
വിവരണം
തലയില്‍ തട്ടം ഇടാന്‍ അഭ്യര്‍ത്ഥിച്ച് ആയിഷ സുല്‍ത്താനയ്ക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൂട്ട ഇ-മെയില്‍ അയക്കും.. എന്ന തലക്കെട്ട് നല്‍കി ലക്ഷ്വദ്വീപ് സമര നേതാവായ അയിഷ സുല്‍ത്താനയുടെ ചിത്രവും മുസ്‌ലിം ലീഗ് പതാകയുടെ ചിത്രവും ചേര്‍ത്ത റിപ്പോര്‍ട്ട് ചാനലിന്‍റെ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലപ്പുറം സഖാക്കള്‍ എഫ്‌ബി ഗ്രൂപ്പ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ തൂലിക തൂലിക എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 265ല്‍ അധികം റിയാക്ഷനുകളും 31ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ മുസ്‌ലിം ലീഗ് ലക്ഷദ്വീപ് സമര നേതാവ് അയിഷ സുല്‍ത്താന തട്ടം ഇടണമെന്ന് ആവശ്യപ്പെട്ട് മെയില്‍ ചെയ്ത് പ്രതിഷേധത്തിന് ആഹ്വനം ചെയ്തിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..
വസ്‌തുത വിശകലനം
ആദ്യം തന്നെ റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ്‌ഡെസ്‌കില്‍ ബന്ധപ്പെട്ട് അവര്‍ ഇത്തരമൊരു വാര്‍ത്ത ഓണ്‍ലൈനായി നല്‍കിയിട്ടുണ്ടോ എന്നാണ് ഞങ്ങള്‍ അന്വേഷിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടര്‍ വെബ്‌സൈറ്റിലൊ ഫെയ്‌സ്ബുക്ക് പേജിലോ ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് വെബ്‌ഡെസ്‌കില്‍ നിന്നും മറുപടി ലഭിച്ചു. പിന്നീട് മുസ്‌ലിം ലീഗിന്‍റെ കോഴിക്കോട് സ്ഥിതി ചെയ്യുന്ന ലീഗ് ഹൗസില്‍ ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു- മുസ്‌ലിം ലീഗ് അയിഷ സുല്‍ത്താന തട്ടമിടണമെന്ന് ആവശ്യപ്പെട്ട് മെയില്‍ ചെയ്യുമെന്ന തരത്തില്‍ യാതൊരു ആഹ്വാനവും നടത്തിയിട്ടില്ല. ഇത് രാഷ്ട്രീയ എതിരാളികള്‍ ലീഗിനെതിരെ വ്യാജ പ്രചരണങ്ങള്‍ പടച്ചുവിടുന്നതാണെന്നും ആരും തന്നെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും ലീഗ് പ്രതിനിധി വ്യക്തമാക്കി.
നിഗമനം
ലക്ഷദ്വീപ് സമര നേതാവ് അയിഷ സുല്‍ത്താന തട്ടം ഇടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അയിഷയ്ക്ക് കൂട്ട ഇ-മെയില്‍ അയക്കുമെന്ന പേരിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് വ്യക്തമായി കഴിഞ്ഞു. കൂടാതെ മുസ്‌ലിം ലീഗും ഇത്തരൊമരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:അയിഷ സുല്‍ത്താന തട്ടം ഇടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അയിഷയ്ക്ക് കൂട്ട ഇ-മെയില്‍ അയച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
