സിനിമതാരം ആശാ ശരത്തിന്‍റെ ഭര്‍ത്താവിനെ കാണാതായോ?

വിനോദം

സിനിമ താരം ആശാ ശരത്തിന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പേരില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. താരം കരഞ്ഞുകൊണ്ട് തന്‍റെ ഭര്‍ത്താവിനെ കാണുന്നില്ലെന്ന വിവരം പങ്കുവയ്ക്കുന്നതായി ഒരു സെല്‍ഫി വീഡിയോയാണ് വൈറലായത്. അവരുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ആദ്യം വീഡിയോ പങ്കുവച്ചത്. ശേഷം നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്‌തു. റോസപ്പൂവ്  എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ജൂലൈ 3ന് ആശാശരത്തിന്‍റെ ഭര്‍ത്താവിനെ കാണാനില്ല… എന്ന ക്യാപ്ഷന്‍ നല്‍കി താരവും ഭര്‍ത്താവും ഒരുമിച്ച് നില്‍ക്കുന്ന ഒരു ചിത്രവും  പങ്കുവച്ചിട്ടുണ്ട്.

ഇതാണ് പോസ്റ്റ്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആശാ ശരത്തിന്‍റെ ഭര്‍ത്താവിനെ കാണാതായിട്ടുണ്ടോ? എന്താണ് പ്രചരിക്കുന്ന വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആശ ശരത്ത് തന്‍റെ പേജില്‍ അപ്‌ലോഡ് ചെയ്‌ത വീഡിയോ പൂര്‍ണമായി കാണാത്തവരാണ് അവരുടെ ഭര്‍ത്താവിനെ കാണാനില്ലെന്ന തരത്തില്‍ പോസ്റ്റിനെ വ്യാഖ്യാനിച്ചത് എന്നതാണ് വാസ്‌തവം. ആശ ശരത്ത് പ്രധാന കഥാപാത്രമായി എത്തുന്ന എവിടെ എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി ചിത്രത്തിലെ രംഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ശരിക്കും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. വീഡീയോയുടെ അവസാനം എവിടെ എന്ന സിനിമയുടെ ടൈറ്റില്‍ എഴുതിയും കാണിക്കുന്നുണ്ട്. മാത്രമല്ല ഭര്‍ത്താവിന്‍റെ പേരായി പറയുന്നത് സിനിമയുടെ കഥാപാത്രത്തിന്‍റെ പേരായ സക്കറിയ എന്നാണ്. യഥാര്‍ത്ഥത്തില്‍ ആശയുടെ ഭര്‍ത്താവിന്‍റെ പേര് ശരത്ത് വാര്യര്‍ എന്നാണെന്ന് ഗൂഗിളില്‍ പരിശോധിച്ചതില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. എന്നിരുന്നാലും വീഡിയോ തെറ്റ്ദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന വിമര്‍ശനങ്ങള്‍ ആശ ശരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് താരത്തിനെതിരെ ഒരു അഭിഭാഷന്‍ പോലീസില്‍ പരാതിയും നല്‍കിയതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്  ചെയ്‌തിട്ടുണ്ട്.

ആശാ ശരത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ-

വീഡിയോയുടെ അവസാനത്തെ എവിടെ എന്ന സിനിമയുടെ ടൈറ്റില്‍-

സിനിമ പ്രൊമോഷന്‍ സംബന്ധിച്ച് മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത- 

ആശാ ശരത്തിനെതിരെ അഭിഭാഷകന്‍ പരാതി നല്‍കിയതായി മനോരമ ഓണ്‍ലൈന്‍ നല്‍കിയ റിപ്പോര്‍ട്ട്

നിഗമനം

ഒരു സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായുള്ള വീഡിയോ യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന സംഭവമാണെന്ന് തെറ്റദ്ധരിച്ചാവാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ ആശ ശരത്തിന്‍റെ യഥാര്‍ത്ഥ ഭര്‍ത്താവിനെ കാണാതായി എന്ന തരത്തില്‍ നടക്കുന്ന  പ്രചരണങ്ങളെല്ലാം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് അനുമാനിക്കാം.

Avatar

Title:സിനിമതാരം ആശാ ശരത്തിന്‍റെ ഭര്‍ത്താവിനെ കാണാതായോ?

Fact Check By: Dewin Carlos 

Result: False