ഈ റോഡ് കേരളത്തിലേതല്ല, ബംഗ്ലാദേശിലെതാണ്....
കേരള സര്‍ക്കാര്‍ നിലവാരമില്ലാതെ നിർമ്മിച്ച റോഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്നവകാശപ്പെട്ട് തകര്‍ന്ന റോഡിന്‍റെ ഒരു ചിത്രം വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
തകര്‍ന്ന റോഡ് ചിലര്‍ പായ പോലെ ചുരുട്ടി എടുക്കുന്നത് ചിത്രത്തില്‍ കാണാം. കേരളത്തിലാണ് ഈ റോഡ് എന്നു വാദിച്ച് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “PWD rocks.......
ആവശ്യം കഴിഞ്ഞാൽ ചുരുട്ടി വക്കാവുന്ന റോഡ് കണ്ടു പിടിച്ചു....😳😉😁😆😄😜”
എന്നാല്‍ ഈ റോഡ് കേരളത്തിലേതോ അല്ലെങ്കില്‍ ഇന്ത്യയിലൊരിടത്തും നിന്നുള്ളതോ അല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ബംഗ്ലാദേശിലെ തകർന്ന റോഡിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ കുറഞ്ഞത് 2016 മുതൽ ഈ ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി. ബംഗ്ലാദേശ് വാർത്താ സൈറ്റായ BD1news 2016 ജൂൺ 24-ന് ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ചിത്രത്തില്‍ രണ്ട് കുട്ടികൾ ബംഗ്ലാദേശ് ക്രിക്കറ്റ് ജേഴ്‌സി ധരിച്ചിരിക്കുന്നത് കാണാം. 2015ലെ അഡ്‌ലെയ്ഡ് പര്യടനത്തിനിടെ ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാർ ധരിച്ച ജഴ്‌സികൾക്ക് സമാനമാണ് ചിത്രത്തിലെ കുട്ടികളുടെ ജേഴ്‌സി. വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ 2017-2018 ലെ ആഗോള മത്സരക്ഷമത സൂചികയിൽ ബംഗ്ലാദേശ് ഏഷ്യയിലെ രണ്ടാമത്തെ മോശം റോഡുകളാണെന്ന് കണ്ടെത്തി.
തുടർന്നുള്ള കീ വേര്‍ഡ്സ് അന്വേഷണത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഒരു ട്വിറ്റർ ഉപയോക്താവ് ഇതേ ചിത്രം പോസ്റ്റു ചെയ്തതായി കണ്ടെത്തി.
ട്വീറ്റിന്‍റെ ബംഗ്ലാ ഭാഷയിലെ അടിക്കുറിപ്പിന്‍റെ പരിഭാഷ ഇങ്ങനെ: “ഓ! രാജ്യം ശരിക്കും സിംഗപ്പൂരായി! ലോകത്തിലെ ആദ്യത്തെ മടക്കിയ റോഡ്..."
ബംഗ്ലാദേശിലെ ഒരു റോഡാണ് എന്ന അടിക്കുറിപ്പിനൊപ്പം ഇതേ ഫോട്ടോ 2017 നവംബർ 24-ന് ഒരു ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചിത്രത്തിലെ കുട്ടികള്‍ ധരിച്ചിരിക്കുന്ന ക്രിക്കറ്റ് ടീമിന്‍റെ ജഴ്‌സികളുടെ ചിത്രവും ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ജേഴ്സിയുടെ ചിത്രവും ശ്രദ്ധിക്കുക.
2018 മാർച്ച് ഒന്നിന് ധാക്ക ട്രിബ്യൂൺ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ 2017-2018 ലെ ഗ്ലോബൽ കോമ്പറ്റിറ്റീവ്നസ് ഇൻഡക്‌സ് പറയുന്നത്, ഏഷ്യയിലെ ഏറ്റവും മോശം റോഡുകളുള്ള രാജ്യങ്ങളില്‍ ബംഗ്ലാദേശ് രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശിന് താഴെയുള്ള ഏക ഏഷ്യൻ രാജ്യമായിരുന്നു നേപ്പാൾ.
WEF റിപ്പോർട്ടിലെ പേജ് 59-ലെ വിശദാംശങ്ങള്‍ ശ്രദ്ധിക്കുക. റോഡുകളുടെ ഗുണനിലവാരത്തിൽ ലോകമെമ്പാടുമുള്ള 137 രാജ്യങ്ങളിൽ 105-ാം സ്ഥാനത്താണ് ബംഗ്ലാദേശ്.
ചിത്രത്തില്‍ കാണുന്ന റോഡ് കേരളത്തിലെതല്ല. ബംഗ്ലാദേശിലെതാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. കേരളത്തിലെ തകര്‍ന്ന പൊതുമരാമത്ത് റോഡ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള റോഡിന്‍റെ ചിത്രമാണ്. 2016 മുതല്‍ ചിത്രം ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.