
ഇസ്രായേലിലേക്ക് ആയുധങ്ങൾ നിറച്ച വിമാനങ്ങൾ പറത്താൻ വിസമ്മതിച്ചതിന് യുഎസ് സൈനിക പൈലറ്റുമാരെ അറസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ വഴി ഒരു പ്രചരിക്കുന്നുണ്ട്.
പ്രചരണം
സൈനിക യൂണിഫോം ധരിച്ച പുരുഷനെയും സ്ത്രീയെയും കൈകള്‍ ബന്ധിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇവർ “അമേരിക്ക കൂട്ടക്കൊലയ്ക്ക് കൂട്ടുനിൽക്കുന്നു” എന്ന് വിളിച്ചു പറയുന്നതും കേൾക്കാം. ഇസ്രയേലിനെ സഹായിക്കാനായി ആയുധങ്ങള്‍ എത്തിച്ചു നല്‍കാന്‍ വിസമ്മതിച്ച അമേരിക്കന്‍ സൈനിക പൈലറ്റുമാരാണ് ഇവര്‍ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “യുഎസ് സായുധ സേനയിലെ അംഗങ്ങള്‍ ഇസ്രായേലിലേക്ക് ആയുധങ്ങള്‍ നിറച്ച വിമാനങ്ങള്‍ പറത്താന്‍ വിസമ്മതിക്കുന്നു. തുടര്‍ന്ന്, അവര്‍ പെന്റഗണിലേക്ക് വിളിച്ചുവരുത്തി ബലമായി അറസ്റ്റ് ചെയ്ത് കൈകള്‍ ബന്ധിച്ചു. ഈ വീഡിയോ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പ് കാണുക, പരമാവധി ഷെയര്‍ ചെയ്യുക.
സയണിസ്റ്റ് യുദ്ധാസക്തിക്കെതിരെ ഒറ്റക്കെട്ടാവുക….
ഗാസയിലെ കൂട്ടക്കൊലയ്ക്ക് നെതന്യാഹുവിനെ വിചാരണ ചെയ്യുക”
എന്നാല്‍ ഇവര്‍ പൈലറ്റുമാരല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ AJ+ എന്ന ഫേസ്ബുക്ക് പേജിൽ 2025 സെപ്റ്റംബർ 4-ന് പങ്കുവച്ച സമാന വീഡിയോ ലഭിച്ചു.
“യുഎസ് സേനയിലെ വിരമിച്ച സൈനികരായ ആന്‍റണി അഗ്വിലാർ, ജോസഫിൻ ഗിൽബോ എന്നിവർ ഗാസയിലെ കൂട്ടക്കൊലയിൽ അമേരിക്കയും പങ്കാളികളാണെന്ന് ആരോപിച്ച് സെനറ്റ് ഹിയറിങ്ങിൽ പ്രതിഷേധിച്ചു. തുടർന്ന് ഇവരെ പുറത്തേക്ക് കൊണ്ടുപോയി” എന്നാണ് അടിക്കുറിപ്പ്.
അല്‍-അറേബിയ ടെലിവിഷന്‍ ചാനലിന്‍റെ ഫേസ്ബുക്ക് പേജില്‍ ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. “യുഎസ് സേനയിലെ വിരമിച്ച സൈനികരായ ആന്‍റണി അഗ്വിലാർ, ജോസഫിൻ ഗിൽബോ എന്നിവർ സെനറ്റ് ഹിയറിങ്ങിൽ പ്രതിഷേധിച്ചു. അവരെ അറസ്റ്റ് ചെയ്തശേഷം പിന്നീട് വിട്ടയച്ചു.” എന്നാണ് വിവരണം.
പ്രതിഷേധത്തിൽ പങ്കെടുത്തവർ സൈനിക യൂണിഫോമിൽ എത്തിയതിനാലും പിന്നീട് കൈകള്‍ ബന്ധിച്ച് കൊണ്ടുപോയതിനാലുമാണ് അവർ അമേരിക്കന്‍ പൈലറ്റുമാരാണെന്ന് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. യഥാർത്ഥത്തിൽ അവർ യുഎസ് സേനയിലെ വിരമിച്ച സൈനികരാണ്. പ്രതിഷേധക്കാർക്കെതിരായ അറസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിച്ചു എന്നുമാത്രം.
നിഗമനം
ഇസ്രായേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകാൻ വിസമ്മതിച്ചതിന് അമേരിക്കന്‍ പൈലറ്റുമാരെ അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നത് സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച രണ്ട് സൈനികര്‍ ഗാസയിലെ കൂട്ടക്കൊലയിൽ അമേരിക്കയും പങ്കാളികളാണെന്ന് ആരോപിച്ച് സെനറ്റ് ഹിയറിങ്ങിൽ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തപ്പോഴുള്ള ദൃശ്യങ്ങളാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇസ്രായേലിലേയ്ക്ക് വിമാനം പരത്താന്‍ വിസമ്മാതിച്ചതിന് അമേരിക്കന്‍ പൈലറ്റുമാരെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍..? വീഡിയോയുടെ സത്യമിതാണ്…
Fact Check By: Vasuki SResult: False
