പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ രാഹുൽ മാങ്കൂട്ടത്തിനെതിരെ വിമർശനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ എഡിറ്റഡാണ്‌ 

Altered Political

നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശനം നടത്തുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. 

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിക്കുന്നതായി നമുക്ക് കാണാം. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “ഇപ്പോൾ പുറത്ത് വന്ന കേസുകളിൽ ഉത്തരവാദികളായ ആളുകളെ, ഒരു കുഞ്ഞിനോട് ഇത്രയും ക്രൂരമായി ചെയ്ത, ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് സസ്പെൻഡ് ചെയ്തത്? കേരളം അതിശക്തമായി പ്രതിഷേധിച്ചാൽ എത്ര പേരാണ് സങ്കടപെടുന്നത്? ” പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ് : 

“സതീശൻ ജി നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ ആഞ്ഞടിക്കുന്നു 🔥🔥”

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാകുന്നില്ല. വീഡിയോ നോക്കിയാൽ ഈ പ്രസംഗം അദ്ദേഹം നിയമസഭയിൽ നടത്തിയതാണെന്ന് വ്യക്തമാകുന്നു. ഞങ്ങൾ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈയിടെ നടത്തിയ പ്രസംഗങ്ങൾ ഞങ്ങൾ പരിശോധിച്ചു. കേരള പോലീസ് നടത്തുന്ന ക്രൂരതകൾക്കെതിരെ അദ്ദേഹം 16 സെപ്റ്റംബർ 2025ന് നടത്തിയ പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രസ്തുത വീഡിയോ ഈ പ്രസംഗത്തിൻ്റെ വീഡിയോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് വ്യക്തമായി. താഴെ നൽകിയ വീഡിയോ 14:25 മുതൽ കേൾക്കുക. 

14:25 മുതൽ 15:18 വരെ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, “ഇപ്പോൾ പുറത്ത് വന്ന കേസുകളിൽ ഉത്തരവാദികളായ ആളുകളെ കുന്നംകുളം കേസിൽ, ആ ഉത്തരവാദിയായ ഉദ്യോഗസ്ഥന്മാരെ സർവീസിൽ വെച്ചോണ്ടിരിക്കരുത്. ഒരു കുഞ്ഞിനോട് ഇത്ര ക്രൂരമായി ചെയ്ത – അവരെ സർവീസിൽ വെച്ചോണ്ടിരിക്കരുത്. അവരെ സർവീസിൽ നിന്ന് പുറത്താക്കുന്നവരെ ഞങ്ങൾ ഈ സമരം തുടരും…ഞാൻ അവസാനിപ്പിക്കാം. ഞങ്ങൾ ഈ സമരം തുടരും. ഞങ്ങൾക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്, അവരെ സർവീസിൽ നിന്ന് പുറത്താക്കുമോ ഇല്ലയോ എന്നാണ്. അവരെ സംരക്ഷിക്കാനാണ് നിങ്ങളുടെ ഭാവം എങ്കിൽ അതുകൊണ്ടാണ് നിങ്ങൾ ഇത്രയും ദിവസം മൗനം പാലിച്ചത്. അവരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് നിങ്ങൾ. ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് സസ്‌പെൻഡ് ചെയ്തത്? ഈ വിഷ്വൽ പുറത്ത് വന്നപ്പോൾ കേരളം അതിശക്തമായി പ്രതിഷേധിക്കുകയാണ്. എത്ര പേരാണ് സർ സങ്കടപെടുന്നത്….”        

കുന്നംകുളം പോലീസ് മർദനം കേസിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണം എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യഥാർത്ഥത്തിൽ പറയുന്നത്. ഈ പ്രസംഗത്തിൻ്റെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് മാറ്റിയിട്ടാണ് വൈറൽ വീഡിയോ നിർമിച്ചിട്ടുള്ളത്. താഴെ വൈറൽ വീഡിയോയും വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൻ്റെ ആ ഭാഗവും തമ്മിലുള്ള താരതമ്യം നമുക്ക് കാണാം. 

നിഗമനം

നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശനം നടത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ രാഹുൽ മാങ്കൂട്ടത്തിനെതിരെ വിമർശനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ എഡിറ്റഡാണ്‌ 

Fact Check By: Mukundan K  

Result: Altered