‘വാക്സിന്‍ എടുത്തവര്‍ക്ക് ഹൃദയസ്തംഭന സാധ്യതയെന്ന് പാതാളം ഇഎസ്‌ഐ ആശുപത്രിയുടെ നോട്ടീസ്’ – വ്യാജ പ്രചരണമാണ്… പരിഭ്രാന്തി വേണ്ട…
കോവിഡ് മഹാമാരിക്ക് ഒരുവിധം ശമനം ഉണ്ടായെങ്കിലും അതുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. കോവിഡ് പ്രതിരോധ വാക്സിനേഷൻ പല രാജ്യങ്ങളിലും പൂർണ്ണമായി കഴിഞ്ഞു. തികച്ചും തെറ്റിദ്ധാരണ ജനകമായ ഒരു പ്രചരണം വാക്സിനുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
പ്രചരണം
വാക്സിൻ എടുത്തവർ ഹൃദയസ്തംഭനം മൂലം മരിക്കുന്നുവെന്നും ജാഗ്രത പുലർത്തണമെന്നുമുള്ള അറിയിപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: “ദയവായി ശ്രദ്ധിക്കുക പ്രശ്നം വാക്സിനേഷൻ എടുത്ത 40 തിനും 60 നും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരിക്കുന്ന വാർത്ത ഇന്ന് വളരെ സാധാരണമായി മാറിയിരിക്കുന്നു. കാരണം വാക്സിൻ രക്തക്കുഴലുകളെ പരുക്കനാക്കുകയും പതുക്കെ പതുക്കെ രക്തം കട്ട പിടിക്കുകയും ചെയ്യുന്നു. പരിഹാരം വാക്സിൻ എടുത്തവർ D –Dimer ടെസ്റ്റ് എന്ന രക്ത പരിശോധന നടത്തി രക്തം കട്ടപിടിക്കുന്നുണ്ടോ എന്നറിയുക ഉണ്ടെങ്കിൽ ഉടനെ വൈദ്യസഹായം തേടുക ഡി ടൈമർ ലെവൽ 0.50 കൂടാൻ പാടില്ല.”
കളമശ്ശേരി പാതാളം ഇഎസ്ഐ ഹോസ്പിറ്റലിൽ പ്രത്യക്ഷപ്പെട്ട നോട്ടീസ് എന്നാണ് ഒപ്പമുള്ള അടിക്കുറിപ്പ്: “കളമശ്ശേരി മണ്ഡലത്തിലെ പാതാളം ESI Hospital ലിൽ കണ്ട നോട്ടീസ് ആണ്”
എന്നാൽ ഈ അറിയിപ്പ് അവാസ്തവികവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
പ്രചരിക്കുന്ന നോട്ടീസിന്‍റെ വസ്തുത അറിയാൻ ഞങ്ങൾ പാതാളം ഇഎസ്ഐ ആശുപത്രിയുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അസിസ്റ്റന്‍റ് മെഡിക്കൽ സൂപ്രണ്ട് ഡോ: പ്രേംരാജ് നൽകിയ മറുപടി ഇങ്ങനെയാണ്: “ഈ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു ഞങ്ങളുടെ ആശുപത്രിയുമായി ഈ നോട്ടീസിന് യാതൊരു ബന്ധവുമില്ല. ഞങ്ങൾ ഇത്തരത്തിൽ ഒരു അറിയിപ്പ് ഒരിടത്തും നൽകിയിട്ടില്ല. ഇതിനെതിരെ ഞങ്ങള്‍ വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിക്കുകയും പരാതി നല്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഹൃദയ സ്തംഭനം വരുന്നുവെന്ന് ഇതുവരെ ആധികാരികമായ പഠനങ്ങളില്ല.”
കളമശ്ശേരി പാതാളം ഇ എസ് ഐ ആശുപത്രി പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പ്:
പ്രചരിക്കുന്ന നോട്ടീസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചത് ഇങ്ങനെ: “സര്‍ക്കാര്‍ തലത്തില്‍ നിന്ന് സംസ്ഥാനത്തെ ഒരു ആശുപത്രിയിലേയ്ക്കും ഇങ്ങനെ അറിയിപ്പ് നല്‍കിയിട്ടില്ല. ഈ നോട്ടീസിന്‍റെ ഉറവിടം അറിയില്ല. സര്‍ക്കാരുമായി ഈ അറിയിപ്പിന് യാതൊരു ബന്ധവുമില്ല. ഈ വ്യാജ പ്രചരണത്തിനെതിരെ ആരോഗ്യ വിദഗ്ധര്‍ക്ക് വിശദീകരണം നല്കാന്‍ കഴിയും.”
