<strong>കേന്ദ്ര സേനയുടെ വെടിയുണ്ട പേടിച്ചാണ് വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പില്‍ എത്തിയതെന്ന് കൈരളി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത?</strong>
വിവരണം
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള സമരം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമര സമിതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. എന്നാല്‍ സമരത്തില്‍ നിന്നും സമരസമിതി പിന്‍മാറിയത് കേന്ദ്ര സേനയുടെ വെടിയുണ്ട പേടിച്ചാണെന്ന് കൈരളി ന്യൂസ് വാര്‍ത്ത നല്‍കി എന്ന തരത്തിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. കൈരളി ബ്രേക്കിങ് വിഴിഞ്ഞം ചര്‍ച്ച കേന്ദ്രസേനയുടെ വെടിയുണ്ട പേടിച്ച് വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി.. എന്ന പേരിലുള്ള ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. വിനോദ് കുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 44ല്‍ അധികം റിയാക്ഷനുകളും നിരവധി ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ കൈരളി വിഴിഞ്ഞു സമരം ഒത്തുതീര്‍പ്പായത് കേന്ദ്ര സേനയുടെ വെടിയുണ്ട പേടിച്ചാണെന്ന് വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ കൈരളി ന്യൂസ് വെബ് ഡെസ്‌കുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വ്യാജ ന്യൂസ് കാര്‍ഡാണെന്ന വിശദീകരണം ലഭിച്ചു. കൈരളി ന്യൂസ് വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതിനെ കുറിച്ച് നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ് കൈരളി ന്യൂസ് ഫെയ്‌സ്ബുക്ക് പേജിലുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇത് പ്രകാരം കൈരളി ന്യൂസ് ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും സമരം ഒത്തുതീര്‍പ്പായതിന്‍റെ വാര്‍ത്തയും കണ്ടെത്താന്‍ കഴിഞ്ഞു. കേന്ദ്ര സേനയുടെ വെടിയുണ്ട പേടിച്ച് എന്ന വാചകം യഥാര്‍ത്ഥ ന്യൂസ് കാര്‍ഡില്‍ ഇല്ലാത്തതാണെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.
വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതിനെ കുറിച്ച് കൈരളി ന്യൂസ് നല്‍കിയ യഥാര്‍ത്ഥ വാര്‍ത്ത ന്യൂസ് കാര്‍ഡ്-
നിഗമനം
കൈരളി ന്യൂസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ന്യൂസ് കാര്‍ഡില്‍ വാചകങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കേന്ദ്ര സേനയുടെ വെടിയുണ്ട പേടിച്ചാണ് വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പില്‍ എത്തിയതെന്ന് കൈരളി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത?
Fact Check By: Dewin CarlosResult: Altered