FACT CHECK – ‘മെസിക്ക് പത്താം നമ്പര്‍ ജേഴ്‌സി നല്‍കാത്തതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി’? മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..
വിവരണം
ലയണല്‍ മെസി ബാഴ്‌സലോണയില്‍ നിന്നും പിഎസ്‌ജിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ബാഴ്‌സ ആരാധകരില്‍ പലരും വലിയ നിരാശരായിരുന്നു. ഇതെ കുറിച്ചുള്ള വലിയ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു. അതിനിടയിലാണ് മെസി പത്താം നമ്പര്‍ ജേഴ്‌സി സ്വീകരിക്കുന്നില്ലെന്ന വാര്‍ത്ത പുറത്ത് വന്നത്. അതെ സമയം ഈ തീരുമാനത്തില്‍ മനം നൊന്ത് മെസിയുടെ ആരാധകനായ യുവാവ് ആത്മഹത്യ ചെയ്തു എന്ന പേരില്‍ മനോരമ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. മനോരമ ന്യൂസ് ഫെയ്‌സ്ബുക്ക് പേജില്‍ സ്ട്രീം ചെയ്ത ലൈവ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. പൊട്ടിക്കരഞ്ഞ് മെസി എന്ന തലക്കെട്ട് നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍ മെസ്സിക്ക് പത്താം നമ്പര്‍ ജേഴ്‌സി നല്‍കാത്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.. എന്നാണ് എഴുതിയിരിക്കുന്നത്. മലയാളം ഫുള്‍ മൂവി - എംഎഫ്എം എന്ന ഗ്രൂപ്പില്‍ ഇര്‍ഷു ഇച്ചു എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 844ല്‍ അധികം റിയാക്ഷനുകളും 64ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്‍റെ പൊന്ന് മോനെ എന്താ നിന്നോട് ഒക്കെ പറയാ.. മെസ്സി ആയിരുന്നോ ഇത്രയം കാലം നിന്നെ നോക്കി വളര്‍ത്തിയത്.. എന്ന വാചകവും മീം മാതൃകയില്‍ ചേര്‍ത്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്-
എന്നാല്‍ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? മനോരമ ന്യൂസ് ഇത്തരത്തില്‍ ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ഞങ്ങളുടെ പ്രതിനിധി മനോരമ ന്യൂസിന്‍റെ ആസ്ഥനമായ ആലപ്പുഴ അരൂരിലെ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-
മനോരമ ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓഗസ്റ്റ് എട്ടിന് മെസ്സിയുടെ വിടവാങ്ങള്‍ പ്രസംഗത്തെ കുറിച്ചുള്ള വാര്‍ത്തയാണ് നല്‍കിയത്. ഇതോടൊപ്പം മുന്‍ മന്ത്രി ജി.സുധാകരന്‍റെ കവിതയുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പ്രശ്നങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയും നല്‍കിയിരുന്നു. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് ആരോ മനപ്പൂര്‍വ്വം തെറ്റ്ദ്ധരിപ്പിക്കും വിധം വ്യാജ പ്രചരണം നടത്തുകയാണെന്നും ഓഫിസ് പ്രതിനിധി പറഞ്ഞു.
ഓഗസ്റ്റ് എട്ടിന് മനോരമ ന്യൂസ് ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ് സ്ട്രീം ചെയ്ത വാര്‍ത്ത ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പൊട്ടിക്കരഞ്ഞ് മെസി എന്ന തലക്കെട്ട് നല്‍കിയ വീഡിയോയുടെ 5 മിനിറ്റുകള്‍ക്ക് ശേഷം ജി.സുധാകരനുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. ഇതിന്‍റെ സ്ക്രീന്‍ഷോട്ടാണ് എഡിറ്റ് ചെയ്ത് മെസിയുടെ ആരാധകന്‍റെ ആത്മഹത്യയെ കുറിച്ചുള്ള വാര്‍ത്തയാണെന്ന പേരില്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നതെന്നും വ്യക്തമായി കഴിഞ്ഞു.
മനോരമ ന്യൂസ് വാര്‍ത്തയുടെ യഥാര്‍ത്ഥ വീഡിയോ-
യഥാര്‍ത്ഥ സ്ക്രീന്‍ഷോട്ടും വ്യാജ സ്ക്രീന്‍ഷോട്ടും-
നിഗമനം
ജി.സുധാകരനും സിപിഎം ജില്ലാ നേതൃത്വവും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് മനോരമ റിപ്പര്‍ട്ട് ചെയ്ത വാര്‍ത്തയും മെസ്സിയുടെ വിടവാങ്ങല്‍ പ്രസംഗത്തിന്‍റെ ഹിഡ്ഡിങും ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വ്യാജ സ്ക്രീന്‍ഷോട്ട് മാത്രമാണ് ആരാധകന്‍റെ ആത്മഹത്യ എന്ന പ്രചരണമെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:‘മെസിക്ക് പത്താം നമ്പര്‍ ജേഴ്‌സി നല്‍കാത്തതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി’? മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False