പാമ്പിന്‍റെ ആകൃതിയിലെ ഈ പാറക്കൂട്ടം തായ്‌ലൻഡിലെതാണ്.. യമുനാ നദിക്കരയിലെതല്ല...
വിവരണം
വിഷപാമ്പിനെ കൊണ്ട് കടി ഏൽപ്പിച്ച് ഭർത്താവ് ഭാര്യയെ വകവരുത്തിയ സംഭവം വളരെ ഞെട്ടലോടെയാണ് കേരളക്കരയാകെ കേട്ടത്. കൊലപാതകങ്ങളുടെ ചരിത്രത്തിൽ വളരെ അപൂർവ്വമായ ഈ കൃത്യം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചത് ഭാര്യയെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം എന്നുള്ള ശ്രമമായിരുന്നു. പാമ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വാർത്ത ഇവിടെ നൽകുകയാണ്. ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ച്
വായനക്കാരിൽ നിന്നും ഞങ്ങൾക്ക് സന്ദേശമെത്തിയിരുന്നു
യമുനയുടെ തീരത്ത് ഖനനം നടത്തിയപ്പോൾ തെളിഞ്ഞ കാളിയന്‍റെ രൂപം എന്ന പേരിൽ ഒരു വലിയ പാറയുടെ ചിത്രമാണ് സന്ദേശത്തിലുള്ളത്. പാമ്പിന്‍റെ പുറംതൊലിയുടെ ആകൃതിയില്‍ ചുറ്റി വളഞ്ഞിരിക്കുന്ന പാറക്കെട്ടുകൾ ചിത്രത്തില്‍ കാണാം. ഒരു പാമ്പിന്‍റെ അതേ ആകൃതിയിലുള്ള തലയുടെ അതേ രൂപത്തിലാണ് ഒരു ചിത്രത്തില്‍ നല്കിയിരിക്കുന്ന പാറ. ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ സമാന പോസ്റ്റ് ഞങ്ങള്‍ക്ക് ലഭിച്ചു.
മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലെല്ലാം ഈ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. എന്നാല്‍ വിവരണം മറ്റൊന്നാണ്.
ഈ പാറക്കൂട്ടം യമുനയുടെ തീരത്തെ ഘനനത്തില്‍ കണ്ടെടുത്തതല്ല, ഇത് ഇന്ത്യയിലെതുമല്ല. പാറക്കെട്ട് എവിടെയുള്ളതാണെന്നും ഇതിന്‍റെ വസ്തുത എന്താണെന്നും താഴെ കൊടുക്കുന്നു.
വസ്തുത വിശകലനം
പോസ്റ്റിൽ നൽകിയ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ പാറ തായ്‌ലൻഡിലെതാണ് എന്നു വ്യക്തമായി.
അടുത്തകാലത്ത് തായ്‌ലൻഡില്‍ കണ്ടെത്തിയതാണത്രേ ഈ പാമ്പിന്‍റെ ആകൃതിയിലുള്ള ഈ പാറക്കൂട്ടം. യുട്യൂബില്‍ നിരവധി വീഡിയോകൾ ഇതേപ്പറ്റി ലഭ്യമാണ്. ഒരു വീഡിയോയില്‍ ഇത് തായ്‌ലൻഡിലെ ബിങ് ഘോങ് ലോങ് ജില്ലയിലെ ബിങ് കാന്‍ പ്രവിശ്യയിലുള്ള നാഗാ ഗുഹയാണ് എന്ന വിവരണം നല്കിയിട്ടുണ്ട്.
ഇത് പുതുതായി കണ്ടെത്തിയതാണെന്നും അതില്‍ പറഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് ഓര്‍ഡ് ശ്രീക്വെ (Ord Srikaew) എന്ന വ്യക്തിയുടെ പേരില്‍ ക്രെഡിറ്റ് നല്കിയിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ ഫേസ്ബുക്കില്‍ ഈ പേര് സെര്‍ച്ച് ചെയ്തു. ഇദ്ദേഹത്തിന്‍റെ പ്രൊഫൈല്‍ ഞങ്ങള്‍ക്ക് ലഭിച്ചു.
അതില്‍ നാഗാ ഗുഹയുടെ വിവിധ ചിത്രങള്‍ നല്കിയിട്ടുണ്ട്. വീഡിയോയുമുണ്ട്.
ഇതേപ്പറ്റി അദ്ദേഹം ഫേസ്ബുക്കില്‍ നല്കിയ വീഡിയോ:
കൂടാതെ ഞങ്ങള്‍ തായ്‌ലൻഡില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കട്ടപ്പന സ്വദേശി അഖിലിനോട് വാര്‍ത്തയുടെ വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നു. അവിടെ ഇത്തരത്തില്‍ ഒരു പാറയെ പറ്റിയുള്ള വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അതിനു സമീപത്ത് തന്നെ ഒരു പാര്‍ക്ക് ഉണ്ടെന്നും മറുപടി ലഭിച്ചു.
പാമ്പിന്‍റെ ആകൃതിയില്‍ അത്ഭുതമായി നിലകൊള്ളുന്ന ഈ പാറക്കൂട്ടം യമുനാ നദീ തീരത്തെതല്ല. തായ്‌ലൻഡിലെതാണ്. പാറക്കൂട്ടത്തെ പറ്റി മാധ്യമ വാര്‍ത്തകളൊന്നും ലഭ്യമായിട്ടില്ല. ചിത്രം പകര്‍ത്തിയ ഓര്‍ഡ് ശ്രീക്വെ പകര്‍പ്പവകാശത്തോടെയാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നിഗമനം
ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. പാമ്പിന്‍റെ ആകൃതിയില്‍ കാണപ്പെട്ട ഈ പാറക്കൂട്ടം തായ്‌ലൻഡിലെതാണ്. യമുനാ നദിയുടെ തീരത്ത് നിന്നുള്ളതല്ല. ഇത്തരത്തിലെ വാര്‍ത്തകളെല്ലാം വ്യാജ പ്രചരണങ്ങളാണ്.
Title:പാമ്പിന്‍റെ ആകൃതിയിലെ ഈ പാറക്കൂട്ടം തായ്‌ലൻഡിലെതാണ്.. യമുനാ നദിക്കരയിലെതല്ല...
Fact Check By: Vasuki SResult: False