FACT CHECK - കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നൂറുകണക്കിന് ആളുകള്‍ പെരുമ്പാവൂര്‍ ബിവറേജില്‍ തള്ളിക്കയറിയതാണോ ഈ വീഡിയോ? വസ്‌തുത അറിയാം..
വിവരണം
പെരുമ്പാവൂർ ബീവറേജിൽ സാമൂഹിക അകലം മൂലം മതിൽ മറിഞ്ഞ് 26 പേർക്ക് പരുക്ക്....! എന്ന തലക്കെട്ട് നല്‍കി വലിയ ഒരു ആള്‍ക്കൂട്ടം മതില്‍ ചാടിയും ഗേറ്റ് തള്ളി തുറന്നും ഒരു പുരയിടത്തിലേക്ക് ഓടി കയറുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇന്ദിര ഗാന്ധി സെന്‍റര്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 805ല്‍ അധികം റിയാക്ഷനുകളും നിരവധി ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കേരളത്തില്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയത് പിന്‍വലിച്ച ശേഷം വീണ്ടും ബിവറേജ് തുറന്നപ്പോഴുള്ള വീഡിയോയാണോ ഇത്? വസ്‌തുത എന്താണെന്ന് അന്വേഷിക്കാം.
വസ്‌തുത വിശകലനം
പെരുമ്പാവൂര്‍ ബിവറേജ് എന്ന കീ വേര്‍ഡ‍് ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ഇപ്പോള്‍ പ്രചരിക്കുന്ന ഇതെ വീഡിയോ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പട്ടിമറ്റത്തുക്കാര്‍ എന്ന പേരില്‍ 2017 ജൂലൈ 31നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹര്‍ത്താലിന് ശേഷം പെരുമ്പാവൂര്‍ ബിവറേജ് ആറ് മണിക്ക് തുറന്നപ്പോള്‍ എന്ന തലക്കെട്ട് നല്‍കിയാണ് പേജില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
2017ലെ വീഡിയോയുടെ സ്ക്രീന്‍ഷോട്ട്-
വീഡിയോ-
പെരുമ്പാവൂരില്‍ ലോക്‌ഡൗണിന് ശേഷം ബിവറേജ് തുറന്നപ്പോള്‍ ഇത്തരത്തിലൊരു സംഭവം നടത്തിട്ടുണ്ടോയെന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടില്ലെന്നും. പെരുമ്പാവൂരിലെ ബിവറേജുകളിലും ബാറുകളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
നിഗമനം
കോവിഡ് മഹാമാരി വരുന്നതിന് 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 2017ല്‍ ഒരു ഹര്‍ത്താലിന് ശേഷം ബിവറേജ് വൈകിട്ട് 6 മണിക്ക് തുറന്നപ്പോഴുള്ള വീഡിയോയാണ് ഇപ്പോള്‍ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ വീഡിയോ പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നൂറുകണക്കിന് ആളുകള്‍ പെരുമ്പാവൂര്‍ ബിവറേജില്‍ തള്ളിക്കയറിയതാണോ ഈ വീഡിയോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False