്ത ജനതയാണ് നമ്മൾ

കോവിഡ് ബാധിച്ച സഹോദരന് ആശുപത്രി കിടക്ക ദയനീയമായി അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് പ്രമുഖരടക്കം പലരും പോസ്റ്റ് ചെയ്തു. ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിന് ടാഗ് ചെയ്ത് ദയവായി ഇത് പരിശോധിക്കുക എന്ന് പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന ഹിന്ദിയിൽ നൽകിയ ട്വീറ്റ് ഇങ്ങനെയാണ്:

ദയവായി ഞങ്ങളെ സഹായിക്കൂ കോവിഡ് ബാധിച്ച എന്റെ സഹോദരന് ആശുപത്രി കിടക്ക ആവശ്യമാണ്. പക്ഷേ ഞങ്ങൾക്ക് ഗാസിയാബാദിൽ ഒരു കിടക്ക കണ്ടെത്താൻ കഴിയില്ല.
അദ്ദേഹത്തിന്റെ ട്വീറ്റ് ഉദാഹരണമാക്കി ഗാസിയാബാദിലെ ദയനീയാവസ്ഥ ഇതാണെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും തങ്ങളുടെ അഭിപ്രായം പങ്കുവച്ചു. എംപിയും കരസേനാ മേധാവി ആയിരുന്നിട്ടു പോലും തന്റെ സഹോദരന് കോവിഡ് ബാധിച്ചപ്പോൾ ട്വിറ്റർ വഴി സഹായം തേടേണ്ട അവസ്ഥയാണ് അവിടെയുള്ളത് എന്നാണ് പലരും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പോസ്റ്റ് കണ്ട ചിലര്‍ക്ക് ആശയക്കുഴപ്പം ഉണ്ടായപ്പോള്‍ വന്ന തെറ്റിദ്ധാരണയാണ് പ്രചരണത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചു. അദ്ദേഹം ട്വീറ്റ് ചെയ്തത് യഥാർത്ഥത്തിൽ സ്വന്തം സഹോദരന് വേണ്ടി ആയിരുന്നില്ല.
വസ്തുത ഇതാണ്
തന്റെ ട്വീറ്റ് തെറ്റിധരിക്കപ്പെട്ട് വൈറൽ ആവുകയും ദുര്‍വ്യാഖ്യാനം നൽകി പ്രചരിപ്പിക്കുകയും ചെയ്തപ്പോൾ അദ്ദേഹം മറ്റൊരു ട്വീറ്റ് പ്രസിദ്ധീകരിച്ചു. ആദ്യത്തെ ട്വീറ്റ് ഇതിനകം അദ്ദേഹം പിൻവലിച്ചു. സ്ക്രീൻഷോട്ടുകൾ അല്ലാതെ ആദ്യത്തെ ട്വീറ്റ് ഇപ്പോൾ നിലവിലില്ല. നീക്കം ചെയ്ത ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് പരിശോധിച്ചാല്‍ please check this out എന്ന നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി കാണാം. ജില്ലാ മജിസ്ട്രേട്ടിനെ ടാഗ് ചെയ്താണ് ട്വീറ്റ് നല്‍കിയിട്ടുള്ളത്. സ്വന്തം സഹോദരന് വേണ്ടിയാണ് സഹായം അഭ്യര്‍ഥിച്ചത് എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം നല്കാന് ഇടയില്ല. പിന്നീട് അദ്ദേഹം പുതുതായി മറ്റൊരു ട്വീറ്റ് വിശദീകരണമായി നല്കി.
ഇത് പ്രകാരം ചന്ദ്രപ്രകാശ് റായി എന്ന വ്യക്തിയുടെ ട്വീറ്റ് അദ്ദേഹം റിട്വീറ്റ് ചെയ്തിരിക്കുകയാണ്. ജില്ലാ മജിസ്ട്രേറ്റിനെ ടാഗ് ചെയ്ത് അദ്ദേഹം പുതിയ ട്വീറ്റിൽ വ്യക്തമാക്കിയത് please check this out എന്നാണ്: ചന്ദ്രപ്രകാശ് റായിയുടെ ട്വീറ്റില്‍ വികെ സിംഗിന്റെ ആദ്യ ട്വീട്ടില്‍ നല്കിയ അതേ വാചകങ്ങള്‍ കാണാം. കൂടാതെ ഒരു മൊബൈല്‍ നമ്പറും ലഭ്യമാണ്. ഫാക്റ്റ് ക്രെസണ്ടോ ഈ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ചന്ദ്രപ്രകാശ് റായി തന്നെയാണ് സംസാരിച്ചത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഞാന്‍ സഹോദരന് വേണ്ടി വി കെ സിംഗ് എം പി യെ ടാഗ് ചെയ്ത് പോസ്റ്റ് ഇട്ടതാണ്. അദ്ദേഹം അത് കോപ്പി ചെയ്ത് ട്വീറ്റ് ചെയ്യുകയാണ് ഉണ്ടായത്. ഇതാണ് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. ഞാന്‍ സഹായം അഭ്യര്‍ഥിച്ച് മൂന്ന് പോസ്റ്റുകള്‍ ട്വിറ്ററില്‍ ഇട്ടിരുന്നു. എന്റെ സഹോദരന്റെ കൂടെ ആശുപത്രിയിലാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്. അവന് ബെഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ നില മെച്ചപ്പെട്ടിട്ടുണ്ട്.”

