
ഇറാൻ ഹിജാബ് നിർബന്ധമാക്കുന്ന നിയമം റദ്ദാക്കി; ആഘോഷത്തിൽ ഇറാനിയൻ വനിതകൾ തൻ്റെ ഹിജാബുകൾ കത്തിച്ചു നൃത്തം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഇറാനിയൻ വനിതകൾ നൃത്തമാടി ഹിജാബ് കത്തിക്കുന്നത് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“കേരളത്തിൽ അപ്പി കുപ്പായത്തിന് വേണ്ടി ജിഹാദികളും ജിഹാദിനികളും മുറവിളി കൂട്ടുമ്പോൾ… ഇറാനിലെ പെൺകുട്ടികൾ തങ്ങളുടെ മേൽ മതം അടിച്ചേൽപ്പിച്ച അപ്പി കുപ്പായം അഴിച്ച് തീയിൽ വലിച്ചെറിഞ്ഞ് പ്രാചീന, പ്രാകൃത മതത്തിൻ്റെ വേലിക്കെട്ടുകളിൽ നിന്നും പുറത്ത് ചാടുന്ന അതി മനോഹര കാഴ്ച്ചയാണ് ഈ കാണുന്നത്… ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. ഈ ദൃശ്യങ്ങൾ 2022ൽ ഇറാനിൽ ഹിജാബിനെതിരെ നടന്ന പ്രതിഷേധത്തിൻ്റെതാണെന്ന് സി.എൻ.എൻ. 4 ഡിസംബർ 2022ന് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടിൻ്റെ സ്ക്രീൻഷോട്ട് നമുക്ക് താഴെ കാണാം.

വാർത്ത വായിക്കാൻ – CNN | Archived
ഇറാൻ ഹിജാബ് നിർബന്ധം ആക്കുന്ന നിയമം റദ്ദാക്കിയോ എന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ യാതൊരു വാർത്ത ഞങ്ങൾ കണ്ടെത്തിയില്ല. ഇറാനിലെ പ്രാദേശിക മാധ്യമങ്ങളോ ലോക മാധ്യമങ്ങളോ ഇത്തരത്തിൽ യാതൊരു റിപ്പോർട്ട് പുറത്തു വിട്ടിട്ടില്ല. AFP ഹോംഗ് കോങ്ങ് ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇറാനിൽ ഹിജാബ് ഇപ്പോഴും നിർബന്ധമാണ് കൂടാതെ ഇറാനിൻ്റെ നിയമങ്ങളിൽ ഇതിനെ കുറിച്ച് ഒരു മാറ്റവും നിലവിൽ വരുത്തിയിട്ടില്ല എന്ന് ഇവർ കണ്ടെത്തി.
ഈ കിംവദന്തി ഇറാനിലെ പരമോന്നത നേതാവിൻ്റെ ഉപദേശക സമിതിയിലെ ഒരു അംഗം മുഹമ്മദ് റേസബാഹോണർ ഖബർ ഓൺലൈൻ എന്ന ഇറാനിയൻ മാധ്യമത്തിൽ നടത്തിയ ഒരു പ്രസ്താവനയെ തുടർന്നാണ് ഉണ്ടായത്. നിലവിൽ ഇറാനിൽ ഹിജാബ് നിർബന്ധമാക്കുന്ന നിയമമില്ല എന്ന് ഇയാൾ 4 ഒക്ടോബർ 2025ന് പറഞ്ഞിരുന്നു. പക്ഷെ 11 ഒക്ടോബറിന് ഇയാൾ നൽകിയ ഒരു അഭിമുഖത്തിൽ ഈ പ്രസ്താവന ഇയാൾ പിൻവലിച്ചു. ഇറാനിൽ ഹിജാബ് നിർബന്ധമായി ധരിക്കണം എന്ന് ഇയാൾ പറഞ്ഞു.
ഇയാൾ അംഗമായ ഉപദേശക സമിതിയുടെ പ്രവക്താവ് എസ്.എം. ദഹനവി ബാഹോണർ നടത്തിയ ഈ പ്രസ്താവന അയാളുടെ വ്യക്തിപരമായ അഭിപ്രായമാണ് ഉപദേശക സമിതിയുടെ ഇത് അഭിപ്രായമല്ല എന്ന് ഇയാൾ ഒരു ട്വീറ്റിലുടെ അറിയിച്ചു.
ഇറാനിൽ കർശനമായ ഹിജാബ് നിർബന്ധം തുടരുകയാണ്. 15 ഒക്ടോബർ 2025ന് സെൻ്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ പ്രസിദ്ധികരിച്ച റിപ്പോർട്ട് പ്രകാരം ഇറാനിൽ വനിതകൾ ഹിജാബ് ഇല്ലാതെ നടക്കുന്ന ദൃശ്യങ്ങൾ ഇൻ്റ൪നെറ്റിൽ നമ്മൾ കാണുന്നുണ്ടെങ്കിലും ഹിജാബ് നിരോധനം ഇപ്പോഴും തുടരുന്നുണ്ട്. തെഹ്രാനിൻ്റെ പുറത്ത് ചെറിയ നഗരങ്ങളിൽ ഹിജാബ് ധരിക്കാത്ത വനിതകൾക്ക് സേവനം നൽകുന്ന കടകളെ പൂട്ടിപ്പിക്കുന്നുണ്ട്. ഇലക്ട്രോണിക് മാധ്യമത്തോടെയും ചാരന്മാരുടെ വഴിയിലൂടെ ഹിജാബ് ധരിക്കാത്ത വനിതകളുടെ മുകളിൽ നിരീക്ഷണം നടത്തുന്നുണ്ട്.
നിഗമനം
ഇറാൻ ഹിജാബ് നിർബന്ധമാക്കുന്ന നിയമം റദ്ദാക്കി; ആഘോഷത്തിൽ ഇറാനിയൻ വനിതകൾ തൻ്റെ ഹിജാബുകൾ കത്തിച്ചു നൃത്തം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ഇറാനിൽ ഹിജാബ് നിയമം റദ്ദാക്കിയത് ആഘോഷിക്കുന്ന ഇറാനിയൻ വനിതകളുടെ ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False


