
പ്രചരണം
കോവിഡ് മഹാമാരി രാജ്യമെങ്ങും ആശങ്കാജനകമായി വ്യാപിക്കുമ്പോള്‍ മറ്റു രാജ്യങ്ങള്‍ പല സഹായങ്ങളും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇങ്ങനെ പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി 50 ആംബുലൻസ് പുറപ്പെടുന്നു എന്ന വിവരണത്തോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നിരനിരയായി ഇട്ടിരിക്കുന്ന കുറേ ആംബുലൻസുകൾ ദൃശ്യങ്ങളിൽ കാണാം. ആംബുലന്‍സുകളില്‍ ഈഥി ഫൗണ്ടേഷൻ എന്ന് എഴുതിയിട്ടുള്ളതായും കാണാം. ചുവന്ന ടീഷർട് ധരിച്ച ഒരു വ്യക്തി സമീപത്തുകൂടെ നടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:
#അതിരുകളില്ലാത്ത
#സഹോദര #സ്നേഹം…
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യയ്ക്കു നൽകുന്ന അൻപത് ആംബുലൻസുകൾ പാക്കിസ്ഥാനിൽ നിന്നും പുറപ്പെടുന്നു…
അതായത് പാകിസ്ഥാനില്‍ നിന്നും കോവിഡ് സാഹചര്യങ്ങളെ പ്രതിരോധിക്കാനായി നല്‍കിയ ആംബുലന്‍സുകള്‍ അവിടെ നിന്നും പുറപ്പെടുന്ന ദൃശ്യങ്ങള്‍ എന്നാണ് പോസ്റ്റില്‍ വീഡിയോയെ കുറിച്ച് അവകാശപ്പെടുന്നത്. ഞങ്ങൾ പ്രചാരണത്തെക്കുറിച്ച് അന്വേഷിച്ചു. ഇതൊരു പഴയ വീഡിയോ ആണെന്നും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചാരണം നടത്തുകയാണെന്നും ഞങ്ങൾക്ക് വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങൾ ഈഥി ഫൗണ്ടേഷൻ, പാകിസ്ഥാൻ, എന്നീ കീവേഡുകൾ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ തിരഞ്ഞു. ഈഥി ഫൗണ്ടേഷൻ പാകിസ്ഥാനിലെ ഒരു സാമൂഹ്യസേവന സംഘടനയാണ്. ഈ സംഘടന സ്വകാര്യ സംഘടനയാണ്. പാകിസ്താന്‍ സര്‍ക്കാരുമായി സംഘടനയ്ക്കോ സംഘടന ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത സഹായത്തിനോ യാതൊരു ബന്ധവുമില്ല. സാമൂഹ്യ പ്രവർത്തകനായ അബ്ദുൾ സത്താര്‍ ഈഥി സ്ഥാപിച്ച സംഘടനയാണിത്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ലോകത്തെ പല രാജ്യങ്ങളിലും ഈഥി ഫൗണ്ടേഷൻ സേവനം നൽകുന്നുണ്ട്. കറാച്ചി ആസ്ഥാനമായിട്ടുള്ള പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ തലവൻ സത്താർ ഈഥിയുടെ മകനായ ഫൈസൽ ഈഥിയാണ്. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഞങ്ങൾ സന്ദർശിച്ചു. 2019 ഒക്ടോബർ ആറിന് ഇതേ വീഡിയോ അവരുടെ പേജില്‍ നൽകിയിട്ടുണ്ട് “#Edhi #azadimarch #Fasialedhi #peacefull #protest” എന്ന ഹാഷ്ടാഗോടെ ചക്കോതിയിൽ സമാധാനപരമായ ആസാദി മാർച്ച് ഫൈസൽ ഈഥി തന്നെ മുന്നിൽ നിന്ന് നയിക്കുന്നു എന്നാണ് ഇംഗ്ലീഷ് ഭാഷയിലുള്ള വിവരണത്തിന്‍റെ പരിഭാഷ.
ഇന്ത്യയില്‍ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ഫൈസൽ ഈഥി പ്രധാനമന്ത്രിക്ക് ഒരു കത്ത് അയച്ചിരുന്നു. ഈ കത്ത് അവര്‍ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ട്.

ഇക്കാര്യം പരാമര്‍ശിച്ച് ഏതാണ്ട് എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. ഈ കത്തിന് എന്നാൽ പ്രധാനമന്ത്രി ഓഫീസിൽ നിന്നും ഇതുവരെ പ്രതികരണമൊന്നും നൽകിയതായി യാതൊരു സൂചനകളും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതിന്‍റെ വിശദാംശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ ഞങ്ങള്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഈഥി ഫൌണ്ടേഷന്‍റെ ഫേസ്ബുക്കില്‍ നിന്നുമുള്ള പഴയ ഒരു വീഡിയോയാണ് പോസ്റ്റില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പാകിസ്ഥാനിലെ സാമൂഹ്യ സേവന സംഘടനയായ ഈഥി ഫൗണ്ടേഷൻ കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് അടിയന്തിര സഹായം നൽകാമെന്ന് അറിയിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി എന്ന് മാത്രമേയുള്ളൂ. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതുവരെ ഇതിനു മറുപടി നല്‍കിയത്തിന്‍റെ വാര്‍ത്തകള്‍ ഒന്നും തന്നെ നിലവില്‍ ലഭ്യമല്ല. പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ ഈഥി ഫൗണ്ടേഷനെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പഴയ ഒരു വീഡിയോയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പാകിസ്ഥാനിൽ നിന്നും 50 ആംബുലൻസ് ഇന്ത്യയിലേക്ക് പുറപ്പെടുന്നു എന്ന പ്രചരണത്തിന്‍റെ യാഥാർത്ഥ്യം അറിയൂ…
Fact Check By: Vasuki SResult: False
