വിവരണം

രാജ്യത്തെ ഭരണകൂടത്തിന്‍റെ പോരായ്മകളെയും പിഴവുകളെയും ചില ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങൾ നിറയെ നാം കാണാറുണ്ട്. മുൻതൂക്കം നൽകി ചെയ്യേണ്ട പലതും ചെയ്യാതെ മറ്റു ചില കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു എന്ന് കാണിക്കാൻ ചില വീഡിയോകളും ചിത്രങ്ങളും ചിലര്‍ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

അത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.

archived linkFB post

“രാജ്യത്തിന്‍റെ പ്രാജ്യത്തിന്‍റെ പ്രധാന മന്ത്രി 8000.. കോടിയുടെ അമേരിക്കൻ പ്രസിഡന്‍റിനെതിനെക്കാൾ വിലകൂടിയ ആഡംബര വിമാനത്തിൽ യാത്ര ചെയുന്നു

3900 കോടി രൂപയുടെ പ്രതിമഉണ്ടാക്കിയിട്ടുള്ള !!10000 കോടിയുടെ മഹത്തായ ഒരു ക്ഷേത്രം പണിയുന്ന അതേ രാജ്യത്തുനിന്നുള്ളതാണ്

# പള്ളികൾ # ക്ഷേത്രങ്ങൾ- # മസ്ജിദിന്‍റെ പേരിൽ ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുന്നു!!എന്നാൽ ഈ രാജ്യം # ഇന്ത്യ ലോകത്തിലെ എല്ലാ പുരോഗമന കാര്യങ്ങളിലും വളരെ പിന്നിലാണ് പിന്നിലാണ് പ്രതിമ ക്ഷേത്രം പള്ളി എന്നിവയ്ക്ക് പകരം സ്കൂളുകളിൽ ആശുപത്രികൾ പാലം റോഡ് എന്നിവയ്ക്ക് പണം ഉപയോഗിച്ചിരുന്നെങ്കിൽ,

# ഉത്തരാഖണ്ഡിൽ # ബുള്ളറ്റ് ട്രെയിനിൽ കുട്ടികൾ സ്കൂളിൽ പോകുന്ന ചിത്രം.” എന്ന അടിക്കുറിപ്പില്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ കുട്ടികൾ ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ റോപ് വേ ഉപയോഗിച്ച് സ്കൂളിലേക്ക് പോകുന്നഒരു ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. മലയിൽ നിന്നും അടുത്ത പ്രദേശത്തേക്ക് നദിക്കു കുറുകെ റോപ്പ് വേ ഉപയോഗിച്ചാണ് ഇവർ നീങ്ങുന്നത്.

എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇത് ഉത്തരാഖണ്ഡിൽ നിന്നുമുള്ള ചിത്രം അല്ല എന്ന് വ്യക്തമായി.

വസ്തുത ഇങ്ങനെയാണ്

ഞങ്ങൾ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ 2013 സെപ്റ്റംബര്‍ 28 ന് വിയറ്റ്നാമീസ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. 2013 ഓഗസ്റ്റ് സെപ്റ്റംബർ 28 ആം തീയതി ആണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

archived linktrithuctructuyen

വാർത്ത പരിഭാഷപ്പെടുത്തിയപ്പോൾ ലഭിച്ച വസ്തുത ഇങ്ങനെയാണ്:

“നേപ്പാളിലെ നിർധന ഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇങ്ങനെയാണ് സ്കൂളിൽ പോകുന്നത് അവിടെ പാലമോ ബോട്ടുകൾ യാത്രാ സൗകര്യത്തിന് അവര്‍ക്കില്ല. നദി കടന്ന് സ്കൂളിൽ പോകേണ്ടവർ ഇതുപോലെയുള്ള കേബിൾ സൌകര്യം മാത്രമാണ് ഉപയോഗിക്കുന്നത്.

വിദ്യാഭ്യാസം നേടാനായി അപകടകരമായ കടമ്പകളാണ് അവർക്ക് കടക്കേണ്ടത്. ഒരുപാട് രാജ്യങ്ങളിൽ ഇതേ സാഹചര്യം നിലനിൽക്കുന്നുണ്ട്. വിയറ്റ്നാമിൽ ചില പ്രദേശങ്ങളിൽ കുട്ടികൾ ഇങ്ങനെയാണ് സ്കൂളിൽ പോകുന്നത്.”

ഇതു കൂടാതെ റിവേഴ്സ് ഇമേജ് അന്വേഷണത്തിൽ വിയറ്റ്നാമിലെതാണ് എന്ന മട്ടിലാണ് ഈ ചിത്രം ചില വെബ്സൈറ്റുകൾ പ്രചരിപ്പിക്കുന്നതായി കാണാൻ കഴിഞ്ഞത്.

