ലോകത്തുള്ള മുഴുവന്‍ മുട്ട പ്രേമികളെയും ആശങ്കപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും വൈറലാകുന്ന പ്രചരണമാണ് പ്ലാസ്റ്റിക് മുട്ട. ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും പ്ലാസ്റ്റിക് മുട്ടയുടെ വീഡിയോകളും ചിത്രങ്ങളും കൂടെക്കൂടെ വരാറുണ്ട്. ലോകമെമ്പാടും ഈ പ്രചരണം നടക്കുന്നുണ്ട്. ഈയീടെ വീണ്ടും അത്തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രചരണം

പ്ലാസ്റ്റിക് മുട്ടകൾ നിർമ്മിക്കുന്ന സ്ഥലത്തു നിന്നും പകര്‍ത്തിയത് എന്ന രീതിയിലാണ് വീഡിയോ കൊടുത്തിളുള്ളത്. പുഴുങ്ങിയ മുട്ട പോലെ തോന്നിക്കുന്ന ഉല്‍പ്പണം സുതാര്യമായ ഉറകളിലേയ്ക്ക് നിറയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇവ യഥാർത്ഥമുട്ടയാണ് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഫേക്ക് മുട്ട ഉണ്ടാക്കുന്നത് കണ്ടോ? പരമാവധി എല്ലാവരിലേയ്ക്കും എത്തിക്കൂ... മുട്ട കഴിക്കുന്നവർ ഒന്ന് സൂക്ഷിച്ചോ...”

FB പോസ്റ്റ് |archived link


എന്നാല്‍ ഇത് വ്യാജ മുട്ട നിര്‍മാണ പ്രക്രിയ അല്ലെന്നും കളിപ്പാട്ടമുണ്ടാക്കുകയാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണവും കൂടാതെ കീ വേര്‍ഡ്സ് തിരയലും നടത്തിയപ്പോള്‍ ഇതേ വീഡിയോ ആധാരമാക്കി 2017 ല്‍ പ്രസിദ്ധീകരിച്ച ചില ചൈനീസ് വാർത്താ ലേഖനങ്ങൾ ലഭ്യമായി. ലേഖനങ്ങളിലെ വിവരണം അനുസരിച്ച്, ഇവ യഥാർത്ഥ മുട്ടകളായി വിൽക്കുന്നുവെന്ന് ആരോപിച്ച് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരണം നടന്നിരുന്നു.

മുട്ടയുടെ ആകൃതിയിലുള്ള കളിപ്പാട്ട നിർമ്മാണമാണ് ഈ ദൃശ്യങ്ങളിൽ കാണിക്കുന്നതെന്നും വ്യാജ മുട്ട നിർമ്മാണമല്ലെന്നും വീഡിയോ വൈറലായതോടെ നാൻജിംഗ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ജിയാങ്‌നിംഗ് ബ്രാഞ്ച് വ്യക്തമാക്കി.


കൂടാതെ, ഈ കളിപ്പാട്ടങ്ങൾ ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്നും അത്തരം ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഈ കളിപ്പാട്ടങ്ങളുടെ സ്‌ക്രീൻഷോട്ട് പങ്കിട്ടതായും ലേഖനങ്ങള്‍ റിപ്പോർട്ട് ചെയ്തു. കളിപ്പാട്ടങ്ങളില്‍ വൈറൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന മുട്ടകൾക്ക് സമാനമായ ലോഗോ കാണാം.


മറ്റ് ചില ചൈനീസ് വാർത്താ വെബ്സൈറ്റുകള്‍ ഇതേ വീഡിയോയിലെ പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈറലായ വീഡിയോയ്ക്ക് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പഴക്കമുണ്ട്. ഈ ദൃശ്യങ്ങൾ യഥാർത്ഥത്തിൽ കളിപ്പാട്ട നിർമ്മാണമാണ് കാണിക്കുന്നത്, പ്ലാസ്റ്റിക് മുട്ടകളല്ല.

