
അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായ ICC ചാംപ്യന്‍സ് ട്രോഫി സംഘടിപ്പിച്ചിരിക്കുന്ന പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ശോചനീയാവസ്ഥ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പല നിറത്തിലുള്ള സീറ്റുകള്‍ കാണികള്‍ക്ക് ഇരിക്കാനായി സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പടികളില്‍ വെറുതെ നിരത്തി വച്ചിരിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയമാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇത് ലേഡീസ് ചെരുപ്പിന്റെ ഷോറൂം ഡിസ്‌പ്ലൈ ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക് തെറ്റി!
2025 ചാമ്പ്യൻസ് ട്രോഫി നടത്തുന്ന പാകിസ്ഥാനിൽ റവൽ പിണ്ടി സ്റ്റേഡിയത്തിലെ കാണികൾ ഇരിക്കുന്ന ചെയർ ആണിത്!”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും മല്‍സരങ്ങള്‍ക്കായി തയ്യാറെടുപ്പുകള്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഇരിപ്പിടങ്ങളുടെ ചിത്രമാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഇതേ ചിത്രം പല ഭാഷകളിലും സമാന വിവരണത്തോടെ പങ്കുവച്ചിരിക്കുന്നതായി കണ്ടു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.
തുടര്‍ന്ന് ഞങ്ങള്‍ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് 2025 ന്‍റെ വിശദാംശങ്ങള്‍ തിരഞ്ഞു. ഫെബ്രുവരി 19നാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. പാക്കിസ്ഥാനിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി മല്‍സരങ്ങള്‍ നടക്കും. മല്‍സരങ്ങള്‍ക്കായി സ്റ്റേഡിയത്തില്‍ മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്നും വേണ്ടത്ര കാര്യക്ഷമമായിട്ടല്ല ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്നതെന്നുമുള്ള വിമര്‍ശനങ്ങള്‍ പൊള്ളയാണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നു എന്ന ഉള്ളടക്കവുമായി പല മാധ്യമങ്ങളും വാര്‍ത്ത നല്കിയിട്ടുണ്ട്.
സ്റ്റേഡിയം ഒരുക്കുന്നതിന്‍റെ ദൃശ്യങ്ങളാകാം ഇതെന്ന സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ സ്റ്റേഡിയം നവീകരണത്തിന്‍റെ ഭാഗമായി പുതുതായി എത്തിച്ച ഇരിപ്പിടങ്ങള്‍ പെയിന്‍റ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു യൂട്യൂബ് ചാനലില്‍ നിന്ന് ലഭിച്ചു. പ്രചരിക്കുന്ന ചിത്രത്തിലെ അതേ ഇരിപ്പിടങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം.
റാവല്‍പിണ്ടി സ്റ്റേഡിയത്തിലെ നവീകരണത്തിന്‍റെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ 2025 ജനുവരി 10 നാണ് വീഡിയോ പോസ്റ്റു ചെയ്തിട്ടുള്ളത്. സ്റ്റേഡിയം നവീകരിക്കുന്നതിന്‍റെ മറ്റ് ദൃശ്യങ്ങളും ഇതില്‍ കാണാം.
ടൂര്‍ണമെന്‍റിന് മുമ്പായി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരീക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഫെബ്രുവരി 18 ന് നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മല്‍സരത്തിന് മുന്നോടിയായി പാകിസ്ഥാനിലെ റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യമാണിത്. പാകിസ്ഥാനിലെ റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മല്‍സരം കാണാനെത്തുന്നവര്‍ക്കുള്ള ഇരിപ്പിടങ്ങളുടെ അവസ്ഥ ഇതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:‘പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ശോചനീയാവസ്ഥ’ എന്നു പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം…
Written By: Vasuki SResult: Misleading