ചില മാധ്യമങ്ങൾ ഇത്തരത്തിൽ കളമശ്ശേരി പാതാളം ഇ എസ് ഐ ആശുപത്രിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ നോട്ടീസിനെ കുറിച്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്:
പ്രചരിക്കുന്ന അറിയിപ്പിനെ കുറിച്ച് അതായത് കോവിഡ് വാക്സിൻ എടുത്തവരിൽ 40 മുതൽ 60 വയസ്സ് വരെയുള്ള പ്രായക്കാർക്ക് ഹൃദയ സ്തംഭനം വരുകയും മരിക്കുകയും ചെയ്യുന്നുണ്ട് എന്ന വാർത്തയെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. അബ്ദുൽ സലാമുമായി സംസാരിച്ചു . അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് പൂർണമായും തെറ്റായ പ്രചരണമാണ് കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഹൃദയസ്തംഭനം വരുന്നു എന്ന് ഇതുവരെ വ്യക്തമായ തെളിവുകളില്ല . കോവിഡ് മഹാമാരി മനുഷ്യ ശരീരത്തിൽ ഉണ്ടാക്കിയ നീണ്ടുനിൽക്കുന്ന പാർശ്വഫലങ്ങളെ കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വാക്സിൻ സ്വീകരിച്ചവരിൽ 60 മുതൽ 40 വയസ്സുവരെയുള്ളവർക്ക് ഹൃദയസ്തംഭനം വന്നതായി മെഡിക്കൽ റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. ഇതിൽ പറഞ്ഞിരിക്കുന്ന D-Dimer ടെസ്റ്റ് ഏകദേശം 1500 രൂപ നിരക്കിലുള്ളതാണ്. ഒരുപക്ഷേ ഈ ടെസ്റ്റിന്‍റെ പ്രമോഷനുവേണ്ടി ആരെങ്കിലും തയ്യാറാക്കിയതാവാം ഈ നോട്ടീസ് എന്ന് അനുമാനിക്കുന്നു
കൂടാതെ ഞങ്ങൾ ഓൺലൈനിൽ വാക്സിൻ പാർശ്വഫലങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ചില ലേഖനങ്ങൾ ലഭിച്ചു. മണി കണ്‍ട്രോള്‍ എന്ന മാധ്യമം,” കോവിഡ് വാക്‌സിനും വർദ്ധിച്ചുവരുന്ന ഹൃദയാഘാത കേസുകളും: വിദഗ്ധർ എന്താണ് പറയുന്നത്?” എന്ന തലക്കെട്ടില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ചര്‍ച്ച ചെയ്യുന്നത് ഇങ്ങനെ:
"ഹൃദയാഘാതം വർദ്ധിക്കുന്നതിൽ വാക്സിനുകൾക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ഡാറ്റകളൊന്നുമില്ല," പറയുന്നത് മാക്സ് ഹെല്‍ത്ത് കെയര്‍ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ ബൽബീർ -"എന്നിരുന്നാലും, കോവിഡ് വാക്സിനുകളല്ല, കൊവിഡ് അണുബാധ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും. ചികിത്സയ്ക്കിടെയുള്ള , സ്റ്റിറോയിഡുകളുടെ ഉപയോഗം അണുബാധയ്ക്ക് ശേഷം ഒരു വർഷം വരെ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.
ഫോർട്ടിസ് ഹോസ്പിറ്റൽ മുളുണ്ട് & കല്യാണിലെ സാംക്രമിക രോഗ വിദഗ്ധൻ ഡോ. കീർത്തി സബ്‌നിസ് പറയുന്നു: " സൈറ്റോകൈൻ സ്റ്റോം (പ്രതിരോധ സംവിധാനത്തിന്‍റെ അമിത പ്രതികരണം) എന്ന അവസ്ഥയ്ക്ക് കടുത്ത കൊവിഡ് കാരണമാകും, ഇത് ടാക്കിക്കാർഡിയ (വേഗതയുള്ള ഹൃദയമിടിപ്പ്), ആറിഥ്മിയ (ക്രമരഹിതമായ ഹൃദയമിടിപ്പ്) എന്നിവയ്ക്ക് കാരണമാകും. ഇത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു അവസ്ഥയല്ല, മിക്ക ആളുകൾക്കും ഇതിൽ നിന്ന് കരകയറാൻ കഴിയും.
