
ആരോഗ്യമന്ത്രി വീണ ജോർജിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്‌യു പ്രതിഷേധത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥ മന്ത്രിയുടെ കഴുത്തിൽ പിടിക്കുന്നു എന്നാരോപിച്ച് ഒരു ചിത്രം ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പൊലീസ് തന്നെ മന്ത്രിയെ പരിക്കേൽപ്പിച്ചു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഗോവിന്ദൻ മാഷ് പറഞ്ഞത് ശരിയാണ്, അമ്മച്ചി…. കഴുത്ത് ! എന്നിട്ടാണോ വിജിയാ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്! ഇതിൽ കൂടുതൽ തെളിവ് വേണോ ഇത് പോരെ അഹങ്കാരം മൂത്ത ആരോഗ്യം അമ്മച്ചിക്ക് കിട്ടേണ്ടത് നല്ല ബെഷായി തന്നെ മുഖ്യന്റെ പോലീസ് തന്നെ നൈസായിട്ടു പണികൊടുത്തത് കണ്ടോ?”
എന്നാൽ ചിത്രം എഐ നിർമ്മിതമാണെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചില വ്യത്യാസങ്ങള്‍ കാണാന്‍ സാധിച്ചു. മന്ത്രിയുടെ ഇടത് കൈയ്യും പൊലീസ് ഉദ്യോഗസ്ഥയുടെ വലത് കൈയ്യും ഒരുമിച്ച് ചേർന്നാണ് കാണുന്നത്. കൂടാതെ വനിതാ പൊലീസിന്‍റെ ഷോൾഡർ ബാഡ്ജിൽ കേരള പൊലീസിനെ സൂചിപ്പിക്കുന്ന ‘KP’, കേരള പൊലീസ് സർവ്വീസിനെ സൂചിപ്പിക്കുന്ന ‘KPS’ എന്നിവയ്ക്ക് പകരം ചിത്രത്തിലുള്ളത് ‘AS’ എന്നാണ്. മാത്രമല്ല ഇടത് കൈയ്യിലുള്ള കേരള പൊലീസ് ബാഡ്ജിൽ പൊലീസ് എന്ന് എഴുതിയിരിക്കുന്നതിലും തെറ്റ് കാണാം. ഇതേ സ്ഥലത്ത് തന്നെ ജെമിനി എഐ ടൂള്‍ വാട്ടർമാർക്കും കാണാം. ഗൂഗിള്‍ ജെമിനി എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണിത്.

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ഈ ചിത്രം എഐ ഡിറ്റക്ഷൻ ടൂളുകളിൽ പരിശോധിച്ചപ്പോള്‍ ചിത്രം എഐ നിർമ്മിതമാണെന്ന് ഹൈവ് മോഡറേഷൻ ടൂള്‍ വ്യക്തമാക്കുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആരോഗ്യമന്ത്രി വീണ ജോർജിന് നേരെയുണ്ടായ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ലഭ്യമാണ് . പ്രതിഷേധം നടക്കുന്നതിനിടെ കെഎസ്‌യു പ്രവർത്തകരുടെ നേരെ നടന്നടുക്കാൻ ശ്രമിക്കുന്ന മന്ത്രിയെ തടയുന്ന പൊലീസുകാരിൽ ചിത്രത്തിൽ കാണുന്ന ഉദ്യോഗസ്ഥയുടെ മുഖവുമുണ്ട്. ഇവർ ചില സന്ദര്‍ഭങ്ങളിൽ മന്ത്രിയെ ചേർത്ത് പിടിക്കുന്നുണ്ടെങ്കിലും മന്ത്രിയുടെ കഴുത്തിൽ പിടിക്കുന്നതായി കാണുന്നില്ല.
പരിക്കേറ്റ മന്ത്രി വീണ ജോർജിനെ പരിയാരം മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് കെഎസ്‌യു പ്രവർത്തകരെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ നടക്കുന്നുണ്ട്.
നിഗമനം
കേരള പൊലീസ് ഉദ്യോഗസ്ഥ മന്ത്രി വീണ ജോർജിന്‍റെ കഴുത്തിൽ പിടിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതമാണ്. ഗൂഗിള്‍ ജമിനി ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രമാണിത്, യഥാര്‍ത്ഥമല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




