
വിവരണം
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നതിനിടെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പല പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഇത്തരത്തിലെ ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
ശബരിമല പ്രവേശന വിഷയത്തിലൂടെ ശ്രദ്ധേയയായ ബിന്ദു അമ്മിണിയെ സിപിഎം നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ് പ്രചരണം. ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിട്ടുള്ളത്. “ആചാര ലംഘകര്‍ക്കൊപ്പം സിപിഎം. വിശ്വാസികളെ വെല്ലുവിളിച്ച് പാര്‍ട്ടി. ബിന്ദു അമ്മിണിക്ക് സീറ്റ് നല്‍കാന്‍ ആലോചന” ഈ വാചകങ്ങളാണ് അവരുടെ ചിത്രത്തോടൊപ്പം പോസ്റ്റര്‍ രൂപത്തില്‍ പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഉഷാറാവും തുടർ ഭരണം ഉറപ്പിക്കാം. “പറ്റുമെങ്കിൽ അടുത്ത മന്ത്രിസഭയിലെ ദേവസ്വം മന്ത്രി കൂടി ആക്കിയാൽ വളരെ നന്നായിരിക്കും സഖാക്കളെ “ എന്ന അടിക്കുറിപ്പും ഒപ്പമുണ്ട്.

എന്നാല്‍ ഇത് വെറും വ്യാജ പ്രചരണമാണെന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി.
വിശദാംശങ്ങള്‍
ഫേസ്ബുക്കില്‍ പ്രചരണം വളരെ വ്യാപകമാണ്.

ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മാധ്യമങ്ങള്‍ ആരും ഇങ്ങനെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് വ്യക്തമായി. അതിനാല്‍ ഞങ്ങള്‍ ആദ്യം എകെജി സെന്ററുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ഓഫീസ് സെക്രട്ടറി അറിയിച്ചത് ഇത് വെറും വ്യാജ പ്രചരണം ആണെന്നാണ്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കഴിയും എന്ന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു. “ബിന്ദു അമ്മിണിയെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുന്നു എന്നൊക്കെ വെറുതേ വ്യാജ പ്രചരണം നടത്തുകയാണ്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ കുറിച്ച് പാര്‍ട്ടി നേതൃത്വം ചര്‍ച്ച തുടങ്ങാന്‍ ഇരിക്കുന്നതേയുള്ളൂ. ഇതേക്കുറിച്ച് തീരുമാനം ആകുമ്പോള്‍ പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കും. അല്ലാതെയുള്ളതെല്ലാം വ്യാജ പ്രചാരണമാണ്.”
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിന്ദു അമ്മിണിയെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ആലോചിക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

Title:ബിന്ദു അമ്മിണിയെ നിയമ സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന എന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False



