വിവരണം

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സെനറ്റ് അംഗങ്ങളായി ആര്‍എസ്എസ് അനുഭാവികളെ വൈസ് ചാന്‍സിലര്‍ നിയമിച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഗവര്‍ണറും ചാന്‍സിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ രംഗത്ത് വരുകയും തുടര്‍ന്ന് എസ്എഫ്ഐയും ഗവര്‍ണറും നേര്‍ക്ക് നേര്‍ വരുന്ന സാഹചര്യവും നിലനിന്നിരുന്നു. അതെ സമയം കെഎസ്‌യു ഗവര്‍ണറിനെ അനുകൂലിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ബാനര്‍ ഉയര്‍ത്തിയെന്ന ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഘി ചാന്‍സിലര്‍ വാപ്പസ് ജാവോ (Sanghi Chancellor wapas jao) എന്ന് എസ്എഫ്ഐ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മുന്‍പില്‍ ഉയര്‍ത്തിയ ബാനറിന് മീതെ ജന ഹൃദയങ്ങളിലാണ് ഗവര്‍ണര്‍ എന്ന ബാനര്‍ കെഎസ്‌യു ഉയര്‍ത്തിയെന്നതാണ് പ്രചരണം. സജിമോന്‍ തയ്യില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 460ല്‍ അധികം റിയാക്ഷനുകളും 309ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെഎസ്‌യു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇത്തരമൊരു ബാനര്‍ ഉയര്‍ത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും റിസള്‍ട്ടുകള്‍ യാതൊന്നും ലഭ്യമായില്ലാ. തുടര്‍ന്ന് സമര രംഗത്തുള്ള എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ ഫെയ്‌സ്ബുക്ക് പേജില്‍ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറുകളുടെയും സമരങ്ങളുടെും ചിത്രങ്ങളോ വീഡിയോകളോ ഉണ്ടോയെന്ന് പരിശോധിച്ചു. പി.എം.ആര്‍ഷോ ഡിസംബര്‍ 16ന് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ക്യാംപസിന്‍റെ വിവിധ ഭാഗങ്ങളില്‍ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറുകളുടെ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ ഒരു ചിത്രം തന്നെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു തലക്കെട്ടില്‍ പ്രചരിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിന്‍റെ ചിത്രം സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്-

Archived Screenshot

ഇതെ ചിത്രം ക്രോപ്പ് ചെയ്ത ശേഷം കെഎസ്‌യു ഗവര്‍ണറിനെ പിന്തുണച്ച് ബാനര്‍ ഉയര്‍ത്തിയെന്ന തരത്തില്‍ എഡിറ്റ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നത്. രണ്ട് ചിത്രങ്ങളും തമ്മിലുള്ള താരതമ്യം കാണാം-

കെഎസ്‌യു മലപ്പുറം-കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വവുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗര്‍ണറിനെ പിന്തുണച്ച് കെഎസ്‌യു ബാനര്‍ ഉയര്‍ത്തിയിട്ടില്ലായെന്നും പ്രചരണം വ്യാജമാണെന്നും അവര്‍ പ്രതികരിച്ചു.

നിഗമനം

എസ്എഫ്ഐ ഗവര്‍ണറിനെതിരെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഉയര്‍ത്തിയ പ്രതിഷേധ ബാനറിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് കെഎസ്‌യുവിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഗവര്‍ണറിനെ പിന്തുണച്ച് കെഎസ്‌യു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇത്തരത്തിലൊരു ബാനര്‍ ഉയര്‍ത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Altered