വിവരണം

കേരളത്തില്‍ ഭീകരണ ആക്രമണഭീഷണി നിലനില്‍ക്കെ വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി എന്ന തലക്കെട്ടോടുകൂടിയ ഒരു വാര്‍ത്ത മറുനാടന്‍ ടിവി എന്ന ഓണ്‍ലൈന്‍ ചാനല്‍ പുറത്ത് വിട്ടിരുന്നു. കൊച്ചി നഗരത്തെ ചുട്ടെരിക്കാന്‍ എത്തിയ 88 ജെലാറ്റിന്‍ സ്റ്റിക്കുകളും 9 ഡിറ്റൊണേറ്ററുകളും പിടിച്ചെടുത്തു എന്ന് എഴുതിയ തമ്പ് നെയിലാണ് മറുനാടന്‍ ടിവി ഫെയ്‌സ്ബുക്കില്‍ അവരുടെ പേജില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന 03.03 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. വീഡിയോ ഇതുവരെ 1,900ല്‍ അധികം പേര്‍ ഷെയര്‍ ചെയ്യുകയും 1,200ല്‍ അധികം പേര്‍ ലൈക്കു് നല്‍കുകയും ചെയ്തിട്ടുണ്ട്.

പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്-

Marunadan TV

9 May at 20:06 ·

“കേരളത്തിൽ ഭീകരാക്രമണ ഭീഷണി നിലനിൽക്കെ കൊച്ചിയിൽ വൻ സ്ഫോടക വസ്തുവേട്ട; കൊച്ചി പൊലീസ് പിടികൂടിയത് 88 ജലാറ്റിൻ സ്റ്റിക്കുകളും ഒമ്പത് ഡിറ്റണെറ്ററുകളും; സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ; മലയാറ്റൂർ-കൂത്താട്ടുകുളം മേഖലയിൽ കൂടുതൽ സ്‌ഫോടക വസ്തുക്കൾ ഉണ്ടെന്നു പൊലീസിന് രഹസ്യ വിവരം; സ്ഥിഗതികൾ അതീവ ഗുരുതരമെന്ന വിലയിരുത്തലിൽ കൂടുതൽ റെയ്ഡുകൾക്ക് പൊലീസ് നീക്കം”

Archived Link

ഇതെ പോസ്റ്റ് ലിങ്ക് പങ്കു വച്ചും ഡൗണ്‍ലോഡ് ചെയ്തെടുത്തും വാട്‌സാപ്പിലും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയിലെ അയ്യമ്പുഴ എന്ന പ്രദേശത്ത് നിന്നും സ്ഫോടക വസ്തുതക്കള്‍ പിടികൂടിയത് സംബന്ധിച്ച വാര്‍ത്തയാണ് മറുനാടന്‍ നല്‍കിയിരിക്കുന്നത്. ശ്രീലങ്കന്‍ സ്ഫോടനത്തിന് പിന്നാലെ കൊച്ചിയെയും ലക്ഷ്യമാക്കി ഭീകരര്‍ ആക്രമണം നടത്തിയേക്കാമെന്ന ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സ്ഫോടകം ശേഖരം പിടിച്ചെടുത്തതെന്നുമൊക്കെയാണ് മറുനാടന്‍ റിപ്പോര്‍ട്ട്. എന്നാല്‍ ശ്രീലങ്കന്‍ ചാവേറ് ബോംബ് ആക്രമണത്തിന്‍റെ പശ്ചാതലത്തില്‍ നടത്തിയ പരിശോധനയിലാണോ സ്ഫോടക വസ്‌തുകള്‍ അയ്യന്‍മ്പുഴയില്‍ നിന്നും പിടികൂടിയത്. ഇതിന് ഭീകര പ്രവര്‍ത്തനമായി എന്തെങ്കിലും ബന്ധമുണ്ടോ. എന്ത് അടിസ്ഥാനത്തിലാണ് മറുനാടന്‍ ടിവിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് എന്നത് പരിശോധിക്കാം.

