ഇപി ജയരാജനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും പിന്നാലെ അയ്യപ്പ ഭക്തരെ പിന്തുണച്ച് അദ്ദേഹം സംസാരിച്ചു എന്നും പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്...

By :  Deepa
Update: 2024-09-20 05:36 GMT

മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ ശബരിമല ഭക്തരെ പിന്തുണച്ചു സംസാരിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

മനോരമ ന്യൂസിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇ പി ജയരാജൻ പറയുന്നത് ഇങ്ങനെ: “അയ്യപ്പ സന്നിധാനത്തിലേയ്ക്ക് പോകുന്ന ഭക്തന്മാരെ തടഞ്ഞാൽ അയ്യപ്പ ദോഷം ആ തടയുന്നവർക്ക് ഉണ്ടാകും. അതോടുകൂടി അവരുടെ നാശം സംഭവിക്കും. അതായിരിക്കും അയ്യപ്പ വിധി" ഇപി ജയരാജനെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്നും അതിനാൽ ശബരിമലയെയും ഭക്തരെയും അനുകൂലിച്ച് പരാമർശം നടത്തുകയാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ശബരിമല ശ്രീ ധർമ്മശാസ്താവാണ് സത്യം ഞാൻ തുറന്നു പറയട്ടെ യഥാർത്ഥ സത്യം മറച്ചുവച്ചുകൊണ്ട് ഈ കണ്ട കാലം കമ്മ്യൂണിസം പ്രചരിപ്പിച്ച് നടന്നു ഞാൻ. ഇന്ന് ഞാൻ എല്ലാം തുറന്നു പറയുന്നു 🙏പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ഒരു ഉളുപ്പുമില്ലാതെ സത്യം തുറന്നുപറയുന്നു ഈ പറഞ്ഞ വാക്കുകൾ പരമ പവിത്രമാണ് സത്യമാണ്.

സ്വാമിയേ ശരണമയ്യപ്പ”

FB post | archived link
Full View

എന്നാൽ ഇത് 2018 ലെ വീഡിയോ ആണെന്നും ഇപി ജയരാജനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ മനസ്സിലാക്കി.

വസ്തുത ഇതാണ്

പ്രചരിക്കുന്ന വീഡിയോ മനോരമ ന്യൂസിൽ നിന്ന് എടുത്തതാണെന്ന് വ്യക്തമാണ് ഈ സൂചന ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ 2018 ഒക്ടോബർ 17ന് മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച വീഡിയോ ലഭിച്ചു.

Full View

ഇപി ജയരാജൻ അയ്യപ്പ ഭക്തരെ അനുകൂലിച്ചാണ് സംസാരിക്കുന്നത് എങ്കിലും സർക്കാർ നിലപാട് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇപി ജയരാജന്റെ പരാമർശത്തെ കുറിച്ച് മനോരമ ഓൺലൈൻ പതിപ്പിൽ വന്ന റിപ്പോർട്ട്:

 

വൈറൽ വീഡിയോയിൽ അവകാശപ്പെടുന്നതു പോലെ ഇപി ജയരാജനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് അദ്ദേഹത്തെ മാറ്റിയിരുന്നു. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൂര്‍ണമായി കേന്ദ്രീകരിക്കുന്നതിന് അദ്ദേഹത്തിന് പരിമിതിയുണ്ടായിട്ടുണ്ട് എന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനമുണ്ടായത്. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഉണ്ടായത് സംഘടനാ നടപടിയല്ലെന്നും ഇ പി ജയരാജൻ ഇപ്പോഴും സംഘടനയിലെ ഘടകമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

പഴയ വീഡിയോ ഉപയോഗിച്ച് തെറ്റായ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇപി ജയരാജനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. 2018 ൽ ശബരിമലയിൽ സ്ത്രീകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടർന്ന് ഇപി ജയരാജൻ നടത്തിയ പ്രതികരണം ഇപ്പോഴത്തേത് എന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്.

Claim :  ഈയിടെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് ഇപി ജയരാജൻ ശബരിമല ഭക്തരെ അനുകൂലിച്ച് പരാമർശം നടത്തുന്ന ദൃശ്യങ്ങൾ
Claimed By :  Social media users
Fact Check :  MISLEADING
Tags:    

Similar News