FACT CHECK: മന്ത്രി കെ ടി ജലീല്‍ നടത്തിയ നിയമനങ്ങള്‍ എന്ന പേരില്‍ വ്യാജ പ്രചരണം
വിവരണം
ഇന്നലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് നിങ്ങള്‍ ഇതിനകം കണ്ടുകാണും. മന്ത്രി കെ.ടി. ജലീലിന്റെ മതേതര നിയമനങ്ങള്‍ എന്ന തലക്കെട്ടോടെ ചില വിദ്യാഭ്യാസ വകുപ്പുകളുടെ തലവന്മാരായി നിയമിതരായ മുസ്ലിം സമുദായത്തില്‍ പെട്ടവരുടെ പേരുവിവരങ്ങളാണ് പോസ്റ്റില്‍ ഉള്ളത്.
“NCERT ഡയറക്ടര്‍ ശ്രീ ഹാസിം
DPI ഡയറക്ടര്‍ ശ്രീ ഷാജഹാന്‍
LBS ഡയറക്ടര്‍: ശ്രീ സെയ്ത് മുഹമ്മദ്
VHE ഡയറക്ടര്‍: ശ്രീ അബ്ദുല്‍ റഹിം
സാക്ഷരതാ മിഷന്‍ : ശ്രീ അസലാം കുട്ടി
ഹയര്‍ സെക്കണ്ടറി : ശ്രീ PS മുഹമ്മദ്
ഐ റ്റി സ്കൂള്‍ ഡയറക്ടര്‍: ശ്രീ അന്‍വര്‍ സദാത്ത്
SCA മോനിട്ടരിംഗ് ഡയറക്ടര്‍: ശ്രീ അബ്ദുള്ള പാരപ്പൂര്‍
ഓപ്പണ്‍ സ്കൂള്‍ ഡയറക്ടര്‍: ശ്രീമതി ജലീല മുഹമ്മദ്
ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍: ഡോ. മുബാറക് പാഷ”
എന്നാല്‍ ഡോക്ടര്‍ മുബാറക് പാഷയുടെത് ഒഴികെ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളെല്ലാം തന്നെ തെറ്റാണ്. വിശദാംശങ്ങള്‍ പറയാം
വസ്തുതാ വിശകലനം
സംസ്ഥാന മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പുകള്‍ രണ്ടെണ്ണമുണ്ട്.
- പൊതു വിദ്യാഭ്യാസം
- ഉന്നത വിദ്യാഭ്യാസം
ഇതില്‍ പൊതു വിദ്യാഭ്യാസത്തിന്‍റെ ചുമതല മന്ത്രി പ്രൊ. സി. രവീന്ദ്ര നാഥിനാണ്. ഉന്നത വിദ്യാഭ്യാസം മാത്രമാണ് മന്ത്രി ഡോ. കെ.റ്റി. ജലീലിന്‍റെ മന്ത്രാലയത്തിന് കീഴിലുള്ളത്. അതായത് ഇതില്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൊ. സി രവീന്ദ്ര നാഥിന്‍റെ മന്ത്രാലയത്തിന് കീഴിലാണ്. ഇവയിലെ നിയമനങ്ങളെ കുറിച്ചു പറയാം. വിവരങ്ങള്‍ തന്നത് പ്രൊ. സി രവീന്ദ്ര നാഥിന്‍റെ പേര്‍സണല്‍ സ്റ്റാഫ് അംഗവും പൊതു വിദ്യാഭ്യാസ വകുപ്പ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അധികാരിയുമായ ദിനേശന്‍ മഠത്തിലും മന്ത്രി കെ ടി ജലീലിന്റെ ഓഫീസില്‍ നിന്നും ഡോ. ഷറഫുദ്ദിനുമാണ്. ആണ്.
