FACT CHECK - തുപ്പല്‍ കോളാമ്പിയും മണ്‍കൂജയുമില്ലെങ്കില്‍ കേരളത്തില്‍ വന്‍കിട വ്യവസായങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞോ? വസ്‌തുത അറിയാം..
വിവരണം
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്‍റെ നിയമസഭയിലെ ഒരു പ്രസംഗത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കിറ്റക്‌സ് കേരളം വിടുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കിറ്റക്‌സിനെ നാടുകടത്തിയതെന്തിന് എന്നതിന് മന്ത്രി പി.രാജീവ് സഭയില്‍ പറഞ്ഞ കാരണങ്ങള്‍ എന്ന പേരിലാണ് ഇപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.
എന്താണ് KITEX ഫാക്ടറിയിൽ കണ്ടെത്തിയ പ്രശ്നമെന്നറിയാമോ ??? അവിടെ വെള്ളം കുടിക്കാൻ അത്യാധുനിക സംവിധാനങ്ങളായ വാട്ടർ കൂളറുകളും ഫിൽറ്ററുകളും ഒക്കെ ഉണ്ടെങ്കിലും ചട്ടമനുസരിച്ചു മൺകൂജയിൽ വേണമത്രെ വെള്ളം കൊടുക്കാൻ... അതില്ലത്രേ പോരാത്തതിന് അത്യാധുനികമായിട്ടുള്ള ടോയ്ലറ്റ് സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും അവിടെങ്ങും ഒരു തുപ്പൽ കോളാമ്പി പോലും ഇല്ലത്രെ !!!! അങ്ങനെ ഉള്ള ഒരു സ്ഥാപനം പൂട്ടിക്കണ്ടേ... നിങ്ങൾ പറ.. എന്ന തലക്കെട്ട് നല്‍കി ജിനേഷ് പദ്മനാഭന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,000ല്‍ അധികം റിയാക്ഷനുകളും 6,200ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരം ചട്ടങ്ങള്‍ പാലിക്കാത്ത് കൊണ്ട് വന്‍കിട വ്യവസായങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ലെന്നാണോ മന്ത്രി പി.രാജീവ് നിയമസഭയില്‍ പ്രസംഗിച്ചത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അന്വേഷിക്കാം.
വസ്തുത വിശകലനം
മന്ത്രി പി.രാജീവിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്തമായ ഭാഗങ്ങള്‍ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. വ്യവസായസൗഹൃദ നയത്തിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ.. എന്ന തലക്കെട്ട് നല്‍കിയാണ് മന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്-
“നിയമങ്ങള്‍ പലതും കൊളോണിയല്‍ കാലഘട്ടങ്ങളിലുള്ളതാണ്. അതുകൊണ്ട് തന്നെ നിയമങ്ങളിലും ചട്ടങ്ങളിലും കാലഹരണപ്പെട്ട ചില വകുപ്പുകളുണ്ട്. ഉദാഹരണത്തിന് അത്യാധുനിക വാട്ടര്‍ കൂളറുകളോ ഫിലറ്റര്‍ സംവിധാനമോ ഉണ്ടെങ്കിലും ചട്ടം അനുസരിച്ച് മണ്‍കൂജയില്‍ തന്നെ വെള്ളം കൊടുക്കണമെന്നതാണ് നിയമം. അത്യാധുനിക ശുചിമുറി സൗകര്യങ്ങളുണ്ടെങ്കിലും തുപ്പല്‍ കോളാമ്പികള്‍ ഉണ്ടായിരിക്കണം. ഇതില്ലെങ്കില്‍ രണ്ട് വര്‍ഷത്തോളം ജെയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ലഭിക്കുക. ഇത് ഇവിടെ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഫാക്‌ടറീസ് ആക്ടിന്‍റെ ഭാഗമായിട്ടുള്ള ചട്ടങ്ങളില്‍ വരുന്നതാണ്. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കാലഹരണപ്പെട്ട ചട്ടങ്ങള്‍ അതുസംബന്ധിച്ച് ക്രോഡീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം കേള്‍ക്കുന്നതിനും മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതിലൂടെ നമുക്ക് നല്ല രീതിയില്‍ കാലികമായ ഒരു നിയമ സംവിധാനം നിലവില്‍ കൊണ്ടുവരാന്‍ കഴിയുമെന്നതാണ്” പി.രാജീവ് നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം. 1.08 മിനിറ്റുകള്‍ ഉള്ള ഈ വീഡിയോയുടെ കേവലം 30 സെക്കന്‍ഡുകള്‍ മാത്രം കട്ട് ചെയ്ത് തെറ്റ്ദ്ധരിപ്പിക്കും വിധം തെറ്റായ ക്യാപ്ഷന്‍ നല്‍കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ഇതോടെ വ്യക്തമായി.
പി.രാജീവിന്‍റെ നിയമസഭയിലെ പ്രസംഗം-
നിഗമനം
വീഡിയോയില്‍ എണ്ണമിട്ട് പറയുന്ന ചട്ടങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും ഇതിന് മാറ്റം വരുത്തുന്നതിനായി ചര്‍ച്ച ചെയ്യാനും അഭിപ്രായങ്ങള്‍ തേടാനും മൂന്നംഗ കമ്മിറ്റിയെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിശദീകരിക്കുന്നതാണ് യഥാര്‍ത്ഥ വീഡിയോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വീഡിയോയുടെ വെറും 30 സെക്കന്‍ഡുകള്‍ മാത്രം കട്ട് ചെയ്ത് തെറ്റ്ദ്ധരിപ്പിക്കും വിധം ക്യാപ്ഷനോടുകൂടി പ്രചരിപ്പിക്കുന്നതാണെന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:തുപ്പല്‍ കോളാമ്പിയും മണ്‍കൂജയുമില്ലെങ്കില്‍ കേരളത്തില്‍ വന്‍കിട വ്യവസായങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False