BJPയുടെ പ്രചാരണത്തിന്‍റെ സാധനങ്ങളില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റ് ലഭിച്ചു എന്ന പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം ഇങ്ങനെയാണ്...
BJP വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ട് വന്ന സ്വര്‍ണ്ണ ബിസ്ക്കറ്റ് പോലീസ് പിടികുടിയ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയില്‍ കാണുന്നത് സ്വര്‍ണ്ണ ബിസ്ക്കറ്റ് അല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ BJPയുടെ പ്രചരണത്തിന് വേണ്ടിയുള്ള സാധനങ്ങള്‍ നിറഞ്ഞ ബോക്സുകള്‍ പരിശോധിക്കുന്നതായി നമുക്ക് കാണാം. വീഡിയോയില്‍ മറാത്തിയില്‍ സംഭാഷണവും നമുക്ക് കേള്‍ക്കാം. വീഡിയോയില്‍ മറാത്തിയില്‍ പറയുന്നത് ഇങ്ങനെയാണ്: “പരിശോധിക്ക്! ആരെയും പേടിക്കാതെ പരിശോധിചോളു! സ്വര്‍ണ്ണ ബിസ്ക്കറ്റ് ആണ് അത്!”
പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “മാമന്റെ തല , കൊടി പിന്നെ അൽപ്പം സ്വർണ്ണ ബിസ്ക്കറ്റ് 😀🤣😀😀😂”
എന്നാല്‍ ബോക്സില്‍ കണ്ടെത്തിയത് ശരിക്കും സ്വര്‍ണ്ണ ബിസ്ക്കറ്റ് ആണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഗൂഗിളില്‍ സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡ് ഉപയോഗിച്ച് തിരഞ്ഞു നോക്കി. ഞങ്ങള്‍ക്ക് ഈ സംഭവത്തിനെ കുറിച്ച് NDTV റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത ലഭിച്ചു. ഈ വാര്‍ത്ത നിങ്ങള്‍ക്ക് താഴെ കാണാം.
വീഡിയോയില്‍ റിപ്പോര്‍ട്ടര്‍ വൈറല്‍ വീഡിയോയെ കുറിച്ചാണ് പറയുന്നത്. ഈ സംഭവം മുംബൈയിലെ ഘാട്ട്കോപ്പറിലാണ് നടന്നത്. ഘാട്ട്കോപ്പര്‍ പോലീസ് സ്റ്റേഷനിലെ അധികാരികളോട് റിപ്പോര്‍ട്ടര്‍ വീഡിയോയെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത് ഇങ്ങനെയാണ്: “ഈ സംഭവം 9 മെയ് 2024 രാത്രിയാണ് സംഭവിച്ചത്. ഒരു ബിജെപിയുടെ പ്രവര്‍ത്തകന്‍ അയാളുടെ കുടുംബങ്ങള്‍ക്കൊപ്പം വണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അവരുടെ വണ്ടി നിര്‍ത്തി പരിശോധിക്കണം എന്ന് ആവശ്യപെട്ടു. പക്ഷെ ബിജെപി പ്രവര്‍ത്തകന്‍ സഹകരിച്ചില്ല. അത് കൊണ്ട് ഇയാളെ പോലീസ് സ്റ്റേഷനില്‍ കൊണ്ട് വരേണ്ടി വന്നു. പോലീസ് സ്റ്റേഷനില്‍ ഇയാളുടെ വണ്ടിയില്‍ കിട്ടിയ സാധനങ്ങള്‍ പരിശോധിക്കുകയുണ്ടായി. ഈ പരിശോധനയില്‍ സാധനങ്ങളില്‍ സ്വര്‍ണ്ണം ഒന്നും കണ്ടെത്തിയില്ല. ഈ സാധനങ്ങള്‍ ബിജെപിയുടെ ബൂത്ത് അധ്യക്ഷന്മാര്‍ക്ക് നല്‍കാനുള്ള പ്രചരണ സാമഗ്രികള്‍ ആയിരുന്നു.”
വീഡിയോയില്‍ കേള്‍ക്കുന്ന ‘സ്വര്‍ണ്ണ ബിസ്ക്കറ്റ്’ എന്ന വാക്ക് യഥാര്‍ത്ഥത്തില്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ബിജെപിയുടെ നേതാവാണ് ദേഷ്യത്തില്‍ പറയുന്നത് എന്ന് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു. ഈ വാക്ക് കേട്ടിട്ട് ഈ കിംവദന്തികള്‍ തുടങ്ങിയിട്ടുണ്ടാകാം എന്നും റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു.
