FACT CHECK – ബിജെപി ചായ്‌വുള്ളവരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കേണ്ടന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചോ? രമേശ് ചെനന്നിത്തല പക്ഷം അതൃപ്തി അറിയിച്ചോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ബിജെപി ചായ്‌വുള്ളവര ഒഴിവാക്കാന്‍ നിര്‍ദേശം.. പുതിച്ചേരി ആവര്‍ത്തിക്കരുത്.. ഭിന്നാഭിപ്രായം പ്രകടിപ്പിച്ച് ചെന്നിത്തല പക്ഷം.. എന്ന പേരില്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമാണ് ഇതെന്ന് തോന്നിപ്പിക്കും വിധം അദ്ദേഹത്തിന്‍റെ ചിത്രം സഹിതമാണ് പ്രചരണം. വി.ടി.അലി പാലേരി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 121ല്‍ അധികം റിയാക്ഷനുകളും 42ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ രാഹുല്‍ ഗാന്ധി ഇത്തരത്തിലൊരു നിര്‍ദേശം കോണ്‍ഗ്രസ് യോഗത്തില്‍ നല്‍കിയിട്ടുണ്ടോ. അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചോ. ഏത് ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണിത്. വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരണത്തിന്‍റെ വസ്‌തുത അറിയാന്‍ ഞങ്ങളുടെ പ്രതിനിധി എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി.വേണുഗോപാലുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ എഐസിസി തലത്തില്‍ പുരോഗമിക്കുകയാണ്. ഹൈക്കമാന്‍ഡ് ആണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനങ്ങള്‍ സ്വീകരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി ഇത്തരത്തിലൊരു പരാമര്‍ശം നടത്തയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിജെപി ചായ്‌വ് എന്ന പേരില്‍ എതിര്‍പാര്‍ട്ടികള്‍ ബോധപൂര്‍വ്വം വ്യാജ പ്രചരണങ്ങള്‍ പ്രചരിപ്പിക്കുന്നതാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു എന്ന് അവകാശപ്പെടുന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പരിശോധിച്ചതില്‍ നിന്നും ഒറ്റനോട്ടത്തില്‍ ഇത് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വാര്‍ത്തയാണെന്ന് തോന്നുമെങ്കിലും റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ലോഗോ ഉപയോഗിച്ച് സമാനമായ ഫോണ്ടില്‍ റിക്കോര്‍ഡര്‍ എന്ന പേരിലാണ് ചാനലിന് പേര് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായി കാണാം. കൂടാതെ ഇത്തരത്തിലൊരു വാര്‍ത്ത ഏതെങ്കിലും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും യാതൊരു റിസള്‍ട്ടും ലഭിച്ചില്ല.

റിപ്പോര്‍ട്ടര്‍ ചാനല്‍ എന്ന് തോന്നിക്കും വിധം പ്രചരിപ്പിച്ചിരിക്കുന്ന റിക്കോര്‍ഡര്‍ എന്ന വ്യാജ സ്ക്രീന്‍ഷോട്ട്-

നിഗമനം

രാഹുല്‍ ഗാന്ധി എംപി ഇത്തരത്തിലൊരു നിര്‍ദേശം കോണ്‍ഗ്രസ് യോഗത്തില്‍ പറഞ്ഞിട്ടില്ലെന്നും ഇത് തികച്ചും രാഷ്ട്രീയ വിരോധത്തിന്‍റെ പേരില്‍ ചിലര്‍ ബോധ പൂര്‍വവ്വം വ്യാജ പ്രചരണം നടത്തുന്നതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വാര്‍ത്ത എന്ന് തോന്നിപ്പിക്കും വിധമുള്ള വ്യാജ സ്ക്രീന്‍ഷോട്ടാണ് പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ബിജെപി ചായ്‌വുള്ളവരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കേണ്ടന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചോ? രമേശ് ചെനന്നിത്തല പക്ഷം അതൃപ്തി അറിയിച്ചോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False