മലബാര്‍ ഗോള്‍ഡ്‌ ബ്രാന്‍റ് അംബാസിഡര്‍ പാകിസ്ഥാന്‍ യുവതിയാണെന്ന പ്രചരണം വ്യാജം, സത്യമിങ്ങനെ…

False വര്‍ഗീയം സാമൂഹികം

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണ്ണം ഇനിമുതല്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

മലബാര്‍ ഗോള്‍ഡിന്‍റെ ബ്രാന്‍റ് അംബാസിഡര്‍ പാകിസ്ഥാനി യുവതിയാണെന്നും അതിനാല്‍ മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണ്ണം വാങ്ങുന്നത് നിര്‍ത്തണമെന്നും ഒരു സ്ത്രീ പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. മലബാര്‍ ഗോള്‍ഡ്‌ ലോഗോയും ദൃശ്യങ്ങളില്‍ കാണാം. പ്രസ്തുത പാകിസ്ഥാനി യുവതിയുടെ ചിത്രങ്ങള്‍ ദൃശ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അവരുടെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്ന തരത്തില്‍ ചില സ്ക്രീന്‍ഷോട്ടുകളുമുണ്ട്. മലബാര്‍ ഗോള്‍ഡ്‌ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം നല്‍കി ഒപ്പമുള്ള വിവരണം ഇങ്ങനെ: “മലബാർ ഗോൾഡിൻ്റെ ബ്രാൻഡ് അംബാസഡർ പാകിസ്ഥാൻ പൗരയാണ്. അവൾ ഇന്ത്യയ്‌ക്കെതിരെ പ്രചാരണം നടത്തുകയും പാക്കിസ്ഥാനെ സ്വാധീനിക്കുകയും ചെയ്യുന്നു. മലബാർ ഗോൾഡ് ബഹിഷ്‌കരിക്കാൻ തുടങ്ങൂ. അതുമാത്രമാണ് വഴി. malabar gold മലദ്വാർ ഗോൾഡ് കാക്കകളുടെ പാക്കി ഗോൾഡാണ്. ബഹിഷ്ക്കരിക്കുക.”

FB postarchived link

എന്നാല്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പ്രചരണത്തെ കുറിച്ച് കൂടുതലറിയാന്‍ ഞങ്ങള്‍ കോഴിക്കോടുള്ള  മലബാര്‍ ഗോള്‍ഡ്‌ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടു. ഇത് വ്യാജ പ്രചരണം മാത്രമാണെന്നും പാകിസ്ഥാനില്‍ നിന്നുള്ള ആരും മലബാര്‍ ഗോള്‍ഡില്‍ അംബാസിഡറായോ അല്ലെങ്കില്‍ മറ്റേതെങ്കിലും തസ്തികയിലോ ജോലി ചെയ്യുന്നില്ല എന്ന് മലബാര്‍ ഗോള്‍ഡ്‌ കേസ് കൈകാര്യം ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷകന്‍ രാജീവന്‍ നായര്‍ വ്യക്തമാക്കി.

പ്രചരണത്തിനെതിരെ മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി  സമര്‍പ്പിച്ചിരുന്നു എന്നും അനുകൂല ഇടക്കാല ഉത്തരവ് കോടതിയില്‍ നിന്നും സമ്പാദിച്ചു എന്നും അദ്ദേഹം അറിയിച്ചു. കോടതി വിധിയുടെ പകര്‍പ്പ് കാണാം.  

മുഴുവന്‍ പകര്‍പ്പ് ഇവിടെ കാണാം

തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണത്തിന് ഇടയാക്കിയത് യുകെയിലെ പുതിയ ഷോറൂം ഉൽഘാനവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിനായി പിആര്‍ കമ്പനിയെ നിയോഗിച്ചതിന്‍റെ പേരിലാണ്. അവരോടൊപ്പം എത്തിയ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറുടെ ദൃശ്യങ്ങള്‍ ഇതുപയോഗിച്ച് ചിലര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ പ്രചാരണം നടത്തി. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ കോടതി ഇടക്കാല വിധി പറഞ്ഞത്. 

“യുകെയിലെ ബര്‍മിംഗ്ഹാമില്‍ പുതിയ ഷോറൂമിന്‍റെ ഉദ്ഘാടന വേളയില്‍ ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിന് പ്രാദേശിക സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാരെ നിയോഗിക്കുന്നതിനായി ഒരു കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. ഇവരോടൊപ്പം ഷോറൂമിലെത്തിയ യുവതി വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ ഇന്ഫ്ലുവന്‍സറായ അവര്‍ സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. ഷോറൂം ഉത്ഘാടന ദിവസം പലരും ഷോറൂമില്‍ വരും. വരുന്നവരെ ഒരിക്കലും വിലക്കാറില്ല. യുകെ നിവാസിയായ യുവതി പാകിസ്ഥാന്‍കാരിയാണോ എന്നൊന്നും ഞങ്ങള്‍ക്ക് അറിവില്ലായിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ എടുത്തു മലബാര്‍ ഗോള്‍ഡിനെതിരെ മനപൂര്‍വം ദുഷ്പ്രചരണം നടത്തുകയാണ് ഉണ്ടായത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ചിലരെ ഗുജറാത്തിലും കേരളത്തിലും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ പല മാധ്യമങ്ങളും മലബാര്‍ ഗോള്‍ഡിനെതിരെ ദുഷ്പ്രചരണം നടത്തുന്നതിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.”

ചില റിപ്പോര്‍ട്ടുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ കാണാം: 

മലബാര്‍ ഗോള്‍ഡിന്‍റെ ബ്രാന്‍റ് അംബാസിഡര്‍മാര്‍ ആരൊക്കെയാണെന്ന് അവരുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 

മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ പ്രചാരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

മലബാര്‍ ഗോള്‍ഡിന്‍റെ ബ്രാന്‍റ് അംബാസിഡര്‍ പാകിസ്ഥാന്‍ യുവതിയാണെന്നുള്ള പ്രചരണം തെറ്റാണ്. ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികളാണ് ഇതുവരെ മലബാര്‍ ഗോള്‍ഡിന്‍റെ ബ്രാന്‍റ് അംബാസിഡര്‍മാര്‍. വ്യാജ പ്രചരണത്തിനെതിരെ മലബാര്‍ ഗോള്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രചരണങ്ങള്‍ നീക്കം ചെയ്യാന്‍ ബോംബെ ഹൈകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മലബാര്‍ ഗോള്‍ഡ്‌ ബ്രാന്‍റ് അംബാസിഡര്‍ പാകിസ്ഥാന്‍ യുവതിയാണെന്ന പ്രചരണം വ്യാജം, സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: False

Leave a Reply