മുംബൈ പ്രസ് എന്ന മാധ്യമത്തിനോട് സംസാരിക്കുമ്പോള്‍ ഈ വീഡിയോയെ കുറിച്ച് മുളുണ്ട് ഡിവിഷന്‍ ഡി.സി.പി. പുരുഷോത്തം കരാട് പറഞ്ഞു, “പരിശോധനയുടെ ഇടയില്‍ ചില പ്രവര്‍ത്തകര്‍ പറഞ്ഞതാണ്, ശരിക്ക് നോക്ക് സ്വര്‍ണ്ണ ബിസ്ക്കറ്റ് ഉണ്ടാകും എന്ന്. പക്ഷെ പരിശോധനയില്‍ കിട്ടിയത് പ്രചാരണത്തിന് വേണ്ടിയുള്ള സാധനങ്ങള്‍ മാത്രമാണ്.”
മുഴുവന്‍ വാര്‍ത്ത വായിക്കാന്‍ - Mumbai Press | Archived
വീഡിയോയില്‍ കാണുന്ന സാധനം യഥാര്‍ത്ഥത്തില്‍ പ൪ഫ്യുമായിരുന്നു എന്ന് ബിജെപിയുടെ നേതാവ് അജയ് ബഡ്ഗുജര്‍ വ്യക്തമാക്കി. പോലീസ് തടഞ്ഞ കാര്‍ ബഡ്ഗുജറുടെതായിരുന്നു. അദ്ദേഹം NDTVയുടെ റിപ്പോര്‍ട്ടറോട് വീഡിയോയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ഇലക്ഷന്‍ സ്ക്വാഡ് എന്‍റെ കുടുംബാംഗങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തിനെ തടഞ്ഞു. ഈ വാഹനത്തില്‍ പാര്‍ട്ടിയുടെ പ്രചരണ സാമഗ്രികളുടെ ബോക്സ് ഉണ്ടായിരുന്നു. ഈ ബോക്സില്‍ എല്ലാ പ്രവര്‍ത്തകര്‍ക്ക് കൊടുക്കാനുള്ള കിറ്റ് ആയിരുന്നു.” ഇതിനെ തുടര്‍ന്ന് അദ്ദേഹം കിറ്റ് തുറന്നു കാണിക്കുന്നു.
കിറ്റില്‍ ബിജെപിയുടെ പ്രചരണത്തിന് വേണ്ടിയുള്ള സാധനങ്ങളാണ്. ഇതില്‍ പ്രധാനമന്ത്രിയുടെ മുഖംമൂടികള്‍, കപ്പുകള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയ പല സാധനങ്ങള്‍ നമുക്ക് വീഡിയോയില്‍ കാണാം. പിന്നിട് അദ്ദേഹം വീഡിയോയില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റ് എന്ന തരത്തില്‍ അവകാശപ്പെടുന്ന സാധനം എടുത്ത് കാണിക്കുന്നു. ഈ സാധനം യഥാര്‍ത്ഥത്തില്‍ പര്‍ഫ്യുമാണ് എന്ന് ബഡ്ഗുജര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.
വീഡിയോയില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റ് എന്ന് പറയുന്നത് ഞാനാണ് എന്നും ബഡ്ഗുജര്‍ വ്യക്തമാക്കുന്നു. പോലീസിനോട് പറഞ്ഞു മനസിലാക്കി കൊടുത്തിട്ടും അവര്‍ വിശ്വസിക്കുന്നില്ല എന്ന് കണ്ടിട്ട് ഞാന്‍ നിരാശയില്‍ പറഞ്ഞതാണ് എന്ന് ബഡ്ഗുജര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.
നിഗമനം
BJP വോട്ടര്‍മാര്‍ക്ക് വിതാരണം ചെയ്യാന്‍ കടത്തി കൊണ്ട് പോകുന്ന സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പോലീസ് പിടിച്ചെടുത്തു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ദൃശ്യങ്ങളില്‍ കാണുന്നത് സ്വര്‍ണ്ണ ബിസ്ക്കറ്റല്ല പകരം പ൪ഫ്യുമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:BJPയുടെ പ്രചാരണത്തിന്‍റെ സാധനങ്ങളില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റ് ലഭിച്ചു എന്ന പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം ഇങ്ങനെയാണ്...
Written By: Mukundan KResult: False