
വിവരണം
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് ആര്‍എസ്‌പി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്‍റെ ലാത്തിച്ചാര്‍ജില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരുക്കേറ്റ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ മനോരമ ന്യൂസ് കളക്‌ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് പരിക്ക്. രണ്ട് പേര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് പ്രചരണം. ട്രോളുകള്‍ക്കും ആക്ഷേപഹാസ്യങ്ങളും വേണ്ടി നിരവധി പേജുകളും ഗ്രൂപ്പുകളും വ്യക്തികളും ഈ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചതായി കീ വേര്‍ഡ് സെര്‍ച്ചില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അനൂപ് എന്‍.വി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം-

എന്നാല്‍ മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് തന്നെയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..
വസ്‌തുത വിശകലനം
ആദ്യം തന്നെ മനോരമ ന്യൂസ് വെബ്‌സൈറ്റില്‍ പ്രചരിക്കുന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും ഇത്തരത്തിലൊരു വാര്‍ത്ത മനോരമ നല്‍കിയതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. മാര്‍ച്ചില്‍ പോലീസുമായി ഏറ്റുമുട്ടി എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് പരുക്ക് എന്ന തലക്കെട്ട് നല്‍കിയ വാര്‍ത്തയാണ് മനോരമ ന്യൂസ് വെബ്‌സൈറ്റില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിനെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മനോരമ ന്യൂസ് വെബ്‌ഡെസ്‌കുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്- മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് അല്ല സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരോ വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണിത്. മനോരമ ന്യൂസിന്‍റെ ഫോണ്ട് അല്ല എന്നും പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ അക്ഷരത്തെറ്റുണ്ടെന്നും അവര്‍ പ്രതികരിച്ചു. സംഘര്‍ഷം എന്നുള്ളതിന് സങ്കര്‍ഷം എന്നാണ് സ്ക്രീന്‍ഷോട്ടില്‍ എഴുതിയിരിക്കുന്നത്.

കൊല്ലം കളക്‌ടറേറ്റ് മാര്‍ച്ച് സംഘര്‍ഷത്തെ കുറിച്ച് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത (യൂട്യൂബ് വീഡിയോ) –
നിഗമനം
മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് അവര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..
Fact Check By: Dewin CarlosResult: Altered
