വിവരണം


മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഹിറ്റ് സിനിമയായ ഭീഷ്‌മ പര്‍വ്വത്തില്‍ ഒരു സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി മാറിയിരിക്കുന്നത്. സിനിമയില്‍ തന്‍റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ഫോട്ടോഗ്രാഫറോട് ‘ചാമ്പിക്കോ’ എന്ന് പറയുന്നതാണ് രംഗം. ഇത് സ്കൂളുകളിലും, ഓഫിസുകളിലും, മറ്റ് സ്ഥാപനങ്ങളിലും എല്ലാം ഇരുന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രസകരമായി അനുകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡ്. ഇതെ വീഡിയോ ഒരു മദ്രസ അധ്യാപകനും കുട്ടികളുമായി ചേര്‍ന്ന് ഷൂട്ട് ചെയ്തത് ഏറെ വൈറാലാകുകയും പിന്നീട് വലിയ ചര്‍ച്ചാ വിഷയമായി മാറുകയും ചെയ്തു. അധ്യാപകനെ ചാമ്പിക്കോ വീഡിയോ എടുത്ത് പ്രചരിപ്പിച്ചതിന് പിന്നാലെ മഹല്ല് കമ്മിറ്റി പിരിച്ചു വിട്ടു എന്നതാണ് പ്രചരണം. ഹമല്‍ മുന്ന എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോക്ക് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Video Archived Video

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ പ്രചരിച്ചതിന് പിന്നാലെ മദ്രസാ അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയില്‍ നിന്നും പിരിച്ചു വിട്ടിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത വിശകലനം

മലപ്പുറത്തെ ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ സഹായത്തോടെ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മലപ്പുറം അരിമ്പ്ര പാലത്തിങ്ങല്‍ പള്ളി കമ്മിറ്റിയുടെ കീഴിലുള്ള അല്‍ ഹുദ മദ്രസയിലെ അധ്യാപകനായ ഉസ്‌മാന്‍ ഫൈസിയാണ് വൈറല്‍ വീഡിയോയിലെ ആ അധ്യാപകന്‍ എന്ന് കണ്ടെത്താന്‍ കഴിഞ്ഞു. പള്ളി കമ്മിറ്റി സെക്രട്ടറി വീഡിയോയെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്-

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചു. എന്നാല്‍ ഇത് തെറ്റാണെന്നോ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നോ മദ്രസയിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കളോ ഈ വീഡിയോ കണ്ട മറ്റുള്ളവരോ പരാതിപ്പെട്ടിട്ടില്ല. കുട്ടികളുടെ സന്തോഷത്തിന് വേണ്ടി മാത്രമാണ് അധ്യാപകന്‍ അത്തരത്തിലൊരു രസകരമായ വീഡിയോയ്ക്ക് ഒപ്പം കൂടിയത്. അധ്യാപകനെ പുറത്താക്കിയിട്ടില്ല എന്ന് മാത്രമല്ല അത്തരമൊരു നടപടിയെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല എന്നും സെക്രട്ടറി വ്യക്തമാക്കി. അല്‍ഹുദ മദ്രസയിലെ എട്ടാം തരത്തിലെ കുട്ടികള്‍ക്കൊപ്പമാണ് അധ്യാപകന്‍റെ വൈറല്‍ വീഡിയോ എന്നും അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചു.

നിഗമനം

ചാമ്പിക്കോ എന്ന ഭീഷ്‌മ പര്‍വ്വം സിനിമയിലെ രംഗം അനുകരിച്ചതിന്‍റെ പേരില്‍ മഹല്ല് കമ്മിറ്റി മദ്രസ അധ്യാപകനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന പ്രചരണം വ്യാജമാണെന്ന് മഹല്ല് കമ്മിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:‘ചാമ്പിക്കോ’ വീഡിയോ വൈറലായ ശേഷം മദ്രസ അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: False