
വിവരണം
സൈന്യം തീവ്രവാദിയെ സാഹസികമായി കീഴ്‌പ്പെടുത്തുന്ന വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബീക്കണ്‍ ലൈറ്റും സൈറനും മുഴക്കി വരുന്ന ഒരു എസ്‌യുവി യു ടേണ്‍ എടുത്ത് നിര്‍ത്തുകയും അതില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഉദ്യോഗസ്ഥന്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന ഒരാളെ ചാടി ചവിട്ടി ഇടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ശ്രീനഗറില്‍ തീവ്രവാദിയെ പിടികൂടുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍.. എന്ന പേരില്‍ അനില്‍കുമാര്‍ ഛത്രപതി എന്ന പേരിലുള്ള വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 900ല്‍ അധികം റിയാക്ഷനുകളും 1,400ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
ഇതാണ് പ്രചരിക്കുന്ന വീഡിയോ-
എന്നാല്‍ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ശ്രീനഗറില്‍ നിന്നുമുള്ളതാണോ? തീവ്രവാദിയെ സൈന്യം കീഴ്‌പ്പെടുത്തുന്ന വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
‘Police kicking biker’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത ശേഷം ഇമേജുകള്‍ പരിശോധിച്ചപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന അതെ വീഡിയോയുടെ കീ ഫ്രെയിം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. വൈറല്‍ടാബ് ന്യൂസ് എന്ന വെബ്‌സൈറ്റിലാണ് സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത ഓഗസ്റ്റ് മൂന്നിന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാണ് യഥാര്‍ത്ഥത്തില്‍ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ-
വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത് ബ്രസീലിലാണ്. പെറോളയിലെ ബ്രസീലിയന്‍ മുനിസിപ്പാലിറ്റിയുടെ മുന്നിലാണ് പോലീസ് ഒരു യുവാവിനെ കീഴ്‌പ്പെടുത്തുന്ന രംഗങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സംഭവ സ്ഥലത്ത് തടിച്ച്കൂടിയ ജനങ്ങളില്‍ ഒരാളാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. പോലീസിന്‍റെ വിശദീകരണം ഇങ്ങനെയാണ്. പോലീസ് പട്രോളിങിനിടയില്‍ ഒരു ബൈക്കറിനെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന് സംശയം തോന്നിയ പോലീസ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ വേഗത്തില്‍ ബൈക്കുമായി കടന്നു കളയാന്‍ ശ്രമിച്ചു. ധാരാളം കാല്‍നടയാത്രക്കാരും മറ്റു വാഹനങ്ങളുമുള്ള തിരക്കേറിയ നിരത്തിലൂടെ അപകടകരമായി ബൈക്ക് ഓടിച്ചതോടെ ഇയാളെ ബലപ്രയോഗത്തിലൂടെ പിന്തുടര്‍ന്ന് എത്തി കീഴ്‌പ്പെടുത്തുകയായിരുന്നു എന്നുമാണ് പോലീസിന്‍റെ വിശദീകരണം. മാത്രമല്ല വെറും 17 വയസ് മാത്രമുള്ള ഈ യുവാവിന് ലൈസന്‍സ് ഇല്ലാത്തതിന്‍റെ പേരിലും അപകടകരമായി വാഹനം ഓടിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായും ഇയാളുടെ ബൈക്ക് പിടിച്ചെടുത്തതായും പോലീസ് അറിയിച്ചിട്ടുള്ളതായും വൈറല്‍ ടാബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

വൈറല്‍ ടാബ് ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട്-

നിഗമനം
ഇന്ത്യന്‍ സൈന്യമോ ഇന്ത്യയിലെ മറ്റ് സുരക്ഷാസേനയോ തീവ്രവാദിയെ പിടികൂടുന്ന വീഡിയോ അല്ല ഇതെന്ന് മാത്രമല്ല ബ്രസീലില്‍ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോയാണെന്നതും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ശ്രീനഗറില്‍ സുരക്ഷാസേന തീവ്രവാദിയെ പിടികൂടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
