മാതൃഭൂമി ബഹിഷ്‌ക്കരിക്കുന്ന ഓരോ കുടുംബത്തിനും പറവൂർ കിഴക്കേപ്രം കരയോഗം 500 രൂപ ഇനാം പ്രഖ്യാപിച്ചോ..?
വിവരണം
Boycott ANTI HINDU - Mathrubhumi എന്ന പേജിൽനിന്നും 2018 ഓഗസ്റ്റ് 5 ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് 3500 റോളം ഷെയറുകളുമായി ഇപ്പോഴും വൈറലാണ്. "ഹിന്ദു വിരുദ്ധ പത്രമായ മാതൃഭൂമിയെ കേരള മണ്ണിൽ നിന്നും തുടച്ചു നീക്കാൻ ഉറച്ച് ഹിന്ദുക്കൾ...!! ഹിന്ദു സംഘടനകൾ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട്....!! ഹിന്ദു വിരുദ്ധ ശക്തികൾക്കു വേണ്ടി അച്ചു നിരത്തുന്ന മാതൃഭൂമിക്കെതിരെയുള്ള ജനരോക്ഷം ഇരമ്പുന്നു....!!" എന്ന അടിക്കുറിപ്പുമായി പ്രചരിക്കുന്ന പോസ്റ്റിൽ ഒരു ഫേസ്‌ബുക്ക് പ്രൊഫൈലിന്‍റെ സ്ക്രീൻഷോട്ടാനുള്ളത്. ഹിന്ദു വിരുദ്ധ പത്രമായ മാതൃഭൂമിയുടെ തായ്‌വേരറുക്കാൻ ഉറച്ച് സ്വാഭിമാൻ ഹിന്ദുക്കൾ!! മാതൃഭൂമി ബഹിഷ്‌ക്കരിക്കുന്ന കരയോഗ കുടുംബത്തിനും 500 രൂപ ഇനാം പ്രഖ്യാപിച്ച് പറവൂർ കിഴക്കേപ്രം 943 നമ്പർ കരയോഗം. അഭിനന്ദനങ്ങൾ. ന്യായമായ നീതി അത് ഞങ്ങൾ നേടിയെടുക്കും. ഹിന്ദു വിരുദ്ധ പത്രമായ മാതൃഭൂമിയും അതിൽ പരസ്യം കൊടുക്കുന്ന ഉൽപ്പന്നങ്ങളും സ്ഥാനങ്ങളും ബഹിഷ്കരിക്കുക." എന്ന വാചകങ്ങളാണ് സ്ക്രീൻഷോട്ടിൽ നൽകിയിരിക്കുന്നത്.
archived link | FB post |
അതായത് മാതൃഭുമി ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ച ഓരോ കരയോഗ അംഗമായ ഓരോ കുടുംബത്തിനും 500 രൂപ പറവൂർ കിഴക്കേപ്രം 943 നമ്പർ കരയോഗം പാരിതോഷികമായി നൽകും എന്നാണ് പോസ്റ്റിലെ അവകാശവാദം. കൃത്യം ഒരു വര്ഷം മുമ്പ് പ്രസിദ്ധീകരിച്ചതാണെങ്കിലും പോസ്റ്റിന് ഇപ്പോഴും പ്രതികരണങ്ങളും കമന്റുകളും ലൈക്കുകളും യഥേഷ്ടം ലഭിച്ചുകൊണ്ടേയിരിക്കുന്നു. ഈപോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ യാഥാർഥ്യം നമുക്ക് പരിശോധിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2018 ഓഗസ്റ്റ് 5 നാണ്. അതിനാൽ അക്കാലത്തെ മാധ്യമങ്ങളിൽ മാത്രമേ വാർത്ത ഉണ്ടാകുവാൻ സാധ്യതയുള്ളൂ. ഞങ്ങൾ വാർത്ത ഓൺലൈനിൽ തിരഞ്ഞു നോക്കിയെങ്കിലും ഇത് സംബന്ധിച്ച് യാതൊരു വാർത്തകളും ലഭ്യമായില്ല. പ്രമുഖ പത്രങ്ങളുടെ ഇ പേപ്പറിലും ഞങ്ങൾ വാർത്ത തിരഞ്ഞു. പ്രിന്റ് എഡിഷനിൽ കാണുന്ന അതെ വാർത്തകൾ തന്നെയാണ് ഇ പേപ്പറിൽ ലഭിക്കുക. എന്നാൽ അവയിലും ഇതെപ്പറ്റി വാർത്തകളൊന്നും കാണാനില്ല.
തുടർന്ന് ഞങ്ങൾ എറണാകുളം ജില്ലയിലെ പറവൂർ കിഴക്കേപ്രം 943 നമ്പർ കരയോഗം ഓഫീസുമായി ബന്ധപ്പെട്ടു. കരയോഗം സെക്രട്ടറി ബേബി അറിയിച്ചത് ഈ വാർത്ത പൂർണ്ണമായും വ്യാജമാണ് എന്നാണ്. ഇത്തരത്തിൽ ഇനാം നൽകുന്നതിനെ പറ്റി ഞങ്ങളുടെ കരയോഗത്തിന് ഇതുവരെ അറിവില്ല. മാത്രമല്ല എൻഎസ്എസ് ആസ്ഥാനത്തു നിന്ന് നൽകുന്ന നിർദേശപ്രകാരം മാത്രമാണ് ഞങ്ങൾ തീരുമാനമെടുക്കുക. ഓരോ വിഷയത്തിലും അവിടെ നിന്നും സർക്കുലർ എത്താറുണ്ട്. ഇതൊരു വ്യാജ പ്രചാരണം മാത്രമാണ്.
ഇപ്പോൾ മാതൃഭൂമിക്കെതിരെയുള്ള ബഹിഷ്‌കരണം നീക്കണം എന്ന് പറഞ്ഞുകൊണ്ട് എൻഎസ്എസ് ആസ്ഥാനത്തു നിന്നും സർക്കുലർ എത്തിയിരുന്നു.”
മാതൃഭൂമി പത്രാധിപരായി എംപി വീരേന്ദ്രകുമാർ ചങ്ങനാശേരിയിൽ എൻഎസ്എസ് ആസ്ഥാനത്ത് ചർച്ചയ്‌ക്കെത്തുകയും ചർച്ചയ്ക്ക് ശേഷം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മാതൃഭൂമിയ്‌ക്കെതിരായ ബഹിഷ്‌കരണം പിൻവലിക്കണമെന്ന് സാമുദായിക അംഗങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എൻഎസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട് ഈ വാർത്ത സത്യമാണെന്ന് ഞങ്ങളുടെ പ്രതിനിധി സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ അവസരത്തിൽ പ്രസ്തുത പോസ്റ്റ് വീണ്ടും ഷെയർ ചെയ്ത് തെറ്റിധാരണ ഉണ്ടാക്കുകയാണ്
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. എറണാകുളം ജില്ലയിലെ പറവൂർ കിഴക്കേപ്രം 943 നമ്പർ കരയോഗം മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കുന്നവർക്ക് 500 രൂപ ഇനാം പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം കരയോഗം സെക്രട്ടറി ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു
Title:മാതൃഭൂമി ബഹിഷ്‌ക്കരിക്കുന്ന ഓരോ കുടുംബത്തിനും പറവൂർ കിഴക്കേപ്രം കരയോഗം 500 രൂപ ഇനാം പ്രഖ്യാപിച്ചോ..?
Fact Check By: Vasuki SResult: False