“SCERT ഡയറക്ടര്‍ ഈ സര്‍ക്കാരിന്‍റെ കാലം മുതല്‍ ഡോ. ജെ പ്രസാദാണ്. കഴിഞ്ഞ നാലര വര്‍ഷമായി അദ്ദേഹം തുടരുന്നു. പോസ്റ്റില്‍ പറയുന്ന ഹാഷിമിനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നിയമിച്ചതായിരുന്നു. നിയമനത്തില്‍ ചില അവ്യക്തതകള്‍ കണ്ടെത്തിയത് മൂലം ഈ സര്‍ക്കാര്‍ ചുമതലയേറ്റപ്പോള്‍ ഹാഷിമിനെ ഒഴിവാക്കുകയാണുണ്ടായത്. DPI എന്നൊരു വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ഇല്ല. ഡിപിഐ, വൊക്കെഷനല്‍ ഹയര്‍ സെക്കണ്ടറി, എല്ലാം പൊതു വിഭ്യാഭ്യാസവകുപ്പിന്റെ കീഴില്‍ ഒറ്റ വകുപ്പാക്കി മാറ്റി. അത് ഇപ്പോള്‍ DGE എന്നാണ് അറിയപ്പെടുന്നത്. അതിന്‍റെ ചുമതല IAS ഉദ്യോഗസ്ഥനായ ജീവന്‍ ബാബുവിനാണ്. അദ്ദേഹം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ DPI ആയിരുന്നു. ഈ സര്‍ക്കാര്‍ അദ്ദേഹത്തെ തലസ്ഥാനത്ത് നിലനിര്‍ത്തി. അതായത് പുതിയ DGE യുടെ ചുമതല അദ്ദേഹത്തിനു തന്നെ നല്‍കി. ഇതില്‍ പറയുന്ന ഷാജഹാന്‍ 2011 കാലത്ത് അതായത് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് DPI ആയിരുന്നു. ഇപ്പോള്‍ അദ്ദേഹം പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ്. അദ്ദേഹവും IAS റാങ്കുള്ള ഉദ്യോഗസ്ഥനാണ്. VHSE, ഹയര്‍ സെക്കണ്ടറി ഇവയ്ക്ക് പ്രത്യേക ഡയറക്ടര്‍ മാര്‍ ഇല്ല എന്ന് പറഞ്ഞുവല്ലോ. ഐടി സ്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് നാലരവര്‍ഷമായി തല്‍ സ്ഥാനത്ത് തുടരുകയാണ്. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ മുതല്‍. ഓപ്പണ്‍ സ്കൂള്‍ എന്ന് പറയുന്നത് SCOOL കേരളയായി മാറി. അതിന്‍റെ ഡയരക്ടര്‍ ഡോ. ഖലീല്‍ ചവ്വ ആണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മുതല്‍ അദ്ദേഹം തന്നെയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കാലാവധി കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം SCOOL കേരളയിലില്ല. ഇപ്പോള്‍ ആ സ്ഥാനത്തേയ്ക്കുള്ള ഇന്റര്‍വ്യൂ നടക്കുകയാണ്. അദ്ദേഹവും അതിലെ ഒരു കാന്‍ഡിഡേറ്റ് ആണ് എന്നുമാത്രം.
പിന്നെ ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറായി നിയമിതനായ ഡോ. മുബാറക് പാഷയുടെ കാര്യം., മന്ത്രിസഭ കൂടി ആലോചിച്ചാണ് തീരുമാനം എടുത്തത്. സാങ്കേതികമായി വകുപ്പ് മന്ത്രിയാണെങ്കിലും മന്ത്രി കെ ടി ജലീലിന് ഭരണഘടനാ പരമായി ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല. അതിനാല്‍ മന്ത്രി ജലീലാണ് നിയമനം നടത്തിയത് എന്ന് പറയുന്നത് വസ്തുതാപരമായി തന്നെ തെറ്റാണ്.
ഓരോ വകുപ്പിന്‍റെയും ഡയരക്ടര്‍ മാരുടെ വിവരങ്ങള്‍ ഓണ്‍ ലൈനില്‍ ലഭ്യമാണ്. ഏതൊരാള്‍ക്കും ഇത് അനായാസം പരിശോധിക്കാന്‍ കഴിയും.
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ എല്ലാം വസ്തുതാപരമായി തെറ്റാണ്. കെ ടി ജലീല്‍ മേല്പറഞ്ഞ നിയമനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിദ്യാഭ്യാസ വകുപ്പുകള്‍ പൊതു വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കീഴില്‍ വരുന്നതാണ്. ഉന്നത വിദ്യാഭ്യാസം മാത്രമാണ് മന്ത്രി കെ ടി ജലീലിന് ഉള്ളത്. അതായത് പോസ്റ്റില്‍ നല്‍കിയിട്ടുള്ളതില്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല മാത്രം. പോസ്റ്റില്‍ നല്കിയിരിക്കുന്നതുപോലെ ഈ ഡയറക്ടര്‍മാരില്‍ ആരെയും ഡോ. ജലീല്‍ നേരിട്ട് നിയമിച്ചതല്ല.
Title:മന്ത്രി കെ ടി ജലീല്‍ നടത്തിയ നിയമനങ്ങള്‍ എന്ന പേരില്‍ വ്യാജ പ്രചരണം
Fact Check By: Vasuki SResult: False