
രോഗാവസ്ഥകൾ മനുഷ്യനെ പലപ്പോഴും തിരിച്ചറിവിലേക്ക് നയിക്കും. പണമോ പ്രശസ്തിയോ അംഗീകാരങ്ങളോ രോഗത്തെ മറികടക്കാൻ പര്യാപ്തമായവ അല്ലെന്ന് തിരിച്ചറിയുന്നതോടെ ഏതൊരാൾക്കും സ്വഭാവത്തില്‍ ചില മാറ്റങ്ങൾ വന്നു ചേര്‍ന്നതിന്‍റെ കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. പണക്കാരനായിരുന്ന ചൈനയിലെ ഒരു ക്യാൻസർ രോഗിക്ക് ഇത്തരത്തിൽ വന്ന ഒരു തിരിച്ചറിവ് ഉദാഹരണമാക്കി സാമൂഹ്യമാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
ആശുപത്രി വരാന്തയിൽ കാൻസർ രോഗി വലിച്ചെറിഞ്ഞ പണത്തിന്‍റെ ചിത്രമാണ് നല്കിയിട്ടുള്ളത്. അതോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ചൈനയിലെ ഹാർബിൻ പ്രൊവിൻഷ്യൽ ആശുപത്രിയിലാണ് ഈ ചിത്രം എടുത്തത്. ഒരു ബാഗ് നിറയെ പണം ചുമന്ന ഒരു കാൻസർ രോഗി തന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടു, അവൾക്ക് നൽകാൻ ധാരാളം പണമുണ്ട്. എന്നാൽ ക്യാൻസർ അവസാന ഘട്ടത്തിലായതിനാൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു.
അവൾ വളരെ നിരാശപ്പെടുകയും ഡോക്ടറോട് ദേഷ്യപ്പെടുകയും ചെയ്തു. പണം മുഴുവൻ ആശുപത്രിയുടെ ഇടനാഴികയിൽ വാരി എറിഞ്ഞുകൊണ്ടവൾ ആക്രോശിച്ചു ..
“പണമുള്ളതിന്റെ ഉപയോഗമെന്താണ്”
“പണമുള്ളതിന്റെ പ്രയോജനം എന്താണ് “
“പണത്തിന് ആരോഗ്യം വാങ്ങാൻ കഴിയില്ല, പണത്തിന് സമയം വാങ്ങാൻ കഴിയില്ല, പണത്തിന് ജീവൻ വാങ്ങാൻ കഴിയില്ല.” പണം ഉള്ളപ്പോൾ കഷ്ട്ടം അനുഭവിക്കുന്നവരെ കണ്ണ് തുറന്നു നോക്കുക ഇന്നത്തെ ചോരത്തിളപ്പിൽ നാം അഹകരിക്കാതിരിക്കുക നാളെ എന്താകും എന്ന് നമുക്ക് പറയാനാവില്ല
😢😢😢😢
നമുക്ക് സമയവും പണവും ഉള്ളപ്പോൾ നല്ല ആരോഗ്യം നിലനിർത്തുക ..
ആരോഗ്യമാണ് സമ്പത്ത്.
സമ്പത്തിനെക്കാൾ ആരോഗ്യമാണ് പ്രധാനം…..”

ഞങ്ങൾ ചിത്രത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ തെറ്റായ പ്രചരണമാണ് ചിത്രം ഉപയോഗിച്ച് നടക്കുന്നത് എന്ന് വ്യക്തമായി
വസ്തുത ഇങ്ങനെ
ഞങ്ങൾ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം ഉപയോഗിച്ച് നിരവധി വാർത്താമാധ്യമങ്ങളും മറ്റും ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടു. കൂടുതൽ പേരും പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം തന്നെയാണ് നൽകിയിട്ടുള്ളത്. ഫേസ്ബുക്കില്‍ 2020 മുതല്‍ ഇതേ ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാല്‍ കുറച്ചുകൂടി പഴയ ചില ലേഖനങ്ങളിൽ നിന്നും ചിത്രത്തിലെ സന്ദർഭം മറ്റൊന്നാണ് എന്ന സൂചനകൾ ലഭിച്ചു. ചൈനയിലെ ഹാർബിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ഈ സംഭവം നടന്നത്. ജീവിതത്തോട് വെറുപ്പ് തോന്നിയതിനാല്‍ കാന്‍സര്‍ രോഗി പണം വലിച്ചെറിഞ്ഞതല്ല എന്ന് എന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു.

