അപൂർണമായ വീഡിയോ വെച്ച് ‘ഇന്ത്യക്ക് സൈന്യത്തിൻ്റെ ആവശ്യമില്ല’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം

Misleading Political

ഇന്ത്യക്ക് സേനയുടെ ആവശ്യമില്ല എന്ന് പറയുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ലോകസഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രസംഗിക്കുന്നത് നമുക്ക് കാണാം. അദ്ദേഹം ഹിന്ദിയിൽ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങൾ ഇന്ത്യയുടെ തൊഴിലാളികളെ ഉപയോഗിച്ചാൽ, കർഷകരെ ഉപയോഗിച്ചാൽ, നിങ്ങൾക്ക് ആർമി, നേവി, എയർ ഫോഴ്സ് ആവശ്യമുണ്ടാകില്ല…”. വീഡിയോയിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ പകുതിയിൽ നില്കുന്നു. പോസ്റ്റിൻ്റെ അടിക്കുറിപ്പ്  ഇപ്രകാരമാണ്: 

ഇവരെ പൊട്ടൻ പപ്പു എന്ന് വിളിക്കുന്നതിൽ ഒരു തെറ്റുമില്ല ഇത്തരത്തിൽ വിഡ്ഢിത്തങ്ങൾപുലമ്പുന്ന ആണല്ലോ കോൺഗ്രസ് നേതാവായി സ്വീകരിക്കുന്നത് ”.

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ യുട്യൂബ് ചാനലിൽ ഈ പ്രസംഗത്തിൻ്റെ മുഴുവൻ വീഡിയോ ലഭിച്ചു. 24 ജനുവരി 2021നാണ് ഈ വീഡിയോ യൂട്യൂബിൽ പ്രസിദ്ധികരിച്ചത്. 

വീഡിയോയിൽ തമിഴ്നാട്ടിൽ നെയ്ത്തുകാരെ അഭിസംബോധന ചെയ്യുകയാണ് രാഹുൽ ഗാന്ധി. വീഡിയോയിൽ കാണുന്ന പ്രസംഗം നടക്കുന്നത് 17 മിനിറ്റിന് ശേഷമാണ്. അദ്ദേഹം യഥാർത്ഥത്തിൽ പറഞ്ഞത് ഇങ്ങനെയാണ് : “നിങ്ങൾ (കേന്ദ്ര സർക്കാർ) ചൈനയിൽ  നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താൻ ഉപയോഗിക്കുന്നത് ആർമി, നേവി, എയർ ഫോഴ്സിനെയാണ്. നിങ്ങൾ ഇന്ത്യയുടെ തൊഴിലാളികളെയും, കർഷകരെയും, വർക്കർമാരെയും ഉപയോഗിച്ചാൽ ആർമിയെ അതിർത്തിയിൽ നിർത്തണ്ടേ ആവശ്യമുണ്ടാകില്ല. ഇന്ത്യയെ ആക്രമിക്കാനുള്ള ധൈര്യം ചൈനക്കുണ്ടാകില്ല.”

അങ്ങനെ രാഹുൽ ഗാന്ധി തൊഴിലാളികളെ ശക്തമാക്കാനുള്ള കാര്യമായിരുന്നു പറയുന്നത്. ഇന്ത്യയുടെ തൊഴിലാളികളും, കർഷകരും ശക്തമായാൽ ഇന്ത്യയുടെ സമ്പത്വ്യസ്ഥ ശക്തമാകും. ഇന്ത്യയുടെ സമ്പത്വ്യവസ്ഥ ശക്തമായാൽ ചൈനക്ക് ഇന്ത്യയെ ആക്രമിക്കാനുള്ള ധൈര്യമുണ്ടാകില്ല എന്നാണ് രാഹുൽ ഗാന്ധി പറയുന്നത് നമുക്ക് വീഡിയോയിൽ നിന്ന് മനസിലാക്കാം.

രാഹുൽ ഗാന്ധി തമിഴ്നാട്ടിലെ ഇറോഡിൽ നെയ്ത്തുകാരോട് നടത്തിയ ഈ പ്രസംഗത്തെ കുറിച്ച് ദി മിൻ്റ  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് പ്രകാരവും രാഹുൽ ഗാന്ധി ഇന്ത്യയുടെ ദുർബലമായ സമ്പത്വ്യവസ്ഥയാണ് ചൈനക്ക് ഇന്ത്യയെ ആക്രമിക്കാൻ ധൈര്യം നൽകുന്നത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇതേ കാര്യം നമുക്ക് ANIയുടെ വാർത്തയിലും വായിക്കാം. 

നിഗമനം

ഇന്ത്യക്ക് സേനയുടെ ആവശ്യമില്ല എന്ന് രാഹുൽ ഗാന്ധി പറഞ്ഞു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാഹുൽ ഗാന്ധി യഥാർത്ഥത്തിൽ കർഷകരുടെയും, തൊഴിലാളികളുടെയും ശാക്തീകരണത്തിനെ കുറിച്ചാണ് പറഞ്ഞത്. ശക്തമായ തൊഴിലാളികളും, ശക്തമായ സാമ്പത്തവ്യവസ്ഥയും ഇന്ത്യക്കുണ്ടെങ്കിൽ ഇന്ത്യയെ ആക്രമിക്കാൻ ചൈനക്ക് ധൈര്യമുണ്ടാകില്ല എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്തിൻ്റെ അർഥം. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:അപൂർണമായ വീഡിയോ വെച്ച് ‘ഇന്ത്യക്ക് സൈന്യത്തിൻ്റെ ആവശ്യമില്ല’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം

Fact Check By: Mukundan K  

Result: Misleading