
എട്ട് മണിക്കൂർ സമയത്തിനുള്ളിൽ തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ സഞ്ചരിക്കാം എന്ന വാഗ്ദാനവുമായി എത്തിയ, കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തേതുമായ വന്ദേ ഭാരത് എക്സ്പ്രസ് മലയാളികൾ ആവേശപൂർവ്വമാണ് സ്വാഗതം ചെയ്തത് വന്ദേ ഭാരതിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും വീഡിയോകളും ധാരാളം പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ചില വിവാദങ്ങളും വന്ദേ ഭാരതമായി ബന്ധപ്പെട്ട് ഉണ്ടാവുകയുണ്ടായി. മലപ്പുറം തിരൂരിൽ വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായി എന്നൊരു വാർത്ത ഈ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്ന വന്ദേ ഭാരതതിന്‍റെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
പ്രചരണം
കല്ലേറിൽ തകർന്ന ട്രെയിനിന്‍റെ ജനാല ചില്ലുകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിന്‍റെ മുകളിലെ എഴുത്ത് ഇങ്ങനെ: മലപ്പുറത്ത് വന്ദേ ഭാരത് കല്ലേറ് തിരൂർ സംഘി അറസ്റ്റിൽ കട്ടെപ്പാറ RSS ലോക്കൽ കാര്യവാഹക് ആണ്
എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് പോസ്റ്റിലൂടെ നടത്തുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇങ്ങനെ
ഞങ്ങൾ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം ആന്ധ്രാപ്രദേശില്‍ നിന്നുള്ളതാണ് എന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു. വന്ദേ ഭാരത് ട്രെയിന് നേരെ ഉണ്ടായ കല്ലേറിന്‍റെ ചിത്രമാണിതെങ്കിലും കേരളത്തിലെതല്ല. 2023 ജനുവരി 11ന് ആന്ധ്രപ്രദേശിൽ വച്ച് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി എന്ന് എഎന്‍ഐ ന്യൂസ് ട്വിറ്ററിൽ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
അതിലെ ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത് എന്ന് വ്യക്തമാകും.
പോസ്റ്റിൽ പ്രചരിക്കുന്ന അതേ വൈറൽ ചിത്രം തന്നെ ന്യൂസ് മിനിറ്റ്, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങൾ വന്ദേ ഭാരത ട്രെയിന് നേരെ കല്ലേറുണ്ടായ സംഭവത്തെ പറ്റിയുള്ള തങ്ങളുടെ റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഭവം വളരെ ദൗർഭാഗ്യകരമായി പോയി എന്ന് റെയിൽവേ ഡിവിഷണൽ മാനേജർ പറയുന്ന ദൃശ്യങ്ങളും എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേരളത്തിൽ വന്ദേ ഭാരത ട്രെയിന് നേരെ രണ്ടിനാണ് തിരൂരിനും താനൂരിനും ഇടയിലുള്ള ഏതോ സ്ഥലത്ത് വെച്ചാണ് കല്ലേറുണ്ടായി എന്നാണ് പോലീസ് അനുമാനിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിലായി എന്ന് പോസ്റ്റിൽ ആരോപിക്കുന്നുണ്ട്. ഇതേക്കുറിച്ച് വ്യക്തതക്കായി ഞങ്ങൾ തിരൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെനിന്നും സി ഐ അറിയിച്ചത് ഇങ്ങനെയാണ്: “ഈ സംഭവം യഥാര്‍ത്ഥത്തില്‍ തിരൂരിൽ വെച്ച് ഉണ്ടായതല്ല. അതിനു മുമ്പുള്ള ഏതോ സ്ഥലത്ത് വെച്ചാണ് ഉണ്ടായത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയും കുറ്റക്കാരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിലായി എന്ന് പറയുന്നത് തെറ്റായ വാർത്തയാണ്. ഈ സംഭവത്തിൽ ഇതുവരെ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.“
ഇന്ത്യയില്‍ വന്ദേ ഭാരത് ട്രെയിന് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. വന്ദേ ഭാരത് ട്രെയിന് നേരെ കല്ലേറുണ്ടായ ചിത്രം കേരളത്തില്‍ നിന്നുള്ളതല്ല. ആന്ധ്രാപ്രദേശില്‍ ജനുവരി മാസമുണ്ടായ കല്ലേറില്‍ വന്ദേ ഭാരത് ട്രെയിനിന്‍റെ ജനാല ചില്ലുകള്‍ തകര്‍ന്നതിന്‍റെ ചിത്രമാണിത്. കേരളത്തില്‍ വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായെങ്കിലും കുറ്റക്കാരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു എന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് പോലീസ് അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:വന്ദേ ഭാരത് ട്രെയിന് നേരെ കല്ലേറ്- പ്രചരിക്കുന്ന ചിത്രം കേരളത്തിലെതല്ല… കുറ്റക്കാര്‍ അറസ്റ്റിലായിട്ടില്ല…
Fact Check By: Vasuki SResult: False
