അന്തരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേത്താവ് സീതാറാം യെച്ചൂരിയുടെ മരണാനന്തര ചടങ്ങുകള്‍ ക്രൈസ്തവ ആചാര പ്രകാരമായിരുന്നുവെന്ന പ്രചരണം വ്യാജം... വസ്തുത അറിയൂ...

By :  Deepa
Update: 2024-09-17 14:08 GMT

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരി ദില്ലി എയിംസിൽ വച്ച് 2024 സെപ്തംബർ 12 ന് ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന്‍റെ അന്ത്യോപചാര ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ, വലതുപക്ഷ ചായ്‌വുള്ള നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ യെച്ചൂരി ഹിന്ദു ആയിരുന്നില്ലെന്നും ക്രൈസ്തവ വിശ്വാസി ആയിരുന്നുവെന്നും പ്രചരണം ആരംഭിച്ചു. അദ്ദേഹം ക്രൈസ്തവ വിശ്വാസിയാണെന്ന് അവകാശപ്പെടുന്ന കിംവദന്തികൾ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയെ പ്രചരിക്കുന്നുണ്ട്.

പ്രചരണം

യെച്ചൂരിയുടെ അന്ത്യോപചാര വേളയിൽ, ക്രൈസ്തവ ശവസംസ്‌കാര ചടങ്ങുകളിൽ ഉപയോഗിക്കുന്ന ശവപ്പെട്ടിക്കുള്ളില്‍ അദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചിത്രം ഉപയോഗിച്ചാണ് പ്രചരണം നടത്തുന്നത്. പെട്ടിക്കുള്ളിലുള്ള അദ്ദേഹത്തിന്‍റെ മൃതദേഹത്തിന് ചുറ്റും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. അദ്ദേഹം ക്രിസ്ത്യാനി ആണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:

"പേര്: സീതാറാം യെച്ചൂരി

മതം: ക്രിസ്ത്യൻ

ഗോതമ്പ് പൊടി കൊടുത്ത് മതപരിവർത്തനം നടത്തുമ്പോൾ തൻ്റെ ഹിന്ദു നാമം പറഞ്ഞ് അദ്ദേഹം എത്ര പേരെ കബളിപ്പിച്ചുവെന്ന് സങ്കൽപ്പിക്കുക

വയർ സീമ ചിസ്തിയുടെ കുപ്രസിദ്ധ ഹിന്ദു വിരുദ്ധ എഡിറ്ററായ ഒരു മുസ്ലീം സ്ത്രീയെ അദ്ദേഹം വിവാഹം കഴിച്ചു. ഈ ക്രിസ്റ്റോ-ഇസ്ലാമിക് ദമ്പതികൾ ഒരുമിച്ച് ഇന്ത്യയ്ക്കും ഹിന്ദുക്കൾക്കും എതിരായി അവരുടെ ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു.

പേര്: സീതാറാം യെച്ചൂരിമതം: ക്രിസ്ത്യൻഗോതമ്പ് പൊടി കൊടുത്ത് മതപരിവർത്തനം നടത്തുമ്പോൾ തൻ്റെ ഹിന്ദു നാമം പറഞ്ഞ് അദ്ദേഹം എത്ര പേരെ കബളിപ്പിച്ചുവെന്ന് സങ്കൽപ്പിക്കുകവയർ സീമ ചിസ്തിയുടെ കുപ്രസിദ്ധ ഹിന്ദു വിരുദ്ധ എഡിറ്ററായ ഒരു മുസ്ലീം സ്ത്രീയെ അദ്ദേഹം വിവാഹം കഴിച്ചു. ഈ ക്രിസ്റ്റോ-ഇസ്ലാമിക് ദമ്പതികൾ ഒരുമിച്ച് ഇന്ത്യയ്ക്കും ഹിന്ദുക്കൾക്കും എതിരായി അവരുടെ ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു."

 

എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

സീതാറാം യെച്ചൂരിയുടെ മുന്‍കാല പ്രസംഗങ്ങള്‍ എടുത്തു നോക്കിയാല്‍, താൻ നിരീശ്വരവാദിയാണെന്നും അതിനാൽ ഒരു മതവും പിന്തുടരുന്നില്ലെന്നും പലതവണ പരാമർശിച്ചിരുന്നു എന്നു കാണാം. കൂടാതെ, അദ്ദേഹത്തിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് ദാനം ചെയ്തതായും, അതിനാലാണ് അത് എംബാം ചെയ്ത് ഒരു പെട്ടിയിലാക്കിയതെന്നും ന്യൂഡൽഹിയിലെ എയിംസിൽ നിന്നുള്ള ഒരു പത്രക്കുറിപ്പ് സ്ഥിരീകരിക്കുന്നു. കൂടാതെ, യെച്ചൂരിയുടെ ശവസംസ്കാര ചടങ്ങുകളില്‍ മതപരമായ ചടങ്ങുകളോ അന്ത്യകർമങ്ങളോ നടത്തിയിട്ടില്ല. വാര്‍ത്തകളിലും വീഡിയോ ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമാണ്.

ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് പകർത്തിയതാണ് ഈ വൈറല്‍ ചിത്രം. ജെ‌എന്‍‌യു സർവകലാശാലയിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച രാഷ്ട്രീയ നേതാവിന് വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ ആദരാഞ്ജലികൾ അർപ്പിക്കാനാണ് യെച്ചൂരിയുടെ മൃതദേഹം ജെഎൻയുവിൽ എത്തിച്ചത്.

ജെഎൻയുവിൽ യെച്ചൂരിയുടെ മൃതദേഹം വഹിച്ച ശവപ്പെട്ടിക്ക് ചുറ്റും വിദ്യാർത്ഥികളും അധ്യാപകരും അന്തിമോപചാരം അർപ്പിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും ലഭ്യമാണ്. യെച്ചൂരിയുടെ അന്ത്യോപചാര ചടങ്ങുകളില്‍ ഒന്നിലും ക്രൈസ്തവ ആചാരങ്ങളുടെ സൂചനകളൊന്നും തന്നെയില്ല. യെച്ചൂരിയുടെ മതവിശ്വാസങ്ങൾ യെച്ചൂരി ചെന്നൈയിൽ തെലുങ്ക് സംസാരിക്കുന്ന ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചപ്പോൾ, താൻ ഒരു നിരീശ്വരവാദിയാണെന്നും മതവിശ്വാസങ്ങളൊന്നും പിൻപറ്റിയിട്ടില്ലെന്നും അദ്ദേഹം നിരവധി അവസരങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. 2017 ഏപ്രിൽ 22ലെ  എക്‌സ് പോസ്റ്റിൽ യെച്ചൂരി താൻ നിരീശ്വരവാദിയാണെന്ന് വ്യക്തമായി പറയുന്നുണ്ട്.

ഏതാണ്ട് 20 വയസ്സു മുതൽ താൻ നിരീശ്വരവാദിയാണെന്ന്  ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പരാമർശിക്കുന്നു.

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടുമായി സംസാരിച്ചു. "ഒരു ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് സീതാറാം യെച്ചൂരി ജനിച്ചതെങ്കിലും അദ്ദേഹം ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ആയ അദ്ദേഹം കടുത്ത നിരീശ്വരവാദിയായിട്ടാണ് തന്‍റെ പ്രവര്‍ത്തന മണ്ഡലത്തില്‍ നിലകൊണ്ടത്. യെച്ചൂരിയുടെ ഭൌതിക ശരീരം ശവപ്പെട്ടിയിൽ സൂക്ഷിച്ചു എന്നതിനെ മാത്രം ആധാരമാക്കിയാണ് യെച്ചൂരി ക്രിസ്ത്യാനിയാണെന്ന പ്രചരണം നടത്തുന്നത്. അദ്ദേഹത്തിന്‍റെ ആഗ്രഹ പ്രകാരമാണ് ഭൌതിക ശരീരം എയിംസിന് നല്‍കുന്നത്.”

സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരാധകരും യാത്രയയപ്പ് നൽകിയതിന് ശേഷം മെഡിക്കൽ പഠനത്തിനായി ഡൽഹി എയിംസിലേക്ക് വിട്ടുകൊടുത്തതായി  മുഖ്യമന്ത്രി പിണറായി വിജയൻ X ല്‍ കുറിച്ചിട്ടുണ്ട്.

2017 ല്‍ രാജ്യസഭയില്‍ നിന്നും വിടചൊല്ലുന്ന സമയത്ത് യെച്ചൂരി നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ കേട്ടു നോക്കുക.

Full View

താന്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ആളായിരുന്നുവെന്നും എന്നാല്‍ ഇന്ത്യയില്‍ ഇസ്ലാം അടക്കമുള്ള എല്ലാ മതങ്ങളുമായി ഇഴുകി ചേര്‍ണ്ണ ജീവിതമാണ് നയിച്ചിരുന്നതെന്നും എടുത്തു പറയുന്നുണ്ട്.

നിഗമനം

നിര്യാതനായ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് സീതാറാം യെച്ചൂരി ക്രൈസ്തവ വിശ്വാസം പിന്‍തുടര്‍ന്ന ആളായിരുന്നുവെന്നും അന്തിമോപചാര ചടങ്ങുകള്‍ ക്രൈസ്തവ വിശ്വാസ പ്രകാരമായിരുന്നുവെന്നുമുള്ള പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മരണശേഷം യെച്ചൂരിയുടെ ഭൌതിക ശരീരം എംബാം ചെയ്ത് ശവപ്പെട്ടിയിൽ സൂക്ഷിക്കുകയും പിന്നീട് ഗവേഷണത്തിനായി ഡൽഹി എയിംസിലേക്ക് സംഭാവന നൽകുകയുമാണ് ഉണ്ടായത്. അദ്ദേഹത്തിന്‍റെ ശവസംസ്‌കാര വേളയിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ ചടങ്ങുകളോ നടത്തിയിട്ടില്ലെന്ന് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പ്രകാശ് കാരാട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

Claim :  അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് സീതാറാം യെച്ചൂരി ക്രൈസ്തവ വിശ്വാസം പിന്‍തുടര്‍ന്ന ആളായിരുന്നു, അതിനാല്‍ അന്തിമോപചാര ചടങ്ങുകള്‍ ക്രൈസ്തവ വിശ്വാസ പ്രകാരമായിരുന്നു
Claimed By :  Social media users
Fact Check :  Unknown
Tags:    

Similar News