രാമക്ഷേത്രത്തിന്‍റെ പേരില്‍ യുപി നിയമസഭയില്‍ 1993 ല്‍ നടന്ന സംഘര്‍ഷം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

സാമൂഹികം

1993ല്‍ ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടന്ന സംഘര്‍ഷം എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

നിയമസഭയുടെ നടുത്തളത്തില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സാമാജികര്‍ കസേരകളും  മൈക്കുകളും വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. മുലായം സിംഗ് യാദവ് അധികാരമേറ്റ ശേഷം 1993 ഡിസംബര്‍ 16ന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപി അംഗങ്ങളെ ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “1993 ഡിസംബർ 16 ന് യുപി നിയമസഭയിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണം…

1993 ഡിസംബർ 4 ന് മുലായം സിംഗ് യാദവ് മുഖ്യമന്ത്രിയായി, ശേഷം ഡിസംബർ 16 ന് നിയമസഭയ്ക്കുള്ളിൽ ബിജെപി എംഎൽഎമാരെ വടികൊണ്ട് ക്രൂരമായി ആക്രമിക്കുന്ന ദൃശ്യമാണിത്.. !!

രാമക്ഷേത്രത്തിനായി എല്ലാ ബിജെപിക്കാരും ഹിന്ദുക്കളും എന്തെല്ലാം സഹിച്ചതെന്ന് സങ്കൽപ്പിച്ചു നോക്കു.. 

ഇന്ന് രാമ ക്ഷേത്രം യാഥാർഥ്യമായി, UP ഇന്ന് ഒരു സ്വഭിമാനി സന്യാസി ഭരിക്കുന്നു, കാലം കാത്തുവെച്ച കാവ്യാനീതി”

FB postarchived link

എന്നാല്‍, പ്രചരിക്കുന്ന വീഡിയോയിലുള്ളത് 1993 ഡിസംബര്‍ 16ന്  യുപി നിയമസഭയില്‍ നടന്ന സംഘര്‍ഷമല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 1997 ല്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിട്ട ദിവസം നടന്ന സംഘര്‍ഷമാണിത്.

വസ്തുത ഇതാണ് 

വീഡിയോ കീ ഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ അസോസിയേറ്റഡ് പ്രസ് യുട്യൂബ് പേജില്‍ നിന്ന് ലഭിച്ചു.

 

2015ലെ വീഡിയോയുടെ അടികുറിപ്പ് വിശദമാക്കുന്നത് ഇത്  1997 ഒക്ടോബര്‍ 21ന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ കല്യാണ്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിട്ടപ്പോഴുള്ള ദൃശ്യങ്ങള്‍ എന്നാണ്. 

1997 ല്‍ യുപി നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പിനെ കുറിച്ച് തിരഞ്ഞപ്പോള്‍ ഇതേ വീഡിയോ ചില  മാധ്യമങ്ങങ്ങള്‍ സമാന വിവരണത്തോടെ നല്‍കിയിട്ടുണ്ട് എന്ന് കണ്ടു.  

1996 സെപ്റ്റംബറില്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ തൂക്കുമന്ത്രിസഭയാണ് രൂപീകരിച്ചത്. അതിനാല്‍  നിലവിലുണ്ടായിരുന്ന രാഷ്ട്രപതി ഭരണം തുടരുകയുണ്ടായി. പിന്നീട് 1997 മാര്‍ച്ച് 21 ന് ബിജെപിയും ബിഎസ്പിയും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. 

കരാറനുസരിച്ച്, ആദ്യത്തെ ആറ് മാസം ബിഎസ്പിയുടെ മായാവതി മുഖ്യമന്ത്രിയായി. അതിനുശേഷം അടുത്ത ആറ് മാസം ബിജെപിയുടെ കല്യാണ്‍ സിംഗ് അധികാരമേറ്റു. എന്നാല്‍ 1997 ഒക്ടോബര്‍ 19 ന് മായാവതി പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ഗവര്‍ണര്‍ റോമേഷ് ഭണ്ഡാരി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് 1997 ഒക്ടോബര്‍ 21 ന് ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിട്ടു.


വിശ്വാസ വോട്ടെടുപ്പിനായി സ്പീക്കര്‍ കേസരി നാഥ് ത്രിപാഠിയുടെ നേതൃത്വത്തില്‍ സമ്മേളനം ആരംഭിച്ചപ്പോള്‍, കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി തന്‍റെ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയ ഒരു വിഭാഗത്തെ സ്പീക്കര്‍ അംഗീകരിച്ചതിനെതിരെ പ്രതിഷേധം ആരംഭിച്ചു. നിരവധി ബിഎസ്പി അംഗങ്ങളും തിവാരിക്കൊപ്പം ചേര്‍ന്നതോടെ സഭയില്‍ സംഘര്‍ഷാവസ്ഥയയുണ്ടായി. ഇതിനിടെ അംഗങ്ങള്‍ മൈക്രോഫോണുകള്‍, കസേരകള്‍, ടേബിള്‍ ടോപ്പുകള്‍, ഷൂസ്, ചെരിപ്പുകള്‍ എന്നിവ ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു. ഇതോടെ സഭ അല്‍പ്പനേരം നിര്‍ത്തിവച്ചു. പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ കല്യാണ് സിംഗിന് വിശ്വാസവോട്ട് അനുകൂലമായി. ഈ സംഘര്‍ഷത്തിലെ വീഡിയോയാണ് വൈറല്‍ പോസ്റ്റുകളിലുള്ളത്. 

പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ വീഡിയോ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് 1993 ഡിസംബര്‍ 16ന് യുപി നിയമസഭയില്‍ നടന്ന സംഘര്‍ഷമല്ല. 

നിഗമനം 

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് 1993 ഡിസംബര്‍ 16ന് യുപി നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 1997 ഒക്ടോബര്‍ 21ന്  യുപി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് ദിവസം നടന്ന സംഘര്‍ഷത്തിന്‍റെതാണ്. രാമക്ഷേത്ര നിര്‍മ്മാണവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രാമക്ഷേത്രത്തിന്‍റെ പേരില്‍ യുപി നിയമസഭയില്‍ 1993 ല്‍ നടന്ന സംഘര്‍ഷം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

Fact Check By: Vasuki S  

Result: False