ഡോ സബ്‌നിസ് കൂട്ടിച്ചേർക്കുന്നു: "കടുത്ത കൊവിഡ് ഹൃദയപേശികളെ ദുർബലപ്പെടുത്തുന്ന ഡിലേറ്റഡ് കാർഡിയോമയോപ്പതിയിലേക്കും നയിച്ചേക്കാം. ഇത് കൊവിഡ് മൂലമുണ്ടാകുന്ന ഒരേയൊരു ഹൃദ്രോഗമാണ്, ഇത് മാറ്റാനാകാത്തതാണ്. എന്നാൽ ഇത് രോഗലക്ഷണങ്ങളില്ലാതെ സംഭവിക്കുന്നില്ല - മുന്നറിയിപ്പ് അടയാളങ്ങളുണ്ട്". ഇന്ത്യയിൽ ലഭ്യമല്ലാത്ത m-RNA വാക്‌സിനുമായി ബന്ധപ്പെട്ട ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ പഠിച്ചിട്ടുണ്ടെന്ന് ഡോ സബ്‌നിസ് കൂട്ടിച്ചേർക്കുന്നു. "എം-ആർഎൻഎ വാക്‌സിനുകൾ ഹൃദയപേശികളുടെ വീക്കത്തിന് കാരണമാകുന്നു - ഇത് ഡാറ്റ തെളിയിക്കുന്നു. നിർജ്ജീവമാക്കിയ കൊറോണ വൈറസ് ചേരുവയായ കോവാക്സിനും വെക്റ്റർ പ്രോട്ടീൻ ഉപയോഗിക്കുന്ന കോവിഷീൽഡിനും ഹൃദ്രോഗ വർദ്ധനയുമായി യാതൊരു ബന്ധവുമില്ല."
മുംബൈ സെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധൻ ഡോ വിക്രാന്ത് ഷാ യുടെ അഭിപ്രായത്തില്‍ : " വാക്സിനുകൾ ഹൃദയാഘാതം ഉണ്ടാക്കുന്നു എന്നതിന് സൈദ്ധാന്തികമായി ഒരു വിശദീകരണവുമില്ല. അവകാശവാദങ്ങളെ സാധൂകരിക്കാൻ ഞങ്ങൾക്ക് കൂടുതൽ തെളിവുകൾ ആവശ്യമാണ്, നിലവിൽ ഒന്നുമില്ല. അതിനാൽ, പരിഭ്രാന്തരാകരുത്, തെറ്റായ വിവരങ്ങൾക്ക് ശ്രദ്ധ നൽകരുത്."
കോവിഡ്-19 വാക്സിനേഷൻ മുമ്പ് രോഗബാധിതരായ മുതിർന്നവരിൽ ഹൃദയാഘാതം, ഹൃദയാഘാതം, മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് , അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ പഠനം വിലയിരുത്തുന്നു.
മൗണ്ട് സിനായിലെ ഇക്കാൻ സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ, COVID-19 വാക്സിനേഷനും പ്രധാന കാർഡിയാക് ഇവന്‍റുകളും (MACE) തമ്മിലുള്ള ഏതെങ്കിലും ബന്ധം നിർണ്ണയിക്കാൻ 2020 മാർച്ച് മുതൽ 2022 ഫെബ്രുവരി വരെ SARS-CoV-2 ബാധിച്ച മുതിർന്ന രോഗികളെ 6 മാസം നിരീക്ഷിച്ചു. വാക്സിനേഷൻ നിരക്ക് മെച്ചപ്പെടുത്താൻ ഞങ്ങളുടെ കണ്ടെത്തലുകൾ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
മൗണ്ട് സിനായ് വാർത്താക്കുറിപ്പിൽ, എംഡി/പിഎച്ച്ഡി സ്ഥാനാർത്ഥിയുമായ ജോയ് ജിയാങ്: "ലോകമെമ്പാടുമുള്ള SARS-CoV-2 അണുബാധയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ, വാക്സിനേഷൻ നിരക്ക് മെച്ചപ്പെടുത്താൻ ഞങ്ങളുടെ കണ്ടെത്തലുകൾ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് സഹവർത്തിത്വമുള്ള വ്യക്തികളിൽ." ഇതാണ് പഠനം വിലയിരുത്തുന്നത്.
കോവിഡ് വാക്സിന്‍ ഹൃദയാഘാതം ഉണ്ടാക്കുന്നു എന്ന് തെളിയിക്കുന്ന സംഭവങ്ങളോ പഠനങ്ങളോ കണ്ടെത്താൻ സാധിച്ചില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. കോവിഡ് വാക്സിൻ സ്വീകരിച്ച 40-60 പ്രായക്കാർക്കിടയിൽ ഹൃദയസ്തംഭനം വർദ്ധിക്കുന്നു എന്നും ഡി-ഡൈമര്‍ ടെസ്റ്റ് നടത്തി രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടോ എന്ന് നോക്കണമെന്നും കളമശ്ശേരി പാതാളം ഇ എസ് ഐ ആശുപത്രി അറിയിപ്പ് നൽകിയിട്ടില്ല. കോവിഡ് വാക്സിൻ എടുത്തവരില്‍ ഹൃദയ സ്തംഭനമുണ്ടാകുന്നു എന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകളും ലഭ്യമല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:‘വാക്സിന്‍ എടുത്തവര്‍ക്ക് ഹൃദയസ്തംഭന സാധ്യതയെന്ന് പാതാളം ഇഎസ്‌ഐ ആശുപത്രിയുടെ നോട്ടീസ്’ – വ്യാജ പ്രചരണമാണ്... പരിഭ്രാന്തി വേണ്ട...
Fact Check By: Vasuki SResult: False