
24 ന്യൂസ് ചാനൽ ഓണാഘോഷ പരിപാടിയിൽ നിന്നുള്ള ചില ദൃശ്യങ്ങൾ പ്രതിപക്ഷ നേതാവിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
24 ന്യൂസ് ചാനൽ പ്രത്യേക ഓണാഘോഷ പരിപാടിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി ഓണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ അദ്ദേഹത്തിനെതിരെ ഒരു യുവതി മോശമായ രീതിയിൽ പരാമർശം നടത്തിയ വീഡിയോ ദൃശ്യങ്ങൾ ചാനലില്‍ പ്രദർശിപ്പിച്ചു എന്നാണ് പ്രചരണം. അവതാരകനായ ആര്‍. ശ്രീകണ്ഠൻ നായരും കൂടെയുള്ള യുവതിയും ദൃശ്യങ്ങളിലെ സ്ത്രീയുടെ പരാമർശം ശ്രദ്ധിച്ചുകൊണ്ട് മിണ്ടാതെ നിൽക്കുന്നു എന്ന മട്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
എന്നാൽ ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ എഡിറ്റ് ചെയ്ത വീഡിയോ ആണിത് എന്ന് വ്യക്തമായി.
വസ്തുത ഇങ്ങനെ
വീഡിയോയ്ക്ക് ലഭിച്ച കമന്‍റുകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. 24 ന്യൂസ് ചാനൽ പ്രതിപക്ഷ നേതാവിനെതിരെ വീഡിയോ സംപ്രേഷണം ചെയ്തു എന്ന് വിശ്വസിച്ചാണ് ആളുകൾ കമന്‍റ് ചെയ്തിട്ടുള്ളത്.
അതിനാൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ ഞങ്ങൾ ന്യൂസ് ചാനൽ വാർത്താ വിഭാഗവുമായി ബന്ധപ്പെട്ടു. വാർത്താ വിഭാഗം മേധാവി ഉണ്ണികൃഷ്ണൻ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “തെറ്റായ പ്രചരണമാണ്. ന്യൂസ് ചാനൽ വിഡി സതീശനെതിരെ യുവതിയുടെ പരാമർശമുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തിട്ടില്ല. ഞങ്ങളുടെ ഓണാഘോഷ പരിപാടിയുടെ വീഡിയോയിൽ ആ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് ദുഷ്പ്രചരണം നടത്തുകയാണ്. യഥാര്‍ത്ഥ വീഡിയോ യൂട്യൂബിൽ ലഭ്യമാണ്.“
യൂട്യൂബിൽ നിന്നും പ്രസ്തുത വീഡിയോ ലഭ്യമായി. ഓണാഘോഷത്തിന്‍റെ ഭാഗമായി ന്യൂസ് ജീവനക്കാരെ ഉൾപ്പെടുത്തി പ്രത്യേകമായി സംപ്രേഷണം ചെയ്ത വീഡിയോയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന് 24 ന്യൂസ് ചാനൽ ഓണാശംസകൾ നേരുന്നതും അദ്ദേഹം തിരിച്ച് പ്രേക്ഷകർക്കായി ഓണാശംസകൾ നേരുന്നതുമായ ദൃശ്യങ്ങളുണ്ട്. ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് മാറ്റിയശേഷം യുവതിയുടെ ദൃശ്യങ്ങൾ ചേർത്ത് ദുഷ്പ്രചരണം നടത്തുകയാണ്. വീഡിയോയുടെ 42.45 മിനിറ്റ് മുതൽ ഈ ദൃശ്യങ്ങൾ കാണാൻ സാധിക്കും.
പ്രതിപക്ഷ നേതാവിനെതിരെയുള്ള ഈ വീഡിയോ 2021 മുതല്‍ പ്രചാരത്തിലുണ്ടെന്ന് അന്വേഷണത്തിൽ മനസിലായി. ഇതേ യുവതിയുടെ മറ്റൊരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തന്നെ മുമ്പ് പ്രചരിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെതിരായി പറഞ്ഞ ആരോപണങ്ങളെല്ലാം എറണാകുളത്തെ കോണ്‍ഗ്രസ് നേതാവായ രാജേന്ദ്രപ്രസാദിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് വീഡിയോയിൽ യുവതിയുടെ വിശദീകരിക്കുന്നു.
പ്രതിപക്ഷ നേതാവിനെതിരെ മോശമായ ആരോപണങ്ങൾ ഉന്നയിച്ച യുവതി പിന്നീട് തന്നെക്കൊണ്ട് പ്രേരിപ്പിച്ചു പറയിച്ചതാണ് എന്ന് മറ്റൊരു വീഡിയോയിലൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ ആരോപണത്തിന്‍റെ വീഡിയോ 24 ന്യൂസ് സംപ്രേഷണം ചെയ്തിട്ടില്ല.
നിഗമനം
പോസ്റ്റിലെ വീഡിയോ എഡിറ്റ് ചെയ്തതാണ്. ഓണാഘോഷത്തോട് അനുബന്ധിച്ച് 24 ന്യൂസ് ചാനല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ഓണ വിശേഷങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനിടെ യുവതി പ്രതിപക്ഷ നേതാവിനെതിരെ മോശമായ ആരോപണം ഉന്നയിച്ചു പോസ്റ്റ് ചെയ്ത വീഡിയോ ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ചു എന്ന് വരുത്തി തീർക്കാനായി എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് ഉപയോഗിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:വിഡി സതീശനെതിരെ മോശം ആരോപണം ഉന്നയിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ 24 ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്തുവെന്ന് വ്യാജ പ്രചരണം
Fact Check By: Vasuki SResult: Altered
