
സോപ്പും സ്റ്റാർച്ചും മെഴുകുതിരികളും 1806 കാലഘട്ടത്തില്‍ വിറ്റഴിച്ചു നടന്ന വില്യം കോൾഗേറ്റ് 1873-ൽ ജാറുകളിലാണ് ആദ്യത്തെ ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചത്. 1896-ൽ കോൾഗേറ്റിന്‍റെ റിബൺ ഡെന്‍റൽ ക്രീം ഉപയോഗിച്ച് മടക്കാവുന്ന ട്യൂബുകൾ അവതരിപ്പിച്ചും കോൾഗേറ്റിന്‍റെ ചരിത്രം ആരംഭിച്ചു.1896: പെയിന്‍റ് ട്യൂബുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പ്രധാന കണ്ടുപിടുത്തമായ മടക്കാവുന്ന ട്യൂബുകളിലാണ് (കോൾഗേറ്റ് റിബൺ ഡെന്‍റൽ ക്രീം) കമ്പനി ടൂത്ത് പേസ്റ്റ് അവതരിപ്പിച്ചത്. ആഗോള വിപണി വിഹിതം ഒന്നാം സ്ഥാനത്ത് നിലനിർത്തുന്ന കോൾഗേറ്റ് ടൂത്ത് പേസ്റ്റിന് ലോകമെമ്പാടും ഇന്ന് അസാധാരണമായ സ്വീകാര്യതയുണ്ട്. ലോകത്ത് 200-ലധികം രാജ്യങ്ങളില്‍ ടൂത്ത് പേസ്റ്റ് വിൽക്കപ്പെടുന്നു. 2015 ലെ ഒരു റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടുമുള്ള പകുതിയിലധികം കുടുംബങ്ങളും വാങ്ങിയ ഒരേയൊരു ബ്രാൻഡായിരുന്നു കോള്‍ഗേറ്റ്.
മൃഗങ്ങളുടെ എല്ല് പൊടിച്ചശേഷം ആ മിശ്രിതം കലര്‍ത്തിയാണ് കോള്‍ഗേറ്റ് ടൂത്ത്പേസ്റ്റ് ഉണ്ടാക്കുന്നത് എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മൃഗങ്ങളുടെ എല്ല് വലിയ കണ്ടെയിനറുകളില്‍ ടൂത്ത് പേസ്റ്റ് നിര്‍മ്മാണ ഫാക്ടറിയില്‍ എത്തിക്കുന്നതും അവ യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊടിച്ച് ടൂത്ത് പേസ്റ്റ് ഉണ്ടാക്കുന്ന മിശ്രിതം ഉണ്ടാക്കി ട്യൂബുകളില്‍ പാക്ക് ചെയ്ത് കോള്‍ഗേറ്റ് പേസ്റ്റ് വിപണിയിലേയ്ക്ക് നല്‍കുന്നതുമായ ഫാക്ടറി നിര്‍മ്മാണ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ടൂത്ത് പേസ്റ്റ് ട്യൂബുകളിലും കൊണ്ടുപോകുന്ന കണ്ടെയ്നറുകളിലും കോള്‍ഗേറ്റ് എന്ന് എഴുതിയിരിക്കുന്നത് കാണാം.
കോള്‍ഗേറ്റ് പേസ്റ്റ് നിര്‍മ്മിക്കുന്നത് ഇങ്ങനെയാണ് എന്നുള്ള വിവരണം ഒപ്പമുണ്ട്: “Colgate tooth പേസ്റ്റ് ഉണ്ടാക്കുന്ന വിധം കണ്ടല്ലോ?