എന്നാൽ വിയറ്റ്നാമിലെതാണ് എന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ല. നേപ്പാളിലേതാണ് എന്ന് അനുമാനിക്കുന്നു. കാരണം ഈ ചിത്രം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 2013 സെപ്റ്റംബര്‍ 28 നാണ്. വാര്‍ത്തയിലെ വിവരണത്തില്‍ നേപ്പാളിലേത് എന്നു വ്യക്തമായി പറയുന്നുണ്ട്. അതിനുശേഷമാണ് വിയറ്റ്നാമിലേതാണ് എന്ന മട്ടിൽ ചിത്രം പ്രചരിച്ചു തുടങ്ങിയത്. ഇതിനുമുമ്പ് ഈ ചിത്രം പ്രസിദ്ധീകരിച്ച ഒരു സ്ഥലത്തും ഇത് ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ നിന്നും ഉള്ളതാണ് എന്ന വിവരണമില്ല.

കൂടാതെ ചിത്രം നേപ്പാളിലെ ബെനിഘാട്ട് ജില്ലയിലെതാണ് എന്നു സൂചിപ്പിക്കുന്ന മറ്റൊരു വിവരണവും ഞങ്ങള്‍ക്ക് ലഭിച്ചു.

നേപ്പാളിൽ കുട്ടികൾ നദിക്കു കുറുകെ കടക്കാൻ അപകടകരമായ കേബിൾ ക്രോസിംഗ് ആണ് നടത്തുന്നത് എന്ന ഹഫിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു. അതിലും സമാന രീതിയിലുള്ള ഒരു ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നേപ്പാളിലെ ബെനിഘാട്ട് ജില്ലയിലടക്കമുള്ള സ്ഥലങ്ങളില്‍ റോപ്പ് വേ യാത്രകള്‍ പുതുമയുള്ള കാര്യമല്ല. ടെലിഗ്രാഫ് ദിനപ്പത്രം നേപ്പാളിലെ കുട്ടികളുടെ ദുരിതയാത്രയെ പറ്റി സമാന വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടാതെ ഉത്തരാഖണ്ഡിൽ ഇത്തരത്തിൽ കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടോ എന്ന് അറിയാനായി ഞങ്ങൾ വാർത്തകൾ പരിശോധിച്ചപ്പോൾ കാഥ്ഗോടത്തിന് അടുത്ത് ഗൗള നദിയിൽ പാലം തകർന്നതിനെ തുടർന്ന് കുട്ടികൾ സ്കൂളിൽ പോകാൻ റോപ്പ് വേയെ ആശ്രയിക്കുന്നതായി പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടെത്തി.

എ‌എന്‍‌ഐ ന്യൂസ് ഇതിനെപ്പറ്റി ഒരു ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link

എന്നാൽ ഇത് പോസ്റ്റില്‍ നല്കിയതു പോലുള്ള റോപ്പ് വേയല്ല.

ഉത്തരാഖണ്ഡിലെ കുട്ടികള്‍ റോപ്പ് വേ ഉപയോഗിച്ച് സ്കൂളില്‍ പോകുന്നതിനെ പറ്റി എ‌എന്‍‌ഐ ന്യൂസ് തന്നെ പ്രസിദ്ധീകരിച്ച മറ്റൊരു വീഡിയോ താഴെ കൊടുക്കുന്നു:

archived link

ഞങ്ങളുടെ അന്വേഷണത്തിൽ ചിത്രം ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ നിന്നും ഉള്ളത് അല്ല എന്ന് വ്യക്തമായിട്ടുണ്ട് ചിത്രം നേപ്പാളിൽ ഏതാണ് എന്ന് അനുമാനിക്കുന്നു

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ഈ ചിത്രം ഉത്തരാഖണ്ഡിൽ നിന്നും ഉള്ളതല്ല. നേപ്പാളിൽ നിന്നും ഉള്ളതാണ് എന്ന് അനുമാനിക്കുന്നു. 2013 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നുണ്ട്. തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ചിത്രം ഉത്തരാഘണ്ഡിലെതാണ് എന്നു വ്യാജ പ്രചരണം നടത്തുകയാണ്.

Avatar

Title:റോപ്പ് വേയെ ആശ്രയിച്ച് കുട്ടികള്‍ സ്കൂളില്‍ പോകുന്ന നേപ്പാളിലെ പഴയ ചിത്രം ഉത്തരാഖണ്ഡിലേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S

Result: False