ട്രെയിന്‍ തീ വെപ്പ് കേസ് പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലീസ് സൗകര്യം നല്‍കുമെന്ന് മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെ പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയും തുടര്‍ന്ന് മൂന്ന് പേരുടെ മരണത്തിന് ഇരയാകുകയും ചെയ്ത സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കാരം നടത്താനും സൗകര്യം കൊടുക്കും കേരള പോലീസ്.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജയകുമാര്‍ വേലിക്കകത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 69ല്‍ അധികം റിയാക്ഷനുകളും 25ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ ഇത്തരത്തില്‍ പ്രചരിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

മാതൃഭൂമി ന്യൂസ് വെ‌ബ് ഡെസ്കുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടതില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്നും ഇതില്‍ പ്രതികരിച്ച് മാതൃഭൂമി ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ വിശദീകരണം പങ്കുവെച്ചിട്ടുണ്ടെന്നും അവര്‍ മറുപടി നല്‍കി. ഇത് പ്രകാരം മാതൃഭൂമി ന്യൂസ് ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും അവര്‍ പങ്കുവെച്ച പ്രതികരണ പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്നതാണ് സ്ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ച് മാതൃഭൂമി ന്യൂസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മാതൃഭൂമി ന്യൂസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Mathrubhumi News 

സംസ്ഥാന പോലീസ് മീ‍‍ഡിയ സെന്‍ററുമായും ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെടുകയും വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിഗമനം

മാതൃഭൂമി ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിലെ വാചകങ്ങള്‍ എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിക്കുന്ന സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ട്രെയിന്‍ തീ വെപ്പ് കേസ് പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലീസ് സൗകര്യം നല്‍കുമെന്ന് മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Altered