രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ ഭരണപക്ഷം പരിഹസിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

Altered രാഷ്ട്രീയം | Politics

വിവരണം

പ്രതിപക്ഷ നേതാവ് ഇവനൊക്കെ രാത്രി എന്താണ് പണിയെന്ന് അന്വേഷണം നടത്തണം പൊതുഖജനാവിലെ സുരക്ഷയും തീറ്റയും കുടിയും താമസവും എന്നിട്ട് പാർലിമെന്റ്റിലെ ഉറക്കം? നാണക്കേട്.. എന്ന തലക്കെട്ട് നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇരുന്ന ഉറങ്ങുന്നതും ഇതിനെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പരിഹസിക്കുകയും ചെയ്യുന്ന വീ‍ഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. റെഡ് ആര്‍മി ഓഫീഷ്യല്‍സ് എന്ന ഗ്രൂപ്പില്‍ ചുവപ്പിന്‍റെ കൂട്ടുകാര്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കിരണ്‍ റിജിജു രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചയ്തതില്‍ നിന്നും യൂട്യൂബില്‍ നിന്നും വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ സന്‍സദ് ടിവി വഴി സംപ്രേക്ഷണം ചെയ്ത ലോക്സഭ സമ്മേളനത്തിന്‍റെ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. 2024 ഓഗസ്റ്റ് 8ന് വഖഫ് ഭേദഗതി ബില്ല് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അവതരിപ്പിക്കുന്നതാണ് സെഷന്‍. വീഡിയോയുടെ 04:00:00 (നാലാം മണിക്കൂര്‍) പരിശോധിച്ചതില്‍ നിന്നും ഇതെ ഭാഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞു.

പരിഭാഷ ഇങ്ങനെയാണ് – എന്‍റെ മണ്ഡലത്തിലെ മുസ്ലീം വോട്ടര്‍മാരെ കുറിച്ച് ദാദ ചോദിച്ചിരുന്നു… എന്‍റെ മണ്ഡലത്തില്‍ ധാരാളം മുസ്ലീം വോട്ടര്‍മാരുണ്ടെന്നും റിജിജു പറയുന്നു. അപ്പോഴാണ് കേന്ദ്ര ഗിരിരാജ് സിങ് പ്രതിപക്ഷത്തേക്ക് കൈചൂണ്ടി ഉറങ്ങുന്നു.. ഉറങ്ങുന്നു.. അദ്ദേഹം ഉറങ്ങി പോയി എന്ന് പറയുന്നു.. ഇതിന് ശേഷം രാഹുല്‍ ഗാന്ധി സഭയില്‍ ഇരുന്ന് ഉറങ്ങുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ വീഡിയോയില്‍ ആരാണ് ഉറങ്ങുന്നതെന്ന ഭാഗമില്ലാ. അതുകൊണ്ട് തന്നെ ഇത് രണ്ടായി എഡിറ്റ് ചെയ്ത് ചേര്‍ത്താണെന്ന് സ്ഥിരീകരിക്കാം. കാരണം സന്‍സദ് ടിവി വഴി മാത്രമെ സഭ സമ്മേളനങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ കഴിയു. ഈ വീഡിയോയില്‍ രാഹുല്‍ ഗാന്ധി ഉറങ്ങുന്ന ഭാഗമില്ലാ.

ലോക്‌സഭ സമ്മേളനത്തിന്‍റെ പ്രസക്ത ഭാഗം –

എന്നാല്‍ കിരണ്‍ റിജിജും മറ്റ് ഭരണപക്ഷ എംപിമാരും ആര് ഉറങ്ങുന്നതിനെ പരിഹസിച്ചതാണ് വീഡിയോയിലുള്ളത് എന്ന് അറിയാന്‍ കീ ഫ്രിയമുകള്‍ വീണ്ടും ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തു. ഇതില്‍ നിന്നും റെഡ്ഡിറ്റില്‍ ഇന്ത്യാ സ്പീക്‌സ് എന്ന പ്രൊഫൈലില്‍ നിന്നും TMC MP Saugata Roy raised question about muslim voters on Waqf ammendment and slept when Kiren Rijiju started answering (തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് മുസ്ലിം വോട്ടര്‍മാരെ കുറിച്ചും വഖഫ് ബില്ലിനെ സംബന്ധിച്ച ചോദ്യം ഉന്നയിച്ച ശേഷം കിരണ്‍ റിജിജു മറുപടി നല്‍കിയപ്പോള്‍ ഉറങ്ങി) എന്ന തലക്കെട്ട് നല്‍കിയ വീ‍ഡിയോ കണ്ടെത്താന്‍ കഴിഞ്ഞു.

റെഡ്ഡിറ്റില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ –

എന്നാല്‍ സൗഗത റോയ് എംപി തന്നെയാണോ എന്ന് സ്ഥിരീകരണം നടത്താന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരുമായി ഇതെ കുറിച്ച് അന്വേഷിച്ചു. ലോക്‌സഭ വേളയിലെ ഈ വൈറല്‍ വീഡിയോയില്‍ പ്രതിപക്ഷ നിരയില്‍ നിന്നും കിരണ്‍ റിജിജുവിനോട് ചോദ്യം ചോദിച്ചത് സൗഗത റോയ് തന്നെയാണ്. അതിന് ശേഷം റിജിജു മറുപടി പറയുന്ന സമയം അദ്ദേഹം ഉറങ്ങി പോയി. ലോക്‌സഭയിലെ മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് റിജിജു ദാദ എന്ന് വിളിച്ചത്.

നിഗമനം

വഖഫ് ബില്ല് അവതരിപ്പിച്ച വേളയില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനോട് ചോദ്യം ചോദിച്ച ശേഷം മറുപടി സമയം ഉറങ്ങിയ തൃണമൂല്‍ എംപിയായ സൗഗത റോയിയെ പരിഹസിക്കുന്നതാണ് വീഡിയോ. എന്നാല്‍ ഈ വീഡിയോ എഡിറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതാണെന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ ഭരണപക്ഷം പരിഹസിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

Written By: Dewin Carlos 

Result: Altered