
വിവരണം
കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ബിജെപി വിജയാഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.. എന്ന് ബിജെപി അധ്യക്ഷനും നിയമസഭ തെരഞ്ഞെടുപ്പിലെ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയുമായിരുന്നു കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് എന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി നേരിട്ട ദയനീയ പരാജയത്തെ തുടര്‍ന്ന് ട്രോളുകളില്‍ നിറയുകയാണ് സുരേന്ദ്രന്‍ പങ്കുവെച്ച പോസ്റ്റ് എന്ന പേരിലുള്ള ഈ പ്രചരണം. ശ്രേയസ് പെരുമ്പുഴ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 185ല്‍ അധികം റിയാക്ഷനുകളും 20ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ബിജെപി വിജയാഘോഷങ്ങള്‍ ഒഴിവാക്കുമെന്ന തരത്തില്‍ കെ.സുരേന്ദ്രന്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നോ? എന്താണ് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പേജാണ് ഞങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ സുരേന്ദ്രന്‍ ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മലയാളത്തിലെ മുഖ്യധാരമാധ്യമങ്ങളുടെ വെബ്‌സൈറ്റുകളില്‍ ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള വാര്‍ത്തകളുണ്ടോ എന്നാണ് പരിശോധിച്ചത്. എന്നാല്‍ സുരേന്ദ്രന്‍റെ പോസ്റ്റിനെ കുറിച്ചോ ഇതുമായി ബന്ധപ്പെട്ട ട്രോളിനെ കുറിച്ചോ ഒന്നും തന്നെ വാര്‍ത്തയില്ലെന്നതാണ് വസ്‌തുത.
ഒടുവില്‍ ഞങ്ങളുടെ പ്രതിനിധി കെ.സുരേന്ദ്രന്‍റെ പ്രൈവറ്റ് സെക്രട്ടറിയുമായും ബിജെപി ഔദ്യോഗിക വൃത്തങ്ങളുമായും ഫോണില്‍ ബന്ധപ്പെട്ടു പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ഇത്തരമൊരു പോസ്റ്റ് സുരേന്ദ്രന്‍റെ പേജില്‍ പങ്കുവെച്ചിട്ടില്ലെന്നും ഇതാരോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിഗമനം
കെ.സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രമാണെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ട്രോളുകളില്‍ വൈറലാകുന്ന കെ.സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജം.. സത്യമറിയാം..
Fact Check By: Dewin CarlosResult: False
