FACT CHECK: ചിത്രത്തിലെ, വാക്സിന്‍ സ്വീകരിക്കുന്ന വ്യക്തി മന്ത്രി നിര്‍മല സിതാരാമനല്ല, ഒരു ആരോഗ്യ പ്രവര്‍ത്തകയാണ്...
പ്രചരണം
കോവിഡ് വാക്സിന്‍ രണ്ടാം ഘട്ടം വിതരണം ആരംഭിച്ച വിവരം നാം വാര്‍ത്തകളിലൂടെ അറിഞ്ഞിരുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമയടക്കമുള്ള പ്രമുഖര്‍ വാക്സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങളും മാധ്യമങ്ങളില്‍ വന്നിരുന്നു. സംസ്ഥാന ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ധരിച്ചിരിക്കുന്ന ബ്ലൌസിന് മുകളിലൂടെ വാക്സിന്‍ സ്വീകരിക്കുന്നു എന്ന മട്ടില്‍ ഒരു ചിത്രം ഇതിനിടെ പ്രചരിക്കുന്നുണ്ട്. വാക്സിന്‍ എടുക്കുന്നതിന് മുമ്പോ ശേഷമോ ഉള്ള ചിത്രമാകാം ഇത്.
ഇതിനു ശേഷം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ചിത്രത്തിലുള്ളത് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമനാണ് എന്ന് അവകാശപ്പെട്ട് പോസ്റ്റിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ഇത് ഇന്ത്യയുടെ ഫിനാൻസ് മിനിസ്റ്റർ ആണ് ...✌️ഇവരും സ്ത്രീയാണ്, അമ്മയാണ് ...
സാരിയാണ് ഉടുത്തിരിക്കുന്നതും....✌️
തൽക്കാലം ഇതിവിടെ കിടക്കട്ടെ...”
ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. ചിത്രത്തിലുള്ളത് നിര്‍മല സിതാരാമന്‍ അല്ലെന്ന് കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. ചിത്രം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് ക്രെഡിറ്റ് നല്‍കി ചില വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യ ഘട്ട വാക്സിന്‍ വിതരണത്തിന്‍റെ സമയത്ത് അതായത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും മറ്റും വാക്സിന്‍ നല്‍കിയപ്പോള്‍ ഉള്ള ചിത്രമാണിത്. ചിത്രത്തിന് നല്‍കിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ COVID-19 വാക്സിനേഷൻ ഡ്രൈവ് വെർച്വൽ ലോഞ്ചിനുശേഷം അജ്മീറിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഷീൽഡ് വാക്സിൻ ഒരു ഡോസ് നൽകുന്നു.”
ഈ ചിത്രം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് 2021 ജനുവരി 16-18 തിയതികളിലാണ്.
ചിത്രത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന സ്ത്രീയുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. എന്നാല്‍ ഇവര്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സിതരാമന്‍ അല്ല എന്ന കാര്യം ഉറപ്പാണ്. കാരണം നിര്‍മല സിതാരാമന്‍ വാക്സിന്‍ സ്വീകരിക്കുന്ന ചിത്രം പല ദേശീയ മാധ്യമങ്ങളിലും വന്നിട്ടുണ്ട്.
അത് മാര്‍ച്ച് നാലിനാണ്. മന്ത്രി വാക്സിന്‍ സ്വീകരിച്ചതും അന്ന് തന്നെയാണ്.
Delhi: Finance Minister Nirmala Sitharaman receives her first dose of #COVID19 vaccine, at Fortis Hospital in Vasant Kunj. pic.twitter.com/dLsUpkQjhq
— ANI (@ANI) March 4, 2021
പോസ്റ്റിലെ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ചിത്രത്തില്‍ വാക്സിനേഷന്‍ സ്വീകരിക്കുന്നത് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമനല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകയാണ്.
Title:ചിത്രത്തിലെ, വാക്സിന്‍ സ്വീകരിക്കുന്ന വ്യക്തി മന്ത്രി നിര്‍മല സിതാരാമനല്ല, ഒരു ആരോഗ്യ പ്രവര്‍ത്തകയാണ്...
Fact Check By: Vasuki SResult: False