Dabur, KP നമ്പൂതിരിസ് തുടങ്ങിയ ആയുർവേദ പേസ്റ്റുകൾ ഉപയോഗിക്കുന്നതാണ് വൃത്തി”
എന്നാല്‍ ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതമാണെന്നും കോള്‍ഗേറ്റ് പേസ്റ്റ് നിര്‍മ്മാണവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ടൂത്ത് പേസ്റ്റ് നിര്‍മ്മാണം സാധാരണ എങ്ങനെയാണെന്നും ഏതൊക്കെ ചേരുവകളാണ് ഉപയോഗിക്കുന്നത് എന്നുമറിയാന്‍ തിരഞ്ഞപ്പോള്‍ ലഭിച്ച ലേഖനങ്ങളിലോ മറ്റ് റിപ്പോര്‍ട്ടുകളിലോ ഒന്നിലും മൃഗങ്ങളുടെ ശരീര ഭാഗങ്ങള്‍ ചേര്‍ക്കുന്നതായി യാതൊന്നും കാണാന്‍ കഴിഞ്ഞില്ല. കോള്‍ഗേറ്റ് പേസ്റ്റ് ഫാക്ടറിയില്‍ നിന്നും പകര്‍ത്തിയ നിര്‍മ്മാണ വീഡിയോ ഞങ്ങള്‍ക്ക് ഒരു യുട്യൂബ് ചാനലില്‍ നിന്നും ലഭിച്ചു.
കോള്‍ഗേറ്റ് പേസ്റ്റ് മിശ്രിതത്തില്‍ മൃഗങ്ങളുടെ എല്ല് പൊടിച്ചു ചേര്‍ക്കുന്നുണ്ട് എന്ന അവകാശവാദം സാധൂകരിക്കുന്ന ആധികാരികമായ റിപ്പോര്‍ട്ടുകള്‍ ഒന്നുംതന്നെ അന്വേഷത്തില്‍ കണ്ടെത്തിയില്ല. അതിനാല്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ കോള്‍ഗേറ്റ് കമ്പനി അധികാരികളുമായി ബന്ധപ്പെട്ടു. കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തില്‍ നിന്നും നല്‍കിയ വിശദീകരണം ഇങ്ങനെ: “ആരംഭത്തിൽ തന്നെ, ഞങ്ങളുടെ ടൂത്ത്‌പേസ്റ്റുകളിലും/ടൂത്ത്‌പൗഡറിലും മൃഗങ്ങളിൽ നിന്നുള്ള ഒരു ചേരുവയും അടങ്ങിയിട്ടില്ലെന്നും എല്ലായ്പ്പോഴും ‘100% വെജിറ്റേറിയൻ’ ആണെന്നും ഞങ്ങൾ സ്ഥിരീകരിക്കുന്നു. ഞങ്ങളുടെ ഉൽപ്പന്നങ്ങളൊന്നും മൃഗങ്ങളിൽ പരീക്ഷിച്ചിട്ടില്ല, അല്ലെങ്കിൽ ഞങ്ങളുടെ പ്രക്രിയകളിൽ മൃഗങ്ങളോടുള്ള ക്രൂരതയുമില്ല.
ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും വിപണിയിൽ വരുന്നതിനുമുമ്പ് കർശനമായ ഗുണനിലവാര നടപടികളിലൂടെ കടന്നുപോകുന്നു”
കോള്‍ഗേറ്റ് പേസ്റ്റില്‍ ഉപയോഗിക്കുന്ന ചേരുവകളുടെ വിശദാംശങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മൃഗങ്ങളുടെ എല്ല് ചേരുവയായി ഉപയോഗിക്കുന്നു എന്ന അവകാശവാദത്തെ സാധൂകരിക്കുന്ന ആധികാരിക റിപ്പോര്‍ട്ടുകള്‍ ഒന്നുംതന്നെയില്ല.
നിഗമനം
കോള്‍ഗേറ്റ് പേസ്റ്റ് നിര്‍മ്മാണ ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് എഐ നിര്‍മ്മിത വീഡിയോ ആണ്. കോള്‍ഗേറ്റ് പേസ്റ്റില്‍ മൃഗങ്ങളുടെ എല്ല് ചേരുവയായി ചേര്‍ക്കുന്നു എന്നത് വ്യാജ പ്രചരണം മാത്രമാണെന്നും നൂറുശതമാനം വെജിറ്റേറിയന്‍ ചേരുവകളാണ് കോള്‍ഗേറ്റ് പേസ്റ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്നും കോള്‍ഗേറ്റ് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:മൃഗങ്ങളുടെ എല്ല് ചേര്‍ത്തുണ്ടാക്കുന്ന കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ്… വീഡിയോ എഐ നിര്‍മ്മിതം…
Fact Check By: Vasuki SResult: False