വസ്‌തുത വിശകലനം

എറണാകുളം നഗരത്തില്‍ നിന്നും ഏകദേശം 90 കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള ഒരു ഗ്രാമപ്രദേശമാണ് അയ്യന്‍പുഴ. എറണാകുളം ജില്ലയിലെ മലമ്പ്രദേശമാണ് ഈ പഞ്ചായത്ത്. ധാരാളം കരിങ്കല്‍ ക്വാറികള്‍ ഉള്ള പ്രദേശം കൂടിയാണിത്. അത്തരത്തിലൊരു ക്വാറിയില്‍ അനുമതിയില്ലാതെ അനധികൃതമായി സ്ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ച് കരിങ്കല്ല് പൊട്ടിക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് യഥാര്‍ത്ഥത്തില്‍ അയ്യമ്പുഴയില്‍ പൊലീസ് റെയ്‌ഡ് നടത്തിയതെന്ന് എറണാകുളം റൂറല്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി ഞങ്ങളുടെ പ്രതിനിധിയോട് വിഷയത്തെ കുറിച്ച് പ്രതികരിച്ചു. അങ്ങനെയാണ് ജലാറ്റിന്‍ സ്റ്റിക് ഉള്‍പ്പടെയുള്ള സ്ഫോടക വസ്‌തുകള്‍ പിടികൂടിയതും അറസ്റ്റ് നടന്നതും. ക്വാറി അനധികൃതമാണെന്ന രഹിസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. റെയ്‌‍ഡിന് എന്‍ഐഎ അല്ലെങ്കില്‍ മറ്റ് കേന്ദ്ര സുരക്ഷാ ഏജെന്‍സികളുടെ മുന്നറിയിപ്പുമായി യാതൊരു ബന്ധവുമില്ല. ശ്രീലങ്കന്‍ ഭീകരാക്രമണവും ക്വാറി വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും ഭീകര പ്രവര്‍ത്തനമെന്ന നിലയിലല്ല അറസ്റ്റെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി വിശദമാക്കി. കൊച്ചി നഗരത്തെ ചുട്ടെരിക്കാന്‍ എത്തിച്ച സ്ഫോടക വസ്‌തുക്കളാണിതെന്നാണ് മറുനാടന്‍ ടിവിയുടെ കണ്ടെകത്തല്‍. കൊച്ചി നഗരത്തില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമപ്രദേശം മാത്രമാണ് അയ്യമ്പുഴ എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. പാറമടയില്‍ ഉപയോഗിക്കാനുള്ള സ്ഫോടക വസ്തുകളാണിതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയതെന്നും അവതാരക പറയുന്നുണ്ടെങ്കിലും ഇതോടൊപ്പം ശ്രീലങ്കന്‍ ചാവേര്‍ ആക്രമണത്തെയും കൂട്ടിക്കുഴയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. പാലക്കാട് നിന്നും പിടിയിലായ ഐഎസ് ഭീകരരുമായ ബന്ധമുള്ള റിയാസ് അബൂബക്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതായി പോലീസിന് വിവരം ലഭിച്ചതെന്നും മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വാര്‍ത്ത കാണുന്ന ജനങ്ങള്‍ക്ക് ഭീതിയുണ്ടാകുകയും നഗരത്തില്‍ ചാവേറ് ആക്രമണം നടത്താന്‍ വേണ്ടി കൊണ്ടുവന്ന സ്ഫോടക വസ്തുക്കളാണ് ഇവയെന്ന തെറ്റ്ദ്ധാരണയുണ്ടാകുകയും വാര്‍ത്തയുടെ അവതരണം കണ്ടാല്‍ സ്വാഭാവികമായും തോന്നും. എന്നാല്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടികൂടിയ സാഹചര്യവും മറുനാടന്‍ ടിവി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഐഎസ് ആക്രമണ ഭീഷണിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്‌തവം.

നിഗമനം

ജലാറ്റിന്‍സ്റ്റിക്കുകളും ഡിറ്റൊനേറ്ററുകളും പിടികൂടിയെന്നതല്ലാതെ ശ്രീലങ്കന്‍ ചാവേറ് ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് മേലധികാരികള്‍ തന്നെ പ്രതികരിച്ച സാഹചര്യത്തില്‍ വാര്‍ത്തയുടെ ഉള്ളടക്കം തെറ്റ്ദ്ധാരണ ഉണ്ടാക്കുന്നത് മാത്രമാണെന്ന് കണ്ടെത്താന്‍ കഴി‍ഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊച്ചി നഗരത്തെ ചുട്ടെരിക്കാന്‍ എത്തിച്ച സ്ഫോടക വസ്തുക്കള്‍ എന്ന പേരില്‍ മറുനാടന്‍ ടിവി പ്രചരിപ്പിക്കുന്ന വാര്‍ത്ത വസ്‌തുത വിരുദ്ധമാണ്. എന്നാല്‍ റെയ്ഡ് നടന്ന വിവരവും സ്ഫോടക വസ്തുക്കള്‍ പിടികൂടിയതും സത്യമായതിനാല്‍ വാര്‍ത്തയുടെ ഉള്ളടക്കം സമിശ്രമാണ്. അതുകൊണ്ട് തന്നെ പൂര്‍ണമായി വ്യാജമാണെന്ന് പറയാന് ‍കഴിയുകയില്ല..

Avatar

Title:കൊച്ചി നഗരത്തെ ചുട്ടെരിക്കാന്‍ എത്തിച്ച സ്ഫോടക വസ്‌തുക്കളാണോ പൊലീസ് പിടികൂടയത്?

Fact Check By: Harishankar Prasad

Result: Mixture