ഫാക്റ്റ് ക്രെസണ്ടോ ഇതേപ്പറ്റി ജനറല്‍ വി കെ സിംഗിനോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം നല്കിയ മറുപടി ഇങ്ങനെയാണ്:
“നിയോജകമണ്ഡലത്തിലെ ഒരാൾ സഹായം അഭ്യർത്ഥിക്കുന്ന ഒരു ട്വീറ്റിൽ എന്നെ ടാഗ് ചെയ്തു. ഞാൻ ഇത് ജില്ലാ മജിസ്ട്രേറ്റിനു കൈമാറി. എന്റെ ട്വീറ്റിന്റെ ഭാഷയിൽ തന്നെ എനിക്ക് വേണ്ടിയല്ലെന്ന് വളരെ വ്യക്തമായിരുന്നു. എന്നിരുന്നാലും ചില കുഴപ്പക്കാർ ഞാൻ സ്വയം സഹായം ചോദിക്കുന്നതുപോലെ ഇത് പരിവർത്തനം ചെയ്തു. പാർട്ടി പ്രവർത്തകരിലൂടെയും ട്രോളുകളിലൂടെയും അവർ ഇത് വൈറലാക്കി. ഒരു രാഷ്ട്രീയ പാർട്ടിയുടെ തരംതാണ കളി മാത്രമാണിത്.”
അദ്ദേഹം ഞങ്ങള്‍ക്ക് നല്കിയ മറുപടിയുടെ സ്ക്രീന്‍ ഷോട്ട്.

ഗാസിയാബാദില്‍ നിന്നും ഒരാള്‍ കോവിഡ് ബാധിതനായ സഹോദരന് ആശുപത്രി കിടക്ക ലഭ്യമാക്കാന്‍ വേണ്ടി സഹായം അഭ്യര്‍ഥിച്ചു കൊണ്ട് നടത്തിയ ഒരു ട്വീറ്റിലെ വാചകങ്ങള്‍ ജനറൽ സിംഗ് പകർത്തി തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രസിദ്ധീകരിച്ചു. ഇത് ആശയ കുഴപ്പത്തിലേക്ക് നയിച്ചു. ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയായി എന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം ചന്ദ്രപ്രകാശ് റായിയുടെ യഥാര്‍ത്ഥ പോസ്റ്റ് നല്കി അത് തിരുത്തിയിരുന്നു.
പോസ്റ്റ് തെറ്റിദ്ധരിച്ചു പ്രചരിച്ചതിനെതിരെ കാപിറ്റല്‍ ടിവി എന്ന മാധ്യമം നല്കിയ ചര്‍ച്ചയില്‍ നിന്നുള്ള ഒരു ഭാഗം വി കെ സിംഗ് തന്റെ ട്വിറ്ററില്‍ നല്‍കിയിട്ടുണ്ട്.
Happy to know that trolls are now resorting to fake news and non-issues to target me.
— Vijay Kumar Singh (@Gen_VKSingh) April 20, 2021
I must be doing something right.
I would like to thank my haters. They inspire me and reenergize me to serve my people even more.
Fact: The person’s brother is in the hospital and recovering. 😉 pic.twitter.com/Us1o8wMO3i
കോവിഡ് വ്യാപിക്കുകയും ആശുപത്രി കിടക്കയ്ക്ക് ക്ഷാമം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥ രാജ്യത്ത് ഉണ്ടെന്ന് പറയപ്പെടുന്നു എങ്കിലും ജനറൽ വികെ സിംഗ് സ്വന്തം സഹോദരന് വേണ്ടി ആശുപത്രി കിടക്ക അന്വേഷിച്ച് ട്വീറ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
നിഗമനം
പോസ്റ്റിലെ വാർത്ത തെറ്റാണ്. മറ്റൊരാൾക്ക് വേണ്ടി ജനറല്‍ വി കെ സിംഗ് നല്കിയ ഒരു ട്വീറ്റ് ആശയക്കുഴപ്പം ഉണ്ടാക്കിയതാണ്. അദ്ദേഹം സ്വന്തം സഹോദരന് വേണ്ടിയല്ല ആശുപത്രി കിടക്ക അന്വേഷിച്ചതെന്ന് അദ്ദേഹത്തിന്റെ ട്വീട്ടില്‍ നിന്ന് വ്യക്തമാണ്. ഞങ്ങളോട് ഇക്കാര്യം ജനറല്‍ വി കെ സിംഗ് വ്യക്തമാക്കിയിരുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:തന്റെ സഹോദരന് ആശുപത്രി കിടക്ക അഭ്യർത്ഥിച്ചുകൊണ്ട് എം പി ജന: വികെ സിങ് നടത്തിയ ട്വീറ്റിന്റെ യാഥാർത്ഥ്യം ഇതാണ്…
Fact Check By: Vasuki SResult: False