ഇത്തരം പ്ലാസ്റ്റിക് മുട്ടകളെന്ന വ്യാജ പ്രചരണത്തെക്കുറിച്ച് നേരത്തെ FSSAI വ്യക്തമാക്കിയിരുന്നു: 2018-ൽ സമാനമായ കിംവദന്തികൾ പ്രചരിച്ചപ്പോൾ, പ്ലാസ്റ്റിക് / വ്യാജ മുട്ടകളെക്കുറിച്ചുള്ള മിഥ്യാധാരണകൾ തകർക്കാൻ FSSAI (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ) മാർഗ്ഗനിർദ്ദേശ കുറിപ്പ് പുറത്തിറക്കി.


പ്ലാസ്റ്റിക് മുട്ടകളോ കൃത്രിമ മുട്ടകളോ വെറും കിവദന്തി മാത്രമാണെന്നും പ്രകൃതിദത്ത മുട്ടയോട് സാമ്യമുള്ള പ്ലാസ്റ്റിക്/കൃത്രിമ മുട്ട ഉൽപ്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമല്ല എന്നുമാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

പ്ലാസ്റ്റിക് മുട്ടയുടെയും പ്ലാസ്റ്റിക് അരിയുടെയും വിഷയങ്ങളിൽ അനാവശ്യ ഭീതി പരത്തുന്ന പ്രചരണങ്ങളെ കുറിച്ചും വ്യാജ വീഡിയോകളെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള നിരുത്തരവാദപരമായ റിപ്പോർട്ടിംഗുകളെക്കുറിച്ചും അഭിപ്രായപ്പെട്ട, എഫ്എസ്എസ്എഐയുടെ അന്നത്തെ സിഇഒ പവൻ അഗർവാൾ, 'ഇത്തരം വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുകയും രാജ്യത്തെ ഭക്ഷ്യ നിയന്ത്രണ സംവിധാനത്തിലുള്ള അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു' എന്നും കൂട്ടിച്ചേര്‍ത്തു.

വ്യാജ മുട്ട എന്ന പ്രചരണം ഏതാനും വര്‍ഷം മുമ്പ് വ്യാപകമായപ്പോള്‍ മുട്ട വില്‍പ്പനയെ ബാധിച്ചുവെന്ന് കട്ടപ്പനയില്‍ കോഴിഫാം നടത്തുന്ന ഒരു വ്യക്തി ഞങ്ങളോടു വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ കുഴപ്പമില്ല, പ്ലാസ്റ്റിക് മുട്ട എന്നൊന്നില്ല. അഥവാ അങ്ങനെയൊന്ന് ഉണ്ടെകില്‍ യഥാര്‍ത്ഥ മുട്ടയേക്കാള്‍ എത്രയോ വില കൂടുതല്‍ കൊടിക്കേണ്ടിവരും. ശരിക്കുള്ള മുട്ട എളുപ്പത്തില്‍ തിരിച്ചറിയാം, മുട്ടയുടെ രൂപം, ഗന്ധം, മുട്ടത്തോടിന്‍റെ ഉപരിതലം എല്ലാം വ്യത്യസ്തമായിരിക്കും. മുട്ടത്തോടില്‍ പാടുകളോ അഴുക്കുകളോ ഉണ്ട്. ചീമുട്ടയുടെ തോട് മിനുസമാർന്നതും ദുർഗന്ധമുള്ളതുമാണ്. യഥാര്‍ത്ഥ മുട്ടകളുടെ തോട് പരുക്കനാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. പ്ലാസ്റ്റിക് മുട്ടകളുടെ നിര്‍മ്മാണത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് യഥാർത്ഥത്തിൽ കുട്ടികൾക്കായുള്ള കളിപ്പാട്ട മുട്ടകളുടെ നിര്‍മ്മാണ വീഡിയോ ആണ്. 2017- മുതല്‍ ഇതേ വ്യാജ പ്രചരണം നടക്കുന്നുണ്ട്. വീഡിയോ വൈറലായപ്പോൾ ചൈനീസ് വാർത്താ പോർട്ടലുകളും FSSAI-യും ഇത് വെറും കിംവടത്തി മാത്രമാണെന്ന് വിശദീകരണം നല്കിയിരുന്നു. .



Claim Review :   യഥാര്‍ത്ഥ മുട്ടയുടെ അപരനായി വിപണിയിലെത്തുന്ന പ്ലാസ്റ്റിക് മുട്ട നിര്‍മ്മാണത്തിന്‍റെ ദൃശ്യങ്ങള്‍
Claimed By :  Social media users
Fact Check :  FALSE