
വിവരണം
എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്‍പായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നടത്തിയ വാര്‍ത്ത സമ്മേളനത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കേരള, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലെ 2971 കേന്ദ്രങ്ങളില്‍ ആകെ 4,00,205 (നാല് ലക്ഷത്തി ഇരുനൂറ്റി അഞ്ച്) വിദ്യാര്‍ത്ഥകള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതും. എന്നാല്‍ അടുത്ത വാചകത്തില്‍ മന്ത്രി അക്കങ്ങളായി എണ്ണം പറയുന്നത്. നാല് രണ്ട് ഏഴ് ഒന്ന് പൂജ്യം അഞ്ച് എന്നാണ്. അതായത് 4,27,105 മന്ത്രി വായിച്ച് വന്നപ്പോള്‍ നാല് ലക്ഷത്തി ഇരുനൂറ്റ് അഞ്ചായി മാറിയെന്നും ഇതാണ് ഞങ്ങളുടെ വിദ്യാഭ്യാസ മന്ത്രി എന്ന് പരിഹസിച്ചാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഞ്ചുഅശോക്25 എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 1,300ല്‍ അധികം റിയാക്ഷനുകളും 842ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മന്ത്രി ശിവന്‍കുട്ടിക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ കണക്കില്‍ നാക്കുപിഴ സംഭവിച്ചിട്ടുണ്ടോ? എന്താണ് വീഡിയോക്ക് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ യൂട്യൂബില്‍ വി.ശിവന്‍കുട്ടി, പ്രസ് മീറ്റ് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും അദ്ദേഹം നടത്തിയ വാര്‍ത്ത സമ്മേളനത്തിന്‍റെ പൂര്‍ണ്ണരൂപം മനോരമ ന്യൂസ് അവരുടെ യൂട്യൂബ് ചാനലില്‍ നിന്നും പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. 427105 പേര്‍ എസ്എസ്എല്‍സി പരീക്ഷ എഴുതും; 2971 കേന്ദ്രങ്ങള്‍|V Sivankutty | SSLC എന്നതാണ് മനോരമ ന്യൂസ് വീഡിയോക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ നാല് ലക്ഷത്തി ഇരുപത്തിയേഴായിരത്തി ഒരുനൂറ്റി അഞ്ച്, അക്കങ്ങളില്‍ നാലെ രണ്ടെ ഒന്ന് പൂജ്യം അഞ്ച് എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ കുറിച്ചെടുക്കാനായി വിശദീകരിച്ച് പറയുന്നുണ്ട്.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷച്ചതില്‍ നിന്നും പോയിന്‍റ് സെക്കന്‍ഡ് മാത്രം എഡിറ്റാക്കി നാല് ലക്ഷത്തി ഇരുനൂറ്റി അഞ്ച് എന്ന ആക്കിയതാണെന്നും ഇതോടെ വ്യക്തമായി.
മന്ത്രി ശിവന്‍കുട്ടി നടത്തിയ വാര്‍ത്ത സമ്മേളനത്തിന്‍റെ യഥാര്‍ത്ഥ വീഡിയോ കാണാം-
നിഗമനം
2971 കേന്ദ്രങ്ങളായി 4,27,105 വിദ്യാര്‍ത്ഥികള്‍ എസ്എസ്‌എല്‍സി പരീക്ഷ എഴുതുമെന്ന് തന്നെയാണ് മന്ത്രി ശിവന്‍ കുട്ടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. വീഡിയോ എഡിറ്റ് ചെയ്താണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വീഡിയോ കൃത്രിമമായി നിര്‍മ്മിച്ച വ്യാജ പ്രചരണമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:എസ്എസ്‌എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ കണക്ക് പറഞ്ഞപ്പോള്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് നാക്കുപിഴ സംഭവിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം..
Written By: Dewin CarlosResult: Altered
