
വിവരണം
പാലക്കാട് കോണ്‍ഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ലാ.. ഇവരെല്ലാം നാളെ ബിജെപി ആകും മനസ് തുറന്ന് ലീഡറിന്‍റെ മകന്‍ കെ.മുരളീധരന്‍.. പാലക്കാട് വോട്ടര്‍മാരെ ജാഗ്രത.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതാനം സെക്കെന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള മീഡിയ വണ്‍ ചാനലിന്‍റെ ലോഗോ സഹിതമുള്ള വീഡിയോയാണിത്. നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ലാ ഇവരൊക്കെ നാളെ ബിജെപിക്കാരാകും.. എന്നാണ് വീഡിയോയില്‍ കെ.മുരളീധരന്‍ പറയുന്നത്. പകരനേല്ലൂര്‍ സഗാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.മുരളീധകരന്‍ കോണ്‍ഗ്രസിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ മീഡിയ വണ്‍ ഇത്തരത്തിലൊരു വാര്‍ത്ത വീഡിയോ പങ്കുവെച്ചിട്ടുണ്ടോയെന്ന് അറിയാന്‍ അവരുടെ സമൂഹമാധ്യമങ്ങളിലെ പേജുകളാണ് പരിശോധിച്ചത്. ഇതില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ മീഡിയ വണ്‍ പങ്കുവെച്ച റീല്‍ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. പ്രചരിക്കുന്ന വീഡിയോയുടെ പൂര്‍ണ്ണരൂപമാണിത്. വീഡിയോയില്‍ മുരളീധരന്‍റെ വാക്കുകള്‍ ഇപ്രകാരമാണ് –
“കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നടന്ന് പ്രസംഗിച്ചത്, നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ലാ ഇവരൊക്കെ നാളെ ബിജെപിക്കാരാകും എന്നാണ് പറഞ്ഞത്. ഇപ്പോ എന്തായി.. മൂന്ന് എംഎല്‍എമാരാണ് ഇവരുടെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. ഒരു എംഎല്‍എ തോമസ് കെ.തോമസ് രണ്ട് എംഎല്‍എമാരെ വിളിച്ച് നിങ്ങള്‍ക്ക് 50 കോടി വീതം തരാം. നമുക്ക് അജിത്ത് പവാറിന്‍റെ എന്‍സിപിയില്‍ ചേരാം അങ്ങനെ കേന്ദ്രത്തില്‍ ബിജെപിയുടെ ഭാഗമാകാം. ഇവിടെ മുഖ്യമന്ത്രിയോട് ഒരു കാര്യം പറയാനുള്ളത്. അന്‍വര്‍ നിങ്ങള്‍ക്കെതിരെ ഒരു അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ അന്‍വറിനെ നിങ്ങള്‍ മുന്നണിയില്‍ നിന്നും ഒഴിവാക്കി. ഈ കൈകൂലി ഓഫര്‍ ചെയ്ത തോമസ് കെ.തോമസിനെ നിങ്ങള്‍ക്ക് മുന്നണിയില്‍ നിന്ന് ഒഴിവാക്കാന്‍ ധൈര്യമുണ്ടോയെന്നുമാണ്” മുരളീധരന്‍റെ വാക്കുകളുടെ പൂര്‍ണ്ണരൂപം.
ഇൻസ്റ്റാഗ്രാം റീലിന്‍റെ പൂര്‍ണ്ണരൂപം –
ഇതെ വീഡിയോ മീഡയവണ്‍ യൂട്യൂബ് ചാനലില്‍ പൂര്‍ണ്ണദൈര്‍ഘ്യത്തില്‍ പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോ ഇതാണ് –
നിഗമനം
പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിന്നും ക്രോപ്പ് ചെയ്തതാണെന്നും ഇത്തരത്തില്‍ എഡിറ്റ് ചെയ്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിതെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ ഇവരെല്ലാം നാളെ ബിജെപിക്കാരാകുമെന്ന് കെ.മുരളീധരന്‍ പറഞ്ഞോ?
Written By: Dewin CarlosResult: Altered
