
വിവരണം
ഒരു കോവിഡ് പ്രതിരോധം.. കോൺഗ്രസ് വക
ചിത്രം 1:
രാഹുൽ മോനു കെട്ടിപിടിക്കേണ്ട ആൾക്കാരെ മേക്കപ്പ് ഇടിച്ചു വണ്ടിയിൽ കൊണ്ടുവരുന്നു..
ചിത്രം 2:
അവരെ അന്യസംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ വഴിയിൽ ഇരുത്തി രാഹുൽ മോൻ പൊട്ടിക്കരയുന്നു.. കെട്ടിപ്പിടിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി രണ്ട് ചിത്രങ്ങള്‍ ചേര്‍ത്ത ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ മെയ് 22ന് നജീബ് മേത്തര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 355ല്‍ അധികം റിയാക്ഷനുകളും 177ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ രാഹുല്‍ ഗാന്ധിയുടെ അറിവോടെ മേക്ക് അപ്പ് ഇട്ട് കൊണ്ടുവന്നവരാണോ ചിത്രത്തിലുള്ളവര്‍? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആരോപണത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ന്യൂനപക്ഷങ്ങളുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്‍റെ മൈനോറിറ്റി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പരിശോധിച്ചതില്‍ നിന്നും രാഹുല്‍ ഗാന്ധി തെരുവില്‍ കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മേക്ക്അപ്പ് ഇട്ട് കൊണ്ടുവന്നവര്‍ എന്ന ആരോപണവിധേയരാവരുടെ ചിത്രവും ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്. ഡെല്‍ഹിയിലെ സുഖ്ദേവ് വിഹാര്‍ ഫ്ലൈഓവറിന് സമീപം തെരുവീലൂടെ നടന്നു വീടുകളില്‍ എത്താന്‍ കഷ്ടപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നു എന്നതാണ് ട്വീറ്റിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇതുപ്രകാരം സുഖ്ദേവ് വിഹാര്‍, രാഹുല്‍ ഗാന്ധി എന്ന കീവേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തു നോക്കിയതില്‍ നിന്നും ഏഷ്യന്‍ ന്യൂസ് ഇന്‍റര്‍നാഷണല്‍ (എഎന്‍ഐ) വാര്‍ത്ത ഏജെന്‍സിയുടെ ഒരു ട്വീറ്റും ഞങ്ങള്‍ക്ക് ലഭിച്ചു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം കോണ്‍ഗ്രസ് വോളണ്ടിയര്‍മാര്‍ വാഹനങ്ങള്‍ സജ്ജമാക്കി ഇതരസംസ്ഥാന തൊഴിലാളികളെ അവരുടെ വീടുകളില്‍ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തു എന്നുമാണ് എഎന്‍ഐ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മേക്ക് അപ്പ് ഇട്ട് കൊണ്ടുവന്ന് തെരുവില്‍ ഇരുത്തി ജനങ്ങളെ കബളിപ്പിച്ചു എന്ന ആരോപണം എഎന്‍ഐയുടെ ട്വീറ്റ് പരിശോധിച്ചതില്‍ നിന്നും വ്യാജമാണെന്ന് തെളിഞ്ഞു. അതായത് കിലോമീറ്ററുകളോളം നടന്നു വീടുകളില്‍ എത്താന്‍ ശ്രമിച്ച തൊഴിലാളികളെ വാഹനം സജ്ജമാക്കി എത്തിക്കുന്നതിന്‍റെ ഭാഗമായി കാറില്‍ കയറ്റിയ ശേഷമുള്ള ചിത്രമാണ് തെറ്റദ്ധരിപ്പിക്കും വിധം തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് മൈനോറിറ്റി ഡിപ്പീര്‍ട്ട്മെന്‍റിന്‍റെ ട്വീറ്റ്-
For Congress and Shri @RahulGandhi Ji it is the pain that needs to be understood and solved. Shri Rahul Gandhi Ji today interacted with migrant labourers who were walking on Sukhdev Vihar flyover to return to their home states. #RahulCaresForIndia pic.twitter.com/xaAHQRCXOz
— Congress, Minority Department (@INCMinority) May 16, 2020
എഎന്‍ഐയുടെ ട്വീറ്റ്-
Delhi: Congress leader Rahul Gandhi interacted with migrant labourers who were walking near Sukhdev Vihar flyover to return to their home states. Party volunteers later arranged vehicles to take them to their homes. A labourer, Monu says "Coming from Haryana,have to go to Jhansi" pic.twitter.com/SMbnejiZpK
— ANI (@ANI) May 16, 2020
മേക്ക് അപ്പ് നല്‍കി ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് തെറ്റദ്ധരിപ്പിക്കാന്‍ ശ്രമം നടത്തി എന്ന പേരില്‍ പ്രചരിപ്പിച്ചവരുടെ യഥാര്‍ത്ഥ ചിത്രം എഎന്‍ഐ ട്വീറ്റ് ചെയ്തത് (അവര്‍ വീടുകളില്‍ എത്താന്‍ കാറില്‍ ഇരിക്കുന് ചിത്രം) –

നിഗമനം
കിലോമീറ്ററുകള്‍ ദൂരം നടന്ന് വീടുകളില്‍ എത്താന്‍ ശ്രമിച്ച തൊഴിലാളികളെ കാറിലെത്തിക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുക മാത്രമാണ് തെറ്റായ തലക്കെട്ട് നല്‍കി ഇത് പ്രചരിപ്പിച്ചതിലൂടെ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ഇരിക്കുന്ന ചിത്രം നാടകമാണെന്ന് പ്രചരണം, സത്യം ഇതാണ്..
Fact Check By: Dewin CarlosResult: False
