ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയ്‌സ് ക്യാംപെയിനിനെ പരിഹസിച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഇത്തരത്തിലൊരു ട്വീറ്റ് പങ്കുവെച്ചോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..
വിവരണം
ബിജെപി നേതാവ് നുപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധം രേഖപ്പെടുത്തിയ ഖത്തറിനോടുള്ള വിയോജിപ്പുമായി ട്വിറ്ററില്‍ വലിയ ക്യാംപെയ്നുകളാണ് ഇപ്പോഴും നടന്ന് വരുന്നത്. ഖത്തര്‍ എയര്‍വെയ്‌സ് ബഹിഷ്കരിക്കുക എന്ന ആഹ്വാനമായിരുന്നു ഇതില്‍ പ്രധാനമായും ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയത്. #BoycottQatarAirways എന്നത് പകരം ഏറ്റവും അധികം ട്രെന്‍ഡിങില്‍ വന്നത് സ്പെല്ലിങ് തെറ്റിയ #BycottQatarAirways എന്ന ഹാഷ്ടാഗ് ആയിരുന്നു എന്നതാണ് മറ്റൊരു വസ്‌തുത. അതെ സമയം ഇന്ത്യയുടെ ട്വിറ്റര്‍ പ്രതിഷേധത്തെ പരിഹസിച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഒരു ട്വീറ്റ് പങ്കുവെച്ചു എന്ന പേരിലൊരു സ്ക്രീന്‍ഷോട്ട് ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. First learn how to spell Boycott എന്ന പേരില്‍ ഇന്ത്യയുടെ ഹാഷ്‌ടാഗ് ക്യാംപെയിനിലെ അക്ഷരത്തെറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം ഖത്തര്‍ എയര്‍വെയ്‌സ് പരിഹസിച്ചു ട്വീറ്റ് ചെയ്തു എന്നതരത്തിലാണ് പ്രചരണം. #BrainlessBhakths എന്ന ഹാഷ്‌ടാഗ് നല്‍കിയാണ് ഖത്തര്‍ എയര്‍വെയ്‌സ് ഈ ട്വീറ്റ് ചെയ്തതെന്നതാണ് അവകാശവാദം. മലപ്പുറം സഖാക്കള്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,500ല്‍ അധികം റിയാക്ഷനുകളും 277ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഖത്തര്‍ എയര്‍വെസ് ഇത്തരത്തിലൊരു ട്വീറ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അന്വേഷിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ഖത്തര്‍ എയര്‍വെയ്‌സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇത്തരത്തിലൊരു ട്വീറ്റ് അവര്‍ പങ്കുവെച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാല്‍ ഖത്തര്‍ എയര്‍വെയ്‌സ് ഇങ്ങനെയൊരു ട്വീറ്റ് പങ്കുവെച്ചിട്ടില്ലെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. കൂടാതെ അവര്‍ സ്ഥിരമായി ട്വീറ്റ് ചെയ്യുന്ന പോസ്റ്റുകള്‍ താരതമ്യം ചെയ്തതില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കെതിരെ ഖത്തര്‍ എയര്‍വെയ്‌സ് പങ്കുവെച്ച ട്വീറ്റ് എന്ന പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന് മനസിലാക്കാനും സാധിച്ചു.
ഖത്തര്‍ എയര്‍വെയ്‌സ് എന്ന പേരിന് ശേഷം ട്വിറ്റര്‍ ഹാന്‍ഡിലിന്‍റെ ഐഡി ചേര്‍ന്നാണ് കാണുന്നത് ഇതോടൊപ്പം ട്വീറ്റ് ചെയ്യുന്ന തീയതിയും കാണാന്‍ സാധിക്കും. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ തീയതി കാണാന്‍ കഴിയുന്നില്ല. മാത്രമല്ല ട്വീറ്റിലെ വാചകങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് അതിന്‍റെ ഫോണ്ട് വലിപ്പവും അലൈന്‍മെന്‍റും പരിശോധിച്ചാല്‍ വ്യക്തമാകും.
ഖത്തര്‍ എയര്‍വെയ്‌സിന്‍റെ മറ്റൊരു ട്വീറ്റും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്വീറ്റും തമ്മിലുള്ള താരതമ്യം കാണാം-
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന എഡിറ്റ് ചെയ്ത വ്യാജ ട്വീറ്റ്-
നിഗമനം
ഖത്തര്‍ എയര്‍വെയ്‌സിന്‍റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്താമയി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയ്‌സ് ക്യാംപെയിനിനെ പരിഹസിച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഇത്തരത്തിലൊരു ട്വീറ്റ് പങ്കുവെച്ചോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..
Fact Check By: Dewin CarlosResult: False