അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ചൈനയിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് മാത്രമാണ്. മറ്റാർക്കും വിലക്കില്ല

അന്തർദേശിയ൦ രാഷ്ട്രീയം | Politics

വിവരണം

പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റ അതിനുശേഷം അമേരിക്ക രാജ്യാന്തര ബന്ധങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തദ്ദേശീയരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് അമേരിക്കയിലേയ്ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു എന്നാണത്. 

ഫേസ്ബുക്കില്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്ന ഒരു പോസ്റ്റ് ഇവിടെ നല്‍കുന്നു.  

archived linkFB post

കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും പൂർണ്ണമായും വിലക്കാൻ ഒരുങ്ങി അമേരിക്കൻ ഭരണകൂടം എന്നാണ് പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത. 

ചതിക്കല്ലേ മുതലാളി ഞങ്ങളുടെ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പെടാപ്പാടുപെടുമെന്ന അടിക്കുറിപ്പോടെയാണ് വാർത്ത നൽകിയിരിക്കുന്നത്

കമ്മ്യൂണിസ്റ്റ് പാർട്ടിയും ചൈനയും തമ്മിൽ പണ്ടേ അത്ര നല്ല ബന്ധമല്ല എന്ന് നമുക്ക് അറിയാം. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ആണ് ഇവിടെ നൽകിയിരിക്കുന്നത്. ഞങ്ങൾ ഈ വാർത്തയെക്കുറിച്ച് അന്വേഷിച്ചു. ഈ വാർത്ത തെറ്റാണ് 

വസ്തുതാ വിശകലനം 

ചൈനയിൽ നിന്നുമുള്ള പാർട്ടി അംഗങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു. വാർത്തയുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു 

archived linknytimes

“ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്തി. പ്രധാനമായും മുസ്‌ലിം രാജ്യങ്ങളിൽ 2017 ലെ യാത്രാ നിരോധനത്തിൽ ഉപയോഗിച്ച ഇമിഗ്രേഷൻ, ദേശീയത നിയമത്തിലെ അതേ ചട്ടത്തെ അടിസ്ഥാനമാക്കിയായിരിക്കും രാഷ്ട്രപതിയുടെ ഉത്തരവ് പുറപ്പെടുവിക്കുക. 

അമേരിക്കയിലേക്ക് പ്രവേശിക്കാനോ അവിടെത്തന്നെ തുടരാനോ ആഗ്രഹിക്കുന്ന ചൈനക്കാർക്കെതിരായ നടപടിയാണിതെന്ന് ചൈന നോക്കി കാണുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കാന്‍ കാരണമാകും. 

പ്രസിഡന്‍റ് പ്രഖ്യാപനം ഇപ്പോഴും കരട് രൂപത്തിലാണ്. നിയമം പ്രാബല്യത്തില്‍ വന്നാല്‍  പാർട്ടി അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും വിസ റദ്ദാക്കാൻ അമേരിക്കൻ സർക്കാരിന് അധികാരം ലഭിക്കും. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗങ്ങളും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലെ എക്സിക്യൂട്ടീവുകളും അമേരിക്കയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുന്നതിന് ചില നിർദ്ദിഷ്ട മാനദണ്ഡങ്ങള്‍ ഉണ്ടാകും. എന്നിരുന്നാലും അവരിൽ പലരും പാർട്ടി അംഗങ്ങളാകാൻ സാധ്യതയുണ്ട്…”

ഇതുകൂടാതെ കോഴിക്കോട് എമിഗ്രേഷൻ ഓഫീസുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടിരുന്നു. അവിടെ നിന്നും ഉദ്യോഗസ്ഥന്‍ നല്‍കിയ  മറുപടി ഇങ്ങനെയാണ്: ചൈനയിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കു മാത്രമാണ് നിയമം ബാധകമാകുക. അല്ലാതെ ലോകത്തൊരിടത്തും നിയമം ബാധകമല്ല. ഇന്ത്യ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. മറ്റ് അറിയിപ്പുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. 

മറ്റു വാർത്താമാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ചൈനയിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് മാത്രമാണ് വിലക്ക് ബാധകം.

archived linkdeepika

ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും ഈ നിയമം ബാധിക്കില്ല. ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് ഇതുവരെ തടസ്സമൊന്നുമില്ല.  

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ചൈനയിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് മാത്രമാണ് അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്കും അംഗങ്ങൾക്കും ഇപ്പോള്‍ അമേരിക്കയിലേക്ക് പ്രവേശിക്കാവുന്നതാണ്.

Avatar

Title:അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ചൈനയിൽ നിന്നുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് മാത്രമാണ്. മറ്റാർക്കും വിലക്കില്ല

Fact Check By: Vasuki S 

Result: False