ലഭിച്ച വാർത്തകൾ പ്രകാരം 2014 ആണ് ഈ സംഭവം നടന്നത്. ഹാർബിൻ ആശുപത്രിയിൽ നഴ്സായ യുവതിയെ കാണാൻ അവരുടെ ബോയ്ഫ്രണ്ട് എത്തുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ജൂലൈ 3 ന്, ഇതേ ആശുപാത്രിയില്‍ കാർഡിയോളജിസ്റ്റാണ് ചിത്രം വെയ്‌ബോ എന്ന സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റുചെയ്‌തത്. ഹാർബിൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഫസ്റ്റ് ഹോസ്പിറ്റലിലെ എമർജൻസി റൂമിന്‍റെ ഇടനാഴിയിൽ, രണ്ട് പേർ വഴക്കിട്ടശേഷം പണമടങ്ങിയ ബാഗ് തകർത്തതായി പറയുന്നു. തറയിലാകെ ചിതറി കിടക്കുന്ന നൂറു യുവാൻ കറന്‍സികളുടെ ചിത്രം പോസ്റ്റ് ചെയ്തയുടനെ, വൈറലാവുകയുണ്ടായി. റൂമിൽ ഹാർബിൻ മെഡിക്കൽ യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഹോസ്പിറ്റന്‍റെ എമർജൻസി റൂമിന് മുന്നില്‍ ഇരുവരും തമ്മിൽ വഴക്കിടുകയായിരുന്നു. “ജൂലൈ 3 ന് ഉച്ചതിരിഞ്ഞ്, ഒരു പുരുഷൻ (വിവാഹിതനായ ഒരാൾ) ആശുപത്രി നേഴ്സായ പെണ്‍സുഹൃത്തിനെ കാണാനെത്തി. ബിഎംഡബ്ല്യു സെഡാൻ വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് , കറന്‍സി നോട്ടുകള്‍ അവളുടെ നേരെ എറിഞ്ഞു.” ഇതാണ് ചൈനീസ് മാധ്യമങ്ങള്‍ അറിയിക്കുന്ന വാര്‍ത്ത. 2014 ല്‍ പല ചൈനീസ് മാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു. ഈ ചിത്രമാണ് പിന്നീട് നിരാശനായ കാന്‍സര്‍ രോഗിയുടെ പേരില്‍ പ്രചരിച്ചു തുടങ്ങിയത്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. കാന്‍സര്‍ രോഗം മൂര്‍ഛിച്ചതു മൂലം നിരാശനായ രോഗി ആശുപത്രി വരാന്തയില്‍ വലിച്ചെറിഞ്ഞ കറന്‍സി നോട്ടുകളുടെ ചിത്രമല്ല ഇത്. ആശുപത്രി വരാന്തയില്‍ രണ്ടു വ്യക്തികള്‍ തമ്മില്‍ നടന്ന വഴക്കിനെ തുടര്‍ന്ന് അതിലൊരാള്‍ വലിച്ചെറിഞ്ഞ പണമാണിത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് ചിത്രം ഉപയോഗിച്ച് നടത്തുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഇത് ആശുപത്രി വരാന്തയില്‍ കാന്‍സര്‍ രോഗി വലിച്ചെറിഞ്ഞ പണമല്ല, സത്യമറിയൂ…
Fact Check By: Vasuki SResult